Connect with us

Articles

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍

Published

|

Last Updated

ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ചു എന്ന ഒറ്റകാരണം കൊണ്ടാണ് പി ജെ ജോസഫ് ജല വിഭവ റഗുലേറ്ററി അതോറിറ്റി ബില്ലിന് രൂപം കൊടുത്തത്. വെള്ളക്കരം നിശ്ചയിക്കാന്‍ ഒരു സ്വതന്ത്ര അതോറിറ്റി-ഇതായിരുന്നു സുപ്രധാന വ്യവസ്ഥ. എന്നാല്‍ യൂദാസ്, പിശാച്, കര്‍ഷകദ്രോഹി തുടങ്ങി ബില്ലും മന്ത്രിയും കേട്ട പഴികള്‍ക്ക് കയ്യും കണക്കുമുണ്ടായില്ല. കുടിവെള്ളം വില്‍പ്പനചരക്കാക്കുകയാണ് ജോസഫിന്റെ ബില്ലിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ കുറ്റപത്രം. തടസ്സവാദത്തില്‍ തുടങ്ങി നിരാകരണവും ഭേദഗതിയും അവതരിപ്പിച്ചു കഴിഞ്ഞിട്ടും മന്ത്രി ബില്‍ പിന്‍വലിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷം വിളിച്ചുചോദിച്ചു. അതിന്റെ ലക്ഷണങ്ങളൊന്നും കാണാതിരുന്നതോടെ തുടര്‍ചര്‍ച്ച ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടു.
1986 ലെ വാട്ടര്‍ അതോറിറ്റി ആക്ടിലെ വ്യവസ്ഥകളുമായൊന്നും പുതിയ ബില്‍ പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു എ കെ ബാലന്റെ തടസ്സവാദം. സ്വകാര്യവത്കരണ ത്തിനുള്ള സിയാല്‍ മോഡല്‍ കമ്പനി നിര്‍ദേശവുമായി കൂട്ടിച്ചേര്‍ത്ത എ കെ ബാലന്‍ വിഷയം ക്രമപ്രശ്‌നമാക്കി. കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ രാജു എബ്രഹാം വരെ വിഷയത്തിലിടപെട്ടതോടെ പ്രശ്‌നത്തിലെ തീര്‍പ്പും വൈകി.
പ്രകൃതി നിയമത്തെ തന്നെ ജോസഫിന്റെ നിയമം വെല്ലുവിളിക്കുന്നുണ്ടെന്നായിരുന്നു മുല്ലക്കര രത്‌നാകരന്റെ കണ്ടെത്തല്‍. വായുവിനും വെള്ളത്തിനും വിലയിടാന്‍ മന്ത്രിക്കെന്നല്ല, ആര്‍ക്കും അധികാരമില്ല. അതിനാല്‍ നിയമത്തിന് ഒരു സാധൂകരണവുമില്ലെന്നും അദ്ദേഹം സ്ഥാപിച്ചു. നിയമം അവതരിപ്പിക്കാന്‍ പോയിട്ട് ഇങ്ങനെയൊന്ന് കൊണ്ടുവരാന്‍ പോലും പാടില്ലെന്നായി ജി സുധാകരന്‍. ഭൂമിയും ആകാശവും വായുവും വെള്ളവും അഗ്നിയുമെല്ലാം പഞ്ചഭൂതങ്ങളുടെ ഭാഗമാണ്. അതിനൊന്നും വില ഇടാന്‍ ഒരു മന്ത്രിക്കും ആരും അവകാശം നല്‍കിയിട്ടില്ലെന്നും സുധാകരന്‍.
ജലത്തില്‍ വിഷം കലക്കിയ യൂദാസ് എന്ന അപഖ്യാതി ഒഴിവാക്കാന്‍ മന്ത്രി ബില്‍ പിന്‍വലിക്കുന്നതാണ് ഉചിതമെന്ന് വി എസ് സുനില്‍കുമാര്‍ നിര്‍ദേശിച്ചു. ദൈവവിശ്വാസിയാണ് മന്ത്രിയെങ്കിലും ബില്ലിന് പിന്നില്‍ ഒരു പിശാചുണ്ട്. ഐ എം എഫിന്റെയും വേള്‍ഡ് ബേങ്കിന്റെയും അലുവാലിയയുടെയും പൈശാചികതയാണ് നിയമത്തില്‍ നിഴലിക്കുന്നതെന്നും സുനില്‍കുമാര്‍.
ബീവറേജസിന് മുന്നില്‍ മദ്യത്തിന് ക്യൂ നില്‍ക്കും പോലെ കുടിവെള്ളത്തിന് ക്യൂ നില്‍ക്കുന്ന ദുരിതകാലം മുല്ലക്കര രത്‌നാകരന്‍ ഓര്‍ത്തു. എന്നാല്‍, ശ്വസിക്കാനുള്ള വായു തന്നെ സിലിണ്ടന്‍ഡറില്‍ വാങ്ങേണ്ട ഗതികേടുണ്ടാകുമോയെന്ന ഭീതിയിലാണ് സുനില്‍.
ഹരിതവാദികള്‍ ബില്ലിനെ കുറിച്ച് എന്തുപറയണമെന്ന് സുനില്‍കുമാര്‍ ആഗ്രഹിച്ചതോടെ ടി എന്‍ പ്രതാപന്‍ ഇടപെട്ടു. ബില്ലിലെ നിര്‍ദേശങ്ങളില്‍ പലതിനോടും വ്യക്തിപരമായ വിയോജിപ്പും പ്രകടിപ്പിച്ചു. അങ്ങനെയെങ്കില്‍ അഞ്ച് ഹരിതവാദികള്‍ സഭയിലുള്ള സാഹചര്യത്തില്‍ നാല് പേരുടെ ഭൂരിപക്ഷമുള്ള സര്‍ക്കാറിന് ബില്‍ അവതരിപ്പിക്കാന്‍ അവകാശമില്ലെന്നായി കോടിയേരി ബാലകൃഷ്ണന്‍. വോട്ടിനിടുമ്പോള്‍ എല്ലാവരും അനുകൂലിക്കുമെന്ന് ബെന്നി ബഹ്‌നാന്‍ പ്രതാപനെ തിരുത്തി. അപ്പോഴും കര്‍ഷകസ്‌നേഹിയും ദൈവവിശ്വാസിയുമായ മന്ത്രി ബില്‍ പിന്‍വലിച്ച് പോകുമെന്ന ശുഭാപ്തി വിശ്വാസമായിരുന്നു ജോസ് തെറ്റയിലിന്.
കുംഭമേളയുടെ ഭാഗമായി നദിയില്‍ മുങ്ങി പുണ്യം നേടുന്നതാണ് അന്യ സംസ്ഥാനങ്ങളിലെങ്കില്‍ കേരളത്തില്‍ മണല്‍ വാരാന്‍ നദിയില്‍ മുങ്ങി പാപം നേടുകയാണെന്ന് കെ എന്‍ എ ഖാദര്‍ നിരീക്ഷിച്ചു. ബില്‍ അനിവാര്യമെങ്കിലും അതിലെ നിര്‍ദേശങ്ങളോടെല്ലാം വി ഡി സതീശന്‍ വിയോജിച്ചു. കുടിവെള്ളം സ്വകാര്യവത്കരിക്കാന്‍ ആദ്യ ഉത്തരവിറക്കിയത് സുശീലാഗോപാലന്‍ വ്യവസായ മന്ത്രിയായ കാലത്താണെന്നും സതീശന്‍. ഇന്തോ-അമേരിക്കന്‍ സംയുക്ത സംരംഭമെന്ന നിലയിലായിരുന്നു പദ്ധതിയെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. വെള്ളത്തിന് വേണ്ടി നടക്കാന്‍ പോകുന്ന യുദ്ധങ്ങളിലേക്ക് പി ശ്രീരാമകൃഷ്ണന്‍ ശ്രദ്ധ ക്ഷണിച്ചു.
ഗള്‍ഫ് യുദ്ധം നടന്നത് എണ്ണക്ക് വേണ്ടി മാത്രമായിരുന്നില്ല. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളിലെ വെള്ളത്തിന് വേണ്ടി കൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ആശങ്കയാണ് ശൂന്യവേളയില്‍ അടിയന്തര പ്രമേയത്തിന് വിഷയമാക്കിയത്. പ്രശ്‌നം വഷളാക്കരുതെന്ന മുന്‍കൂര്‍ ഉത്തരവ് സ്പീക്കര്‍ നല്‍കിയതിനാല്‍ മിതത്വം പാലിച്ചായിരുന്നു അടിയന്തര പ്രമേയം. വിഷയം ഉന്നയിച്ച കെ വി അബ്ദുല്‍ഖാദര്‍ മിനിമം ഡിമാന്‍ഡ് മുന്നോട്ടു വെച്ചു. സമഗ്രമായ കുടിയേറ്റ നിയമം വേണം. മടങ്ങുന്നവരെ പുനരധിവസിപ്പിക്കണം. രണ്ട് നാവികര്‍ക്ക് വേണ്ടി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാത്തുകെട്ടി നിന്നതെങ്കിലും ഓര്‍മ വേണം. പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത് പോലെ എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് കൂട്ടിയതിനെയും ഖാദര്‍ കടന്നാക്രമിച്ചു.

Latest