Connect with us

Business

സെന്‍സെക്‌സ് ഉയര്‍ന്നിട്ടും രാജ്യത്ത് നിക്ഷേപ താത്പര്യം കുറഞ്ഞു

Published

|

Last Updated

സ്വകാര്യ ബേങ്കിംഗ് ഓഹരികളിലും സോഫ്റ്റ്‌വെയര്‍ ഓഹരികളിലും നിലനിന്ന ഉയര്‍ന്ന നിക്ഷേപ താത്പര്യം സാമ്പത്തിക വര്‍ഷത്തെ അവസാന വാരത്തില്‍ നിഫ്റ്റിയെയും സെന്‍സെക്‌സിനെയും 0.5 ശതമാനം പ്രതിവാര നേട്ടത്തിലേക്ക് ഉയര്‍ത്തി. രാജ്യം നിറങ്ങളുടെ ഉത്സവാഘോഷത്തില്‍ മുഴങ്ങി നിന്നതിനാല്‍ വിപണിയില്‍ നിക്ഷേപ താത്പര്യം പൊതുവേ കുറവായിരുന്നു. വാരാന്ത്യത്തിലെ ദുഃഖവെളളി അവധി കൂടി വന്നതോടെ വിപണി അവധിയുടെ ആലസ്യത്തിലാണ്ടു.
ഇടപാടുകാര്‍ വിപണിയില്‍ നിന്ന് അകന്നു മാറിയ ഈ വേളയില്‍ വലിയ ബാധ്യതകള്‍ക്ക് പൊതുവേ ആരും താത്പര്യം കാണിച്ചില്ല. സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്ന രാഷ്ട്രീയ ഭീഷണിയും നിഫ്റ്റി മാര്‍ച്ച് സീരീസ് സെറ്റില്‍മെന്റും വിപണിയുടെ സമ്മര്‍ദം വര്‍ധിപ്പിച്ചു.
18600-18900 എന്ന റേഞ്ചില്‍ സഞ്ചരിച്ച ബി എസ് ഇ സൂചിക വാരാന്ത്യ ക്ലോസിംഗില്‍ 18836 ലാണ്. നിഫ്റ്റി 0.5 ശതമാനം നേട്ടത്തില്‍ 5683 ല്‍ വിപണനം അവസാനിച്ചു. സോഫ്റ്റ് വെയര്‍ ഓഹരികളിലും സ്വകാര്യ ബേങ്കിംഗ് ഓഹരികളിലും അനുഭവപ്പെട്ട നിക്ഷേപ താത്പര്യമാണ് വിപണിയുടെ നില ഭദ്രമാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക കമ്മി അടിവെച്ചു കയറുകയാണ്.
കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള മൂന്നാം ക്വാര്‍ട്ടര്‍ പ്രവര്‍ത്തന ഫലങ്ങള്‍ മാസമധ്യത്തോടെ പുറത്തു വരും. ഏപ്രില്‍ 12 ന് ഇന്‍ഫോസിസാണ് ആദ്യ ഫലം റിലീസ് ചെയ്യുന്നത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മെറ്റല്‍, എഫ് എം സി ജി ഓഹരികളില്‍ നിക്ഷേപകര്‍ താത്പര്യം പുലര്‍ത്തി. ഓട്ടോ മേഖലക്ക് കഴിഞ്ഞ വാരം തിരിച്ചടി നേരിട്ടു. പാസഞ്ചര്‍ കാര്‍ മേഖലയിലെ വില്‍പ്പന കുറഞ്ഞതും ഇന്ധന വിലക്കയറ്റവും ഓട്ടോ ഓഹരികളുടെ കരുത്തു ചോര്‍ത്തി.
ഒ എന്‍ ജി സി, എച്ച് ഡി എഫ് സി ബേങ്ക്, കോള്‍ ഇന്ത്യ, എച്ച് ഡി എഫ് സി, ഹിന്‍ഡാല്‍ക്കോ, ടി സി എസ്, എന്‍ ടി പി സി, ഐ സി ഐ സി ഐ ബാങ്ക് എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചു. ഹീറോ മോട്ടോ കോര്‍പ്പ്, റിലയന്‍സ്, ടാറ്റാ സ്റ്റീല്‍, എല്‍ ആന്റ് ടി, മാരുതി സുസുക്കി എന്നിവയില്‍ കനത്ത തോതില്‍ വില്‍പ്പന നടന്നു. ആഗോള വിപണികള്‍ പലതും നേട്ടത്തിന്റെ പാതയിലാണ് .
രാജ്യത്തെ കറണ്ട് അക്കൗണ്ട് കമ്മി ഉയരുന്നതു നിക്ഷേപ മേഖല ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. കമ്മി മൂന്നാം പാദത്തില്‍ 6.7 ശതമാനം ഉയര്‍ന്നു 3260 കോടിയിലുമാണ്. രണ്ടാം പാദത്തില്‍ ഇത് 5.4 ശതമാനമായിരുന്നു. ഈ വാരം എച്ച് എസ് ബി സി മാനുഫാക്ച്ചറിംഗ് ഇന്‍ഡക്‌സ് പുറത്തുവരും. മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകളുമായി ഈ വാരം ഓട്ടോ സിമെന്റെ ് കമ്പനികളും രംഗത്ത് എത്തും.
സൈപ്രസ് പ്രതിസന്ധികള്‍ അയഞ്ഞതോടെ ആഗോള വിപണികള്‍ പലതും നേട്ടത്തിന്റെ പാതയിലാണ്. അമേരിക്കയില്‍ ഡൗ ജോണ്‍സ് സുചിക സര്‍വകാല റെക്കോര്‍ഡ് നിലവാരത്തിലാണ്.

Latest