Connect with us

Editorial

പറമ്പിക്കുളം, ആളിയാര്‍ കരാറും തമിഴ്‌നാട് നിലപാടും

Published

|

Last Updated

മുല്ലപ്പെരിയാറിന് പിറകെ പറമ്പിക്കുളം, ആളിയാര്‍ പദ്ധതി കരാറിലും തമിഴ്‌നാട് കേരളത്തോട് അവഗണനയും വഞ്ചനയും കാണിക്കുകയാണ്. ഏപ്രില്‍ മുതല്‍ ഈ പദ്ധതിയില്‍ നിന്ന് കേരളത്തിന് തീരെ വെള്ളം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 16 മുതല്‍ ജനുവരി 31 വരയുള്ള ഒന്നര മാസത്തിനിടയില്‍ നല്‍കേണ്ട വെള്ളത്തിന്റെ അളവിലും തമിഴ്‌നാട് ഗണ്യമായ കുറവാണ് വരുത്തിയത്. കരാര്‍ പ്രകാരം ഈ കാലയളവില്‍ 175 കോടി ഘനയടി വെള്ളം നല്‍കേണ്ടതുള്ളപ്പോള്‍ 75 കോടി ഘനയടി മാത്രമാണ് നല്‍കിയത്. ഈ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് പാലക്കാട്, ചിറ്റൂര്‍ മേഖലകളിലെ നെല്‍ കൃഷിയുടെ ഭാവി. വെള്ളം ലഭിച്ചില്ലെങ്കില്‍ കൃഷി പൂര്‍ണമായും ഉണങ്ങുകയും കേരളത്തിന് വന്‍ നഷ്ടം സംഭവിക്കുകയും ചെയ്യും. തുലാവര്‍ഷം ദുര്‍ബലമായതിനാല്‍ ഈ പദ്ധതികളില്‍ വെള്ളം കുറവാണെന്നാണ് കരാര്‍ ലംഘനത്തിന് തമിഴ്‌നാട് പറയുന്ന ന്യായം. എന്നാല്‍ തമിഴ്‌നാടിന് ആവശ്യമുളള വെള്ളം മുടക്കം കൂടാതെ ഇവിടെ നിന്ന് കെണ്ടുപോകുകയും ചെയ്യുന്നു.
പറമ്പിക്കുളം, ആളിയാര്‍ പദ്ധതിയില്‍ നിന്ന് അര്‍ഹമായ വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് കൂടിയാലോചനക്ക് തമിഴ്‌നാട് സന്നദ്ധമായിട്ടുണ്ട്. ചര്‍ച്ചക്കായി ഈ മാസം 28ന് പൊതുമരാമത്ത് മന്ത്രി കെ വി രാമലിംഗത്തിന്റെ നേതൃത്വത്തിലുളള തമിഴ്‌നാട് സംഘം തിരുവനന്തപുരത്തെത്തുന്നുണ്ടെങ്കിലും കരാര്‍ പ്രകാരമുള്ള മുഴുവന്‍ വെള്ളവും ലഭിക്കുമെന്ന പ്രതീക്ഷ കേരളത്തിനില്ല. തത്കാലം നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായേ ഈ ചര്‍ച്ചയെ കാണേണ്ടതുളളു.
കാവേരി നദീജല ട്രൈബ്യൂണലിന്റെ ഉത്തരവനുസരിച്ചു കേരളത്തിന് അനുവദിച്ച ജലം ലഭ്യമാക്കുന്നതിന് ഭവാനി, ശിരുവാണി നദികളില്‍ തടയണ കെട്ടാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെയും തമിഴ്‌നാട് രംഗത്ത് വന്നിട്ടുണ്ട്. ഈ തടയണകള്‍ ഈറോഡ്, കോയമ്പത്തൂര്‍ ജില്ലകളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് തമിഴ്‌നാടിന്റെ പരാതി. തമിഴ്‌നാടിന്റെ എതിര്‍പ്പ് അവഗണിച്ച് തടയണ നിര്‍മിച്ചാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ ഭീഷണി മുഴക്കുന്നു. 28ന് നടക്കുന്ന ചര്‍ച്ചയില്‍ തമിഴ്‌നാട് ഈ പ്രശ്‌നവും ഉന്നയിക്കാന്‍ സാധ്യതയുണ്ട്.
അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മിടുക്കന്മാരാണ് തമിഴ്‌നാട്ടിലെ ഭരണകര്‍ത്താക്കള്‍. കക്ഷിരാഷ്ട്രീയ ഭിന്നത അതിന് തടസ്സമാകാറില്ല. കേരളത്തിന്റെ അവകാശ പോരാട്ടങ്ങളില്‍ യു ഡി എഫ് മുന്‍കൈയെടുത്താല്‍ എല്‍ ഡി എഫും എല്‍ ഡി എഫ് മുന്‍കൈയെടുത്താല്‍ യു ഡി എഫും ഉടക്ക് വെക്കുന്ന അനുഭവമാണ് കണ്ടു വരാറുള്ളത്. എന്നാല്‍ ഡി എം കെയും എ ഐ എ ഡി എം കെയും രാഷ്ട്രീയമായി കടുത്ത ശത്രുതയിലെങ്കിലും സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അവര്‍ ഒറ്റക്കെട്ടായിരിക്കും. കക്ഷിരാഷ്ട്രീയം സംസ്ഥനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയും അവകാശ ലഭ്യതയെയും ബാധിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അത് നേടിയെടുക്കാന്‍ ഏതറ്റം വരെയും അവര്‍ പോകും.
മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉയര്‍ന്നു വന്നിട്ട് പതിറ്റാണ്ടുകളായി. ഇന്നിപ്പോള്‍ കേരളത്തിലെ അഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമായി അത് മാറിയിട്ടും തമിഴ്‌നാടിന് കുലുക്കമില്ല. പുതിയ അണക്കെട്ടിനു വേണ്ടി കാലങ്ങളായി കേരളം മുറവിളി തുടരുകയാണെങ്കിലും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് അനുമതി വാങ്ങിക്കാന്‍ നമ്മുടെ സര്‍ക്കാറുകള്‍ക്കായിട്ടില്ല. പ്രശ്‌നം ഡല്‍ഹിയിലെത്തുമ്പോള്‍, കേന്ദ്ര സര്‍ക്കാറിനെ വരച്ച വരയില്‍ നിര്‍ത്താനാവശ്യമായ പ്രാദേശിക രാഷ്ട്രീയാടിത്തറ അവര്‍ നേടിയെടുത്തിട്ടുണ്ട്. അത്തരമൊരു പ്രാദേശിക രാഷ്ട്രീയ ബലം ഇല്ലാതെ പോയതാണ് കേരളത്തിന്റെ ഗതികേട്.
രാഷ്ട്രീയ സ്വാധീനത്തിന് പുറമെ തമിഴനെ അവഗണിച്ചു ജീവിക്കാന്‍ കേരളീയന് സാധ്യമല്ലെന്ന ബോധ്യവും അവര്‍ക്കുണ്ട്. മലയാളിയുടെ അടുക്കളയില്‍ തീപുകയണമെങ്കില്‍ തമിഴരും കര്‍ണാടകക്കാരും കനിയണം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അരിയും പച്ചക്കറിയും ലഭിച്ചില്ലെങ്കില്‍ നമ്മുട കാര്യം കട്ടപ്പുകയാണ്. കഴിഞ്ഞ വര്‍ഷം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെച്ചൊല്ലി ഇരുസംസ്ഥാനങ്ങളും ഉരസിയപ്പോള്‍ കേരളത്തിലേക്ക് ചരക്കുമായി വരുന്ന വണ്ടികള്‍ തടഞ്ഞുകൊണ്ടായിരുന്നല്ലോ തമിഴര്‍ പ്രതികരിച്ചിരുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കാലത്തോളം ഉഭയകക്ഷി പ്രശ്‌നങ്ങളില്‍ അവരുടെ താത്പര്യങ്ങളെ മാനിക്കുകയല്ലാതെ നമുക്ക് മറ്റെന്ത് വഴി?

 

Latest