Connect with us

Ongoing News

പശ്ചിമഘട്ടത്തെ രണ്ടായി തിരിക്കണമെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്

Published

|

Last Updated

  • അതിരപ്പള്ളി പദ്ധതിക്ക് നിലവില്‍ അനുമതി നല്‍കാനാകില്ല


ന്യൂഡല്‍ഹി:പശ്ചിമ ഘട്ടത്തെ പരിസ്ഥിതി, ജനവാസ മേഖല എന്നിങ്ങനെ രണ്ടായി തിരിക്കണമെന്നും അതിരപ്പിള്ളി പദ്ധതി ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്നും മാധവ് ഗാഡ്ഗില്‍ കമ്മീഷനെ കുറിച്ച് പഠനം നടത്തിയ ഡോ. കെ കസ്തൂരിരംഗന്‍ സമിതി കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് സമര്‍പ്പിച്ചു. ആകെയുള്ള പശ്ചിമ മേഖലയുടെ 37 ശതമാനം മാത്രമേ പരിസ്ഥിതിദുര്‍ബല പ്രദേശമായി പരിഗണിക്കേണ്ടതുള്ളൂ. പശ്ചിമഘട്ടമാകെ പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശ തള്ളിക്കൊണ്ടാണ് ഈ നിര്‍ദേശം. കൂടുതല്‍ കൃത്യമായ സാറ്റലൈറ്റ് മാപ്പിംഗ് ഉപയോഗിച്ച് ഈ പ്രദേശമാകെ പരിശോധിച്ചാണ് കൃഷി സ്ഥലങ്ങളും തോട്ടങ്ങളും മനുഷ്യവാസ കേന്ദ്രങ്ങളും കമ്മിറ്റി വേര്‍തിരിച്ചത്. ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യേണ്ടെന്നും കീടനാശിനി നിരോധിക്കേണ്ടെന്നും കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ, സമിതിയുടെ കണ്ടെത്തലുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിന് ഇ മെയിലായി അയച്ചു കൊടുത്തിരുന്നു. പശ്ചിമഘട്ടത്തെ പരിസ്ഥിതിപ്രധാന മേഖല, ജനവാസ മേഖല എന്നിങ്ങനെ രണ്ട് മേഖലകളായി തരം തിരിക്കണം.
മാധവ് ഗാഡ്ഗില്‍ സമിതിയുടെ ശിപാര്‍ശ പശ്ചിമഘട്ടത്തെ മൂന്ന് മേഖലകളായി തിരിക്കണമെന്നായിരുന്നു. പശ്ചിമഘട്ടത്തില്‍ 60,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി വരുന്ന 37 ശതമാനവും അതീവ പരിസ്ഥിതി മേഖലയില്‍പ്പെടുത്താവുന്നതാണ്. ഇതില്‍ തന്നെ 90 ശതമാനവും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് കസ്തൂരിരംഗന്‍ സമിതി കണ്ടെത്തിയിരിക്കുന്നത്. ഗാഡ്ഗില്‍ സമിതിയുടെ കാതലായ നിര്‍ദേശങ്ങളില്‍ പലതിനോടും കസ്തൂരിരംഗന്‍ സമിതി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിരപ്പിള്ളി പദ്ധതിയില്‍ പരിസ്ഥിതി നാശത്തേക്കാള്‍ സാമ്പത്തിക ലാഭം ഉണ്ടാകുമെന്ന യാഥാര്‍ഥ്യം ജനങ്ങളെയും മറ്റും ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയണം. നിലവിലെ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ സാധിക്കില്ല. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് സംരക്ഷണ അതോറിറ്റി സ്ഥാപിക്കണമെന്ന ആവശ്യം കസ്തൂരിരംഗന്‍ സമിതി തള്ളിക്കളഞ്ഞു. പശ്ചിമഘട്ട പ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം. പ്രാദേശിക അടിസ്ഥാനത്തില്‍ വില്ലേജുകള്‍ക്ക് ഇതിനുള്ള അധികാരം നല്‍കണമെന്നും സമിതി പറയുന്നു. പരിസ്ഥിതി മേഖലയായി തരംതിരിക്കുന്ന പ്രദേശത്ത് ഖനനം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുവദിക്കാന്‍ പാടില്ല. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ കീടനാശിനികള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന ഗാഡ്ഗില്‍ സമിതിയുടെ നിര്‍ദേശത്തെയും കസ്തൂരിരംഗന്‍ സമിതി തള്ളി.
കേരളത്തിലുടനീളം 123 പരിസ്ഥിതിദുര്‍ബല പ്രദേശങ്ങള്‍ ഉള്ളതായി ക്‌സതൂരിരംഗന്‍ സമിതി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഇടുക്കി ജില്ലയില്‍ മാത്രം 48 പരിസ്ഥിതിദുര്‍ബല പ്രദേശങ്ങള്‍ ഉണ്ട്. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ 13, പീരുമേട് എട്ട് തുടങ്ങിയവയാണ് കസ്തൂരിരംഗന്‍ സമിതി കണ്ടെത്തിയിരിക്കുന്നത്.
പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ പശ്ചിമ ഘട്ട മലനിരകളെ കുറിച്ച് പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് വിവാദമുയര്‍ത്തുകയും ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന വിമര്‍ശം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഡോ. കസ്തൂരിരംഗന്‍ സമിതിയെ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് പഠിക്കാനായി നിയോഗിച്ചത്. കസ്തൂരിരംഗന്‍ അടക്കം പത്ത് പേരാണ് സമിതിയിലുള്ളത്.

Latest