Connect with us

Kerala

ടി പി വധം: കൂറുമാറ്റക്കാരുടെ എണ്ണം 45 ആയി

Published

|

Last Updated

കോഴിക്കോട്:ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടശേഷം രണ്ടാം പ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി എന്നിവര്‍ക്കൊപ്പം 82-ാം സാക്ഷി പാനൂര്‍ കിഴക്കെ ചമ്പാട് കുന്നോത്ത് വീട്ടില്‍ സരോജന്‍ ബാറില്‍ ഇരിക്കുന്നതായ മൊബൈല്‍ ദൃശ്യം കോടതി ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ വിചാരണക്കിടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ മൊബൈല്‍ ദൃശ്യം നിഷേധിച്ച സാക്ഷി സരോജന്‍ കൂറുമാറി.

ഇയാളെ കൂടാതെ ഇന്നലെ വിസ്തരിച്ച മറ്റൊരു സാക്ഷിയായ കണ്ണൂര്‍ ജില്ലാ ബേങ്ക് ജീവനക്കാരന്‍ പന്ന്യനൂര്‍ കെ കെ പ്രദീപനും കൂറുമാറി. ഇതോടെ ഇതിനകം വിസ്തരിച്ച 82 സാക്ഷികളില്‍ കൂറുമാറിയവരുടെ എണ്ണം 45 ആയി.
കൊടി സുനിക്കും സംഘത്തിനുമൊപ്പം സാക്ഷി സരോജനും മദ്യപിക്കുന്നത് ഒന്നാം പ്രതി എം സി അനൂപ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുമ്പ് 2012 ഏപ്രില്‍ 24ന് ഉച്ചക്ക് മാഹി പന്തക്കലിലെ ബാറിലിരുന്നാണ് ഇവര്‍ മദ്യപിച്ചത്. പതിമൂന്നാം പ്രതി കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടില്‍ അന്ന് രാവിലെ എത്തിയ കൊടി സുനിയും സംഘവും കൊല നടത്താനുള്ള നിര്‍ദേശം കിട്ടി തിരിച്ചു വരുമ്പോഴാണ് ബാറില്‍ കൂടിക്കാഴ്ച നടത്തിയതെന്ന് പ്രോസിക്യൂഷന്‍ മൊബൈല്‍ ദൃശ്യം കാണിച്ച് വിസ്തരിച്ചെങ്കിലും സരോജന്‍ ഇത് നിഷേധിച്ചു.
നേരത്തെ സരോജന്‍ പോലീസിന് നല്‍കിയ മൊഴി ഇങ്ങനെ: ചമ്പാട്ട് താന്‍ മൊബൈല്‍ കട നടത്തിയിരുന്നു. ഇവിടെ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ ഇടക്കിടെ വരാറുണ്ടായിരുന്നു കിര്‍മാണി മനോജ്. ഇയാള്‍ വഴിയാണ് മുഹമ്മദ് ഷാഫി, കൊടി സുനി, അനൂപ്, വായപ്പടച്ചി റഫീഖ് എന്നിവരെ പരിചയപ്പെടുന്നത്. താനും സുഹൃത്ത് ഷംസുവും ചേര്‍ന്ന് പന്തക്കലിലെ ബാറില്‍ മദ്യപിക്കുമ്പോഴാണ് കിര്‍മാണി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടേക്ക് വന്നത്. ഇവര്‍ക്കൊപ്പം ചേര്‍ന്ന് മദ്യപിച്ചു. ഇതിനിടയിലാണ് അനൂപ് ഫോട്ടോ എടുത്തതെന്നായിരുന്നു പോലീസിന് നല്‍കിയ മൊഴി.
ഇത് പാടെ നിഷേധിച്ച അദ്ദേഹം താന്‍ ഡയബറ്റിക് രോഗിയായതുകൊണ്ട് മദ്യപിക്കാറില്ലെന്നും പ്രോസിക്യൂഷന്‍ കാണിച്ച ഫോട്ടോയില്‍ കാണുന്നത് താനല്ലെന്നും മൊഴി നല്‍കി. കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി എന്നീ പ്രതികളില്‍ ആരെയും സരോജന്‍ കോടതിയില്‍ തിരിച്ചറിഞ്ഞില്ല. ഇതോടെ സരോജനെ കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു.
ചന്ദ്രശേഖരന്റെ കൊലക്കു ശേഷം പോലീസ് അന്വേഷിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്ന് കുഞ്ഞനന്തന്‍ ഒളിവില്‍ പോകാന്‍ ഉപയോഗിച്ചെന്ന് പറയുന്ന പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിലെ കെ എല്‍ 13 ഡി 6190 നമ്പര്‍ ബൊലേറോ ജീപ്പ് വടകര പോലീസ് ക്യാമ്പില്‍ താന്‍ ഹാജരാക്കിയെന്ന മൊഴിയാണ് ഇന്നലെ വിസ്തരിച്ച കെ കെ പ്രദീപന്‍ തിരുത്തിയത്.
ഇത് സംബന്ധിച്ച് പോലീസ് മൊഴി എടുത്തിട്ടില്ല. ഏരിയാ സെക്രട്ടറി കെ കെ പവിത്രന്‍ ഉള്‍പ്പടെയുള്ള പാനൂരിലെ സി പി എം നേതാക്കളെ ആരേയും തനിക്ക് അറിയില്ല. കണ്ണൂര്‍ ജില്ലാ ബേങ്ക് മുന്‍ പ്രസിഡന്റും സി പി എം നേതാവുമായ ഹരീന്ദ്രനെ പരിചയമുണ്ട്. ഇയാള്‍ അയല്‍വാസിയാണ്. ഇയാളുടെ വാഹനത്തില്‍ ചിലപ്പോഴെല്ലാം ഡ്രൈവറായി പോയിട്ടുണ്ട്. ഒരിക്കല്‍ ഹരീന്ദ്രനുമായി പോകുമ്പോള്‍ വാഹനത്തിനു നേരെ ബി ജെ പി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞിരുന്നു. ഈ കേസ് ഇപ്പോഴും തലശ്ശേരി കോടതിയില്‍ നടക്കുന്നുണ്ടെന്നും പ്രദീപന്‍ പറഞ്ഞു.
സുഹൃത്തിന്റെ അച്ഛന്‍ കണ്ണംവെള്ളി കുമാരനെ പോലീസ് അറസ്റ്റ് ചെയ്തതറിഞ്ഞ് അയാളെ ജാമ്യത്തിലെടുക്കാന്‍ വടകരയില്‍ എത്തിയപ്പോള്‍ വെള്ളക്കടലാസ് തന്ന് അതില്‍ ഒപ്പിടാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യം തയ്യാറാക്കാനായിരിക്കുമെന്ന ധാരണയിലാണ് താന്‍ ഇതില്‍ ഒപ്പിട്ടത്. പി കെ കുഞ്ഞനന്തനെ ആദ്യമായി കോടതിയില്‍ വെച്ചാണ് കാണുന്നത്. ടി പി കേസിലെ 55-ാം പ്രതിയായ ശ്യാംജിത്തിനെ തനിക്ക് അറിയില്ലെന്നും താന്‍ സി പി എം പ്രവര്‍ത്തകനല്ലെന്നും പ്രദീപന്‍ പറഞ്ഞു.

Latest