Palakkad
പ്ലസ്ടു വിജയ ശതമാനം 75.92 മൂന്ന് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിജയശതമാനം

പാലക്കാട്: എസ് എസ് എല്‍ സിക്ക് പിന്നാലെ ഹയര്‍ സെക്കന്‍ഡറിയിലും ജില്ല പിന്നില്‍. കഴിഞ്ഞ മൂന്നു വിദ്യാഭ്യാസ വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ വിജയശതമാനമാണ് ജില്ല ഇക്കുറി രേഖപ്പെടുത്തിയത്. 140 സ്‌കൂളിലെ സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 23,806 പേരില്‍നിന്ന് 18,073 പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. വിജയശതമാനം 75.92.
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 7,257 പേര്‍ പരീക്ഷക്കിരുന്നതില്‍ കേവലം 30.99 ശതമാനത്തിന് മാത്രമേ ഉപരിപഠനത്തിന് യോഗ്യത നേടാനായുള്ളു – 2,249 പേര്‍. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 2011 – 12 ല്‍ 82.6, 2010-11 ല്‍ 76.8 എന്നിങ്ങനെയായിരുന്നു വിജയശതമാനം.
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം 45.97 ആയിരുന്നു വിജയശതമാനം. അതേസമയം സ്‌കൂള്‍ ഗോയിങ്, ഓപ്പണ്‍ സ്‌കൂള്‍ വിഭാഗക്കാരെ ഒന്നായി പരിഗണിച്ചാല്‍ വിജയശതമാനം 65.42 മാത്രമാണ്. രണ്ട് വിഭാഗങ്ങളിലും 31,063 പേര്‍ പരീക്ഷ എഴുതിയതില്‍ 20,322 പേരാണ് ഉപരി പഠന യോഗ്യത നേടിയത്. വിജയ ശതമാനത്തില്‍ കുറവ് വന്നെങ്കിലും ഹയര്‍ സെക്കന്‍ഡറിയില്‍ എ പ്ലസ് നേടിയവരുടെ എണ്ണത്തിലുണ്ടായ വര്‍ധന ജില്ലക്ക് ആശ്വാസമായി. ഇത്തവണ 339 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാന്‍ കഴിഞ്ഞത്. 2011-12ല്‍ ഇത് 201 ആയിരുന്നു.
2010-11ല്‍ 121പേര്‍ക്കും 2009 -10ല്‍ 91 പേര്‍ക്കുമായിരുന്നു എ പ്ലസ്.