Connect with us

Kozhikode

വില്ലേജ് ഓഫീസുകളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രങ്ങളിലേക്ക്: അപേക്ഷകര്‍ക്ക് ദുരിതം

Published

|

Last Updated

കുറ്റിയാടി: വില്ലേജ് ഓഫീസുകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ലഭിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കാന്‍ അക്ഷയ കേന്ദ്രങ്ങളെ ഏല്‍പ്പിച്ച നടപടി ജനങ്ങള്‍ക്ക് ദുരിതമാകുന്നു. അഞ്ച് രൂപ സ്റ്റാമ്പ് ഒട്ടിച്ച് കൊണ്ട് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ ഒരു ദിവസം കൊണ്ട് ലഭിച്ചിരുന്ന പല സര്‍ട്ടിഫിക്കറ്റുകള്‍ക്കും അക്ഷയ സെന്ററുകളില്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇരുപത് രൂപ ഗവ. അനുവദിച്ച സര്‍വീസ് ചാര്‍ജിന് പുറമെ പല അക്ഷയ കേന്ദ്രങ്ങളും പ്രിന്റിംഗ് ചാര്‍ജ്, സ്‌കാനിംഗ് ചാര്‍ജ് എന്നൊക്കെ പറഞ്ഞ് അമിത തുകയാണ് അപേക്ഷകരില്‍ നിന്ന് ഈടാക്കിക്കൊണ്ടിരിക്കുന്നത്.
കുറഞ്ഞത് നൂറ് രൂപയെങ്കിലും കൈവശമില്ലാതെ അക്ഷയകേന്ദ്രങ്ങളില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ആവശ്യത്തിന് വേണ്ട ജീവനക്കാരുടെ കുറവും സാങ്കേതിക പരിചയക്കുറവും അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്. വില്ലേജ് ഓഫീസുകളില്‍ നിന്ന് ഇതുവരെ ലഭിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്നും അമിത തുക ഈടാക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റിയാടി നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.

 

Latest