Connect with us

Editorial

തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കണം

Published

|

Last Updated

വന്‍ കൊട്ടിഘോഷത്തോടെ നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയും അവതാളത്തില്‍. ഗ്രാമീണ ജനതയില്‍ തൊഴില്‍ സൃഷ്ടിപ്പും അതുവഴി അവരുടെ ജീവിത നിലവാരത്തില്‍ ഉയര്‍ച്ചയും ലക്ഷ്യമാക്കി ഒന്നാം യു പി എ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയിലുടനീളം ക്രമക്കേട് നടക്കുന്നതായി ചൊവ്വാഴ്ച പാര്‍ലിമെന്റില്‍ വെച്ച റിപ്പോര്‍ട്ടില്‍ സി എ ജി ചൂണ്ടിക്കാട്ടുന്നു. അനുവദിച്ച തുക പാഴാക്കല്‍, അംഗീകാരമില്ലാത്ത ജോലികള്‍ ചെയ്യിക്കല്‍, ജോലി ചെയ്തതിലും കൂടുതല്‍ ആളുകളുടെ പേരില്‍ തുക കൈപ്പറ്റല്‍, കൂലി നല്‍കുന്നതില്‍ കാലതാമസം പദ്ധതികള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കല്‍, ഒരു വ്യക്തി ഒരേ സമയത്ത് രണ്ട് സ്ഥലത്ത് ജോലി ചെയ്തായി കാണിക്കല്‍ തുടങ്ങി ക്രമക്കേടുകളുടെ നീണ്ട നിര തന്നെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നുണ്ട്.
ഒരു പദ്ധതിക്ക് ഒന്നാം ഘട്ടമായി നല്‍കിയ തുകയുടെ വിനിയോഗ രീതിയും സുതാര്യതയും ഉറപ്പാക്കിയ ശേഷമാണ് തുടര്‍ന്നുള്ള ഗഡുക്കള്‍ നല്‍കേണ്ടത്. എന്നാല്‍ ആദ്യം നല്‍കിയ തുക വിനിയോഗിക്കാതെ പാഴാക്കിയിട്ടും അത് കണക്കിലെടുക്കാതെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചതായി സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ഷിക പദ്ധതി വിഹിതമായി 14 സംസ്ഥാനങ്ങള്‍ക്ക് 1,26,961 ലക്ഷം കോടി രൂപയോളം അനുവദിച്ചതില്‍ ഒരു ലക്ഷം കോടിയോളം പാഴാക്കുകയുണ്ടായി. 27,792 ലക്ഷം കോടി മാത്രമാണ് ചെലവഴിച്ചത്. ഈ തുകയില്‍ തന്നെ 2252 കോടി വിനിയോഗിച്ചത് അംഗീകാരമില്ലാത്ത ജോലികള്‍ക്കും. 4070 കോടിയുടെ ജോലികള്‍ അഞ്ച് വര്‍ഷമായിട്ടും പാതിവഴിയിലാണെന്നും സി എ ജി ചൂണ്ടിക്കാട്ടുന്നു. ഗ്രാമങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജനം മുഖ്യലക്ഷ്യമായി അവകാശപ്പെടുമ്പോള്‍ അതിനനുസൃതമായല്ല സംസ്ഥാനങ്ങള്‍ക്കുള്ള തുക വീതിച്ചത്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, മഹാരാഷട്ര സംസ്ഥാനങ്ങളിലാണ് ഗ്രാമീണ ദരിദ്രരില്‍ 46 ശതമാനവും. ഈ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത് 20 ശതമാനം ഫണ്ട് മാത്രമാണ്.
ഒരു വ്യക്തിക്ക് വര്‍ഷത്തില്‍ നൂറ് ജോലി വാഗ്ദാനം ചെയ്യുന്ന പദ്ധതിയില്‍ ദിനങ്ങളുടെ എണ്ണം പൂര്‍ത്തീകരിച്ചവര്‍ തുലോംകുറവ്. ഓരോ വര്‍ഷവും ശരാശരി തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യുന്നു. 2009-10ല്‍ ശരാശരി 54 പ്രവൃത്തി ദിവസങ്ങളുണ്ടായിരുന്നെങ്കില്‍ 2010-11ല്‍ 43 ആയി കുറഞ്ഞു. 2009-10ല്‍ 285.59 കോടി പേര്‍ പദ്ധതിക്ക് കീഴില്‍ ജോലി ചെയ്ത സ്ഥാനത്ത് 2010-11ല്‍ 216,34 കോടി പേരാണ് ജോലി ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയോടുള്ള താത്പര്യം ജനങ്ങളില്‍ കുറഞ്ഞുവരുന്നുവെന്നാണിത് കാണിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പദ്ധതി നടത്തിപ്പില്‍ കേരളം മെച്ചമാണെങ്കിലും ക്രമക്കേടുകള്‍ ഇവിടെയും വ്യാപകമായി നടന്നിട്ടുണ്ട്.
ദേശീയ തലത്തില്‍ നേരത്തെ പല തൊഴില്‍ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. അവ വേണ്ടത്ര ഫലപ്രദമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഒന്നാം യു പി എ സര്‍ക്കാറിന്റ അവസാന ഘട്ടത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു പി എ മുഖ്യ ഭരണനേട്ടമായി ചൂണ്ടിക്കാട്ടിയത് ഈ പദ്ധതിയായിരുന്നു. അവരുടെ വിജയത്തിന് ഇത് ഏറെ സഹായകമാകുകയും ചെയ്തു. എന്നാല്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റാന്‍ സഹായകമായ പദ്ധതിയുടെ നടത്തിപ്പില്‍ ദേശീയ ഭരണകൂടവും സംസ്ഥാന ഭരണകൂടങ്ങളും കടുത്ത അനാസ്ഥയാണ് കാണിച്ചതെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തം. തിരഞ്ഞെടുപ്പിനെ അതിജീവിക്കുക മാത്രമായിരുന്നു പദ്ധതി കൊണ്ട് യു പി എയുടെ ലക്ഷ്യമെന്ന സംശയത്തിന്റെ പ്രസക്തി ഇവിടെയാണ്.
സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതികള്‍ക്ക് പിന്നില്‍ കരാറുകാരും ഇടയാളന്മാരുമാണെന്ന വിലയിരുത്തലില്‍ ഈ പദ്ധതിയില്‍ ഇടനിലക്കാരെ ഒഴിവാക്കി ഗ്രാമപഞ്ചായത്തുകള്‍ നേരിട്ടാണ് പ്രവൃത്തികള്‍ നടത്തുന്നത്. എന്നിട്ടും അഴിമതിക്കൊട്ടും കുറവില്ല. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ പകുതിയോളം നിരക്ഷരരായതാണ് ക്രമക്കേടുകള്‍ക്ക് കാരണമായി സി എ ജി ചൂണ്ടിക്കാട്ടുന്നത്. ഗുണഭോക്താക്കള്‍ ഏത് വിഭാഗക്കാരായാലും അഴിമതിമുക്തമായി ഒരു പദ്ധതിയും രാജ്യത്ത് നടപ്പാക്കാനാകില്ലെന്നതാണ് അനുഭവ സത്യം.
സി എ ജി ചൂണ്ടിക്കാണിച്ച ക്രമക്കേടുകള്‍ക്ക് പുറമെ തൊഴിലാളികളെ അലസരും മടിയന്മാരുമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയെന്ന പരാതിയും നിലനില്‍ക്കു ന്നുണ്ട്. പല പ്രവൃത്തികള്‍ക്കും ആവശ്യമായതിന്റെ മൂന്നും നാലും മടങ്ങ് ജോലിക്കാരെയാണ് നിയോഗിക്കുന്നത്. ഇതുകാരണം തൊഴിലാളികള്‍ ജോലിയില്ലാതെ വെറുതെയിരുന്ന് സമയം തള്ളിനീക്കുന്നത് പദ്ധതി പ്രദേശങ്ങളില്‍ പതിവുകാഴ്ചയാണ്. അര മണിക്കൂര്‍ ജോലിക്ക് ഒരു മണിക്കൂര്‍ വിശ്രമമെന്നതാണ് പൊതുവെ തൊഴിലുറപ്പ് പദ്ധതിയില്‍ കണ്ടുവരുന്നത്. അധ്വാനമില്ലാതെ പണം വാങ്ങാന്‍ സാധിക്കുന്നതിനാല്‍ മറ്റു ജോലികള്‍ക്ക് ആളെ കിട്ടാത്ത അവസ്ഥയുമുണ്ട്. അന്യദേശ തൊഴിലാളികളാണല്ലോ ഇപ്പോള്‍ കേരളത്തിന്റെ തൊഴിലുകളില്‍ ബഹുഭൂരിഭാഗവും നിര്‍വഹിക്കുന്നത്. നല്ല ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ബൃഹത്തായ ഈ പദ്ധതിയുടെ ഇത്തരം പോരായ്മകള്‍ പരിഹരിച്ച് കാര്യക്ഷമവും രാജ്യത്തിന്റെ, വിശിഷ്യാ ഗ്രാമീണ ഇന്ത്യയുടെ വികസനത്തിനും പുരോഗതിക്കും ഉപയുക്തമായ വിധത്തില്‍ നടപ്പാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.