Connect with us

Kozhikode

പൈപ്പ് നന്നാക്കിയില്ല; മടവൂര്‍ ഭാഗത്ത് ജലവിതരണം മുടങ്ങി

Published

|

Last Updated

കൊടുവള്ളി: രൂക്ഷമായ വേനലില്‍ കിണറുകള്‍ വറ്റിത്തുടങ്ങിയതോടെ നാട്ടിന്‍പുറങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ വേളയില്‍ പൊട്ടിയ പൈപ്പ് നന്നാക്കാന്‍ ജല അതോറിറ്റി നടപടി സ്വീകരിക്കാത്തതിനാല്‍ മടവൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ചയോളമായി. ജല അതോറിറ്റി കൊടുവള്ളി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ കീഴില്‍ കൊട്ടക്കാവയല്‍ കുടിവെള്ള വിതരണ പദ്ധതിയുടെ പാലോറമല വാട്ടര്‍ ടാങ്കില്‍ നിന്ന് മടവൂര്‍ പഞ്ചായത്തിലേക്കുള്ള മെയിന്‍ പൈപ്പ് ലൈനാണ് ഒരാഴ്ച മുമ്പ് ആരാമ്പ്രം അങ്ങാടിയില്‍ പൊട്ടിയത്. പൈപ്പ് പൊട്ടി ജലം പരന്നൊഴുകി ആരാമ്പ്രം അങ്ങാടിയില്‍ മെയിന്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പൈപ്പ് പൊട്ടിയ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അവര്‍ തിരിഞ്ഞുനോക്കാന്‍ പോലും സന്മനസ്സ് കാണിച്ചില്ലെന്നാണ് പരാതിയുണ്ട്. ടാറിംഗ് റോഡില്‍ കുഴിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പധികൃതര്‍ അനുമതി നല്‍കുന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ആരാമ്പ്രം അങ്ങാടിക്കും ചക്കാലക്കലിനുമിടയില്‍ പൈപ്പ് പൊട്ടല്‍ സ്ഥിരമായതിനാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടാറിംഗ് നടത്തിയ പടനിലം – നന്മണ്ട റോഡാകെ തകര്‍ന്നിരിക്കയാണ്. പൈപ്പ് പൊട്ടിയ ഭാഗത്ത് പി ഡബ്ല്യു ഡി അനുമതി നല്‍കിയാല്‍ തന്നെ സിമന്റ് ഉപയോഗിച്ച് ഓട്ടയടക്കല്‍ മാത്രം നടത്തുന്നതിനാലാണ് വീണ്ടും പൈപ്പ് പൊട്ടാനിടയാവുന്ത്. പൊട്ടിയ “ഭാഗത്ത് ഒരു കഷ്ണം പൈപ്പ് ഉപയോഗിച്ച് കൂട്ടിച്ചേര്‍ക്കുക പോലും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യറാവുന്നില്ല. ഒരാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയത് നൂറുകണക്കിന് വരുന്ന ഗുണഭോക്താക്കളെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. കിണറില്ലാത്ത പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. കിണറുകളില്‍ ജലവിതാനം താഴ്ന്നതിനാല്‍ കിണറുള്ളവരുടെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല. പ്രശ്‌നത്തിന് അടിയന്തര നടപടി വേണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

---- facebook comment plugin here -----

Latest