Eranakulam
പ്രതിജ്ഞയുമായി ഇവര്‍ പ്രവര്‍ത്തനവീഥിയിലേക്ക്

രിസാല സ്‌ക്വയര്‍: ധര്‍മസമര പാതയില്‍ നെഞ്ചുറപ്പോടെ പട നയിക്കാമെന്ന പ്രതിജ്ഞയുമായി നാല്‍പ്പതിനായിരം യുവ മുന്നണിപ്പോരാളികള്‍ കര്‍മ രംഗത്തേക്ക്. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ അവര്‍ നന്‍മ നിറഞ്ഞ നല്ലനാളേക്ക് വേണ്ടി സമരമുന്നണിയിലിറങ്ങാനുള്ള പാഠങ്ങളും ആര്‍ജവവും നേടിയെടുത്തു. കലുഷിതമായ സാമൂഹിക പരിസരങ്ങളില്‍ ധാര്‍മികതയുടെ കൈത്തിരിയുമായി തങ്ങളുണ്ടാകുമെന്ന പ്രതിജ്ഞ പതിനായിരങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. രാജ്യത്തിന്റെ ജനാധിപത്യം ഉള്‍ക്കൊള്ളുന്നതോടൊപ്പം അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തില്‍ അടിയുറച്ച് വിശ്വസിച്ച് രാജ്യപുരോഗതിക്കും മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും പ്രവര്‍ത്തിക്കുമെന്നും അധാര്‍മികതക്കെതിരെ എക്കാലവും പ്രതികരിക്കുമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു.
പ്രതിനിധി സമ്മേളനത്തില്‍ അവസാന സെഷന് ശേഷം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ പ്രവര്‍ത്തകര്‍ ഏറ്റുചൊല്ലി. മുന്‍ഗാമികള്‍ പകര്‍ന്നു തന്ന ഇസ്‌ലാമിന്റെ ആശയാടിത്തറ ഇനിയും തനിമയോടെ നിലനിര്‍ത്താന്‍ തങ്ങളല്ലാതെ മറ്റാരുമില്ലെന്ന തിരിച്ചറിവുമായാണ് അവര്‍ രിസാല സ്‌ക്വയറില്‍ നിന്ന് മടങ്ങുന്നത്. മൂന്ന് ദിനങ്ങളിലായി നടന്ന ചര്‍ച്ചകളും സെമിനാറുകളും സംഘടനാ രംഗത്ത് പ്രവര്‍ത്തകര്‍ക്ക് വേറിട്ട ആവേശമാണ് പകര്‍ന്നത്. പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാക്കളുടെ സാന്നിധ്യവും അവരുടെ ജീവിത വഴികളും വരച്ചു ചേര്‍ത്ത സെഷനുകള്‍ പ്രതിനിധികള്‍ക്ക് ഊര്‍ജമേകി. സുന്നി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും ചര്‍ച്ച ചെയ്ത വിഷന്‍ എന്ന സെഷന്‍ കര്‍മഗോദയിലിറങ്ങുന്ന പുതിയ പോരാളികള്‍ക്ക് വിപ്ലവ വീര്യമാണ് സമ്മാനിച്ചത്.
ഇന്നലെകളുടെ പോരാട്ട വീഥിയില്‍ സംഘടനക്ക് ഊടും പാവും നല്‍കിയ നേതൃത്വമായിരുന്നു വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയത്. സമരത്തിന്റെ ഭാവിയും ഭാവിക്ക് വേണ്ടിയുള്ള സമരങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച പ്രസ്ഥാനവഴിയില്‍ അഡ്വ. എ കെ ഇസ്മാഈല്‍ വഫ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി എന്നിവരുടെ ഗതകാല ചരിത്രങ്ങള്‍ അറിയാനുള്ള അവസരമായിരുന്നു. വിപ്ലവ വഴിയില്‍ വിട പറഞ്ഞുപോയവരെ വേദനിക്കുന്ന ഹൃദയങ്ങളോടെയാണ് നേതാക്കള്‍ ഓര്‍ത്തെടുത്തത്. പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയും വളര്‍ന്നു വരികയും ലക്ഷ്യം യാഥാര്‍ഥ്യത്തിലെത്തുകയും ചെയ്യുന്നത് പഴയ തലമുറയില്‍ പെട്ട നേതാക്കളുടെ ധീരമായ നിലപാടുകളുടെ ഫലമായിരുന്നുവെന്ന് എസ് വൈ എസ് സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തീര്‍ത്തും സുതാര്യമാണ്. രഹസ്യ അജന്‍ഡയില്ല. അതുകൊണ്ട് പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കേണ്ട സാഹചര്യം സംഘടനക്കുണ്ടായില്ല.
നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എടുത്ത തീരുമാനങ്ങളൊന്നും തിരുത്തേണ്ടി വരികയോ അഭിപ്രായവ്യത്യാസങ്ങളുയരുകയോ ചെയ്തില്ല എന്നതും ഈ പ്രസ്ഥാനത്തിന്റെ മാത്രം സവിശേഷതയായിരുന്നു. നയ സമീപനം, അച്ചടക്കം, ആസൂത്രണ മികവ് എന്നീ ഘടകങ്ങള്‍ സംഘടനയെ മറ്റ് പ്രസ്ഥാനങ്ങളില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തുന്നു-അദ്ദേഹം പറഞ്ഞു. പ്രസ്ഥാനത്തിന്റെ അസ്തിത്വം നിലനിര്‍ത്താന്‍ കഴിയുന്നത് യാതൊരു പ്രതിസന്ധിയുമില്ലാതെ മുന്നേറാന്‍ കഴിയുന്നതു കൊണ്ടാണ്. ആത്മീയ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തി പകരുന്നു.
മുസ്‌ലിം രാഷ്ട്രീയപാര്‍ട്ടി രണ്ടായി മാറുകയും പണ്ഡിതന്മാരെ ഭിന്നിപ്പിക്കുകയും ചെയ്തപ്പോള്‍ എസ് എസ് എഫിന് പ്രത്യേക നയം രൂപവത്കരിക്കേണ്ടി വന്നു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംഘടയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത് നമ്മുടെ പോരായ്മയായിരുന്നില്ല- വണ്ടൂര്‍ പറഞ്ഞു. പ്രസ്ഥാനത്തിന് വേണ്ടി വിയര്‍പ്പൊഴുക്കി നിതാന്ത ജാഗ്രതയോടെ മുന്നോട്ട് നയിച്ച മുന്‍കാല നേതൃത്വത്തിന് വേദിയില്‍ സമ്മേളന ഉപഹാരം നല്‍കി കൃത്യജ്ഞത രേഖപ്പെടുത്താന്‍ പുതിയ നേതൃത്വം മറന്നില്ല.