Ongoing News
പ്രവാസി യുവജനങ്ങള്‍ക്കായി വിദ്യാഭ്യാസ നയം രൂപവത്കരിക്കണം: ആര്‍ എസ് സി

രിസാല സ്‌ക്വയര്‍: ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് ഉപരിപഠനം നടത്തുന്നതിനും അക്കാദമിക് യോഗ്യതകള്‍ കരസ്ഥമാക്കുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസി വിദ്യാഭ്യാസ നയം രൂപവത്കരിക്കണമെന്ന് എസ് എസ് എഫ് പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സവിശേഷ സമ്മേളനം ആവശ്യപ്പെട്ടു.
പഠനം പൂര്‍ത്തീകരിക്കാനാകാതെയും തുടര്‍ പഠനത്തിന് സാധിക്കാതെയും തൊഴില്‍ തേടി നാടു വിടേണ്ടി വന്ന പതിനായിരക്കണക്കിന് യുവാക്കള്‍ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്നുണ്ട്. മികച്ച ജോലികള്‍ കണ്ടെത്തുന്നതിനും സ്ഥാനക്കയറ്റങ്ങള്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ പ്രധാന മാനദണ്ഡമാകുമ്പോള്‍ പഠന സൗകര്യങ്ങളില്ലാത്തതാണ് പ്രവാസികളായ യുവാക്കള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത്. ഗള്‍ഫില്‍ ലഭ്യമായ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങള്‍ അപര്യാപ്തവും ധന ചൂഷണോപാധികളുമാണ്. ബദല്‍ വിദ്യാഭ്യാസ രീതിയാണ് പ്രവാസി ചെറുപ്പക്കാര്‍ക്കായി തയാറാക്കേണ്ടത്. ഗള്‍ഫിലെ ഇന്ത്യന്‍ സ്‌കൂളുകളെ ഏകീകൃത ഭരണ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരികയും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാറുകള്‍ ഏറ്റെടുക്കുകയും വേണം.
ഗള്‍ഫിലുള്ള പ്രവാസികള്‍ക്ക് പി എസ് സി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും ഗള്‍ഫില്‍ വെച്ചു തന്നെ പരീക്ഷയെഴുതുന്നതിനും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നാട്ടിലെത്തിയ ആര്‍ എസ് സി പ്രവര്‍ത്തകരുടെ സവിശേഷ സമ്മേളനം എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പോരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വടകര അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ജന. സെക്രട്ടറി കെ അബ്ദുല്‍ കലാം, രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍, എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സഖാഫി, എ എ ജഅ്ഫര്‍, ടി എ അലി അക്ബര്‍, അബ്ദുര്‍റസാഖ് മാറഞ്ചേരി, എ കെ ഹകീം, ജാബിറലി പത്തനാപുരം സംസാരിച്ചു.