Kerala
പനിക്ക് ശമനമില്ല; മെഡി. കോളജുകളില്‍ കൂടുതല്‍ സംവിധാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പനിബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളില്‍ സായാഹ്ന ഒ പികള്‍ ഇന്നലെ പ്രവര്‍ത്തനം തുടങ്ങി.
തൃശൂര്‍ ചേറ്റുപാറയില്‍ എ സി ജോസഫിന്റെ നാലര മാസം പ്രായമായ ആണ്‍കുഞ്ഞ്, കൊല്ലം ഇ എസ് ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറിയവെളിനെല്ലൂര്‍ ശ്രീവത്സത്തില്‍ കെ രാധ (80), കോട്ടയം മൂലവട്ടം പുത്തന്‍പുരയില്‍ അജീഷിന്റെ ഭാര്യ വീണാ രാജന്‍ (34), കോട്ടയം പനച്ചിക്കാട് സ്വദേശി ബീന (32), വടക്കഞ്ചേരി ചേവക്കോട് തോണൂര്‍പൊറ്റയില്‍ മണികണ്ഠന്റെ മകന്‍ അഭിജിത്ത് (രണ്ട്) എന്നിവരാണ് ഇന്നലെ മരിച്ചത്. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് 14,631 പേര്‍ ചികിത്സ തേടി.
ഇവരില്‍ 605 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 57 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്ക് ചിക്കുന്‍ഗുനിയയും സ്ഥിരീകരിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പനി ബാധിച്ച് മരിച്ചവരില്‍ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനിയാണെന്നും ഒരാള്‍ക്ക് എലിപ്പനിയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇക്കാലയളവില്‍ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 9,60,888 ആണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. അതേസമയം, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം പകര്‍ച്ചപ്പനി ബാധിച്ചവര്‍ ഇതില്‍ക്കൂടുതലാണ്. സംസ്ഥാനത്ത് ഇതുവരെ 2,746 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച പനി ബാധിച്ച് മരിച്ച തിരുവനന്തപുരം പാലോട് സ്വദേശി മനാഫി (70) ന്റെത് ഡെങ്കിപ്പനിയാണെന്നും തിരുവനന്തപുരം ആര്യനാട് സ്വദേശി രാജന്റേത് (49) എലിപ്പനിയാണെന്നും വെള്ളിയാഴ്ച മരിച്ച തിരുവനന്തപുരം വെള്ളനാട് സ്വദേശിനി സരസ്വതി (38) യുടെത് ഡെങ്കിപ്പനിയാണെന്നുമാണ് സ്ഥിരീകരിച്ചത്. മെയ്, ജൂണ്‍ മാസത്തില്‍ മാത്രം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ഇന്നലെ പരിശോധന നടത്തിയ 279 പേരിലാണ് 57 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചതില്‍ 34 പേര്‍ തിരുവനന്തപുരം ജില്ലക്കാരാണ്.
ഇടുക്കിയില്‍ എട്ട് പേര്‍ക്കും ആലപ്പുഴയില്‍ നാല് പേര്‍ക്കും എറണാകുളത്ത് രണ്ട് പേര്‍ക്കും പാലക്കാട് അഞ്ച് പേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കും കണ്ണൂരില്‍ മൂന്ന് പേര്‍ക്കുമാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സംശയത്തിന്റെ പേരില്‍ വിവിധ ജില്ലകളിലായി 279 പേര്‍ ചികിത്സ തേടി. എലിപ്പനി സംശയത്തിന്റെ പേരില്‍ നാല് പേരും വിവിധ ജില്ലകളില്‍ ചികിത്സ തേടി. ഹെപ്പറ്റൈറ്റിസ് എ പത്ത് പേര്‍ക്കും ടൈഫോയിഡ് മലപ്പുറത്ത് ഒരാള്‍ക്കും രണ്ട് പേര്‍ക്ക് മലേറിയയും കണ്ടെത്തി. 1925 പേര്‍ തിരുവനന്തപുരം ജില്ലയില്‍ പനിക്ക് ചികിത്സ തേടി.
മറ്റു ജില്ലകളില്‍ ചികിത്സ തേടിയവരുടെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെയും വിവരം ഇപ്രകാരമാണ്. കൊല്ലം- 1,39,855, പത്തനംതിട്ട 97,326, ഇടുക്കി- 42,638, കോട്ടയം-91,622, ആലപ്പുഴ- 82,055, എറണാകുളം- 1,06,435, തൃശൂര്‍- 1,74,939, പാലക്കാട്- 88,759, മലപ്പുറം- 1,52,538, കോഴിക്കോട്- 60,215, വയനാട്- 37,412, കണ്ണൂര്‍- 1,19,018, കാസര്‍കോട്- 78,237. മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.