Connect with us

Sports

എഫ് എ കപ്പ് -ചെല്‍സിക്കും സിറ്റിക്കും വിജയം; ആഴ്‌സണല്‍ പുറത്ത്‌

Published

|

Last Updated

ലണ്ടന്‍: എഫ് എ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബ്രെന്‍ഡ് ഫോര്‍ഡിനെ കീഴക്കി ഗംഭീര വിജയത്തോടെ അഞ്ചാം റൗണ്ടിലേക്ക് മുന്നേറി. മാഞ്ചസ്റ്റര്‍ സിറ്റിയും ഗോള്‍ മഴ പെയ്യിച്ച് വിജയം പടിച്ചു. അതേ സമയം ആഴ്‌സണല്‍ ബ്ലേക്‌ബോണിനോട് എതിരില്ലാത്ത ഒറ്റ ഗോളിന് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്കുള്ള വഴി കണ്ടു.
ആദ്യ പാദ പോരാട്ടത്തില്‍ 2-2ന്റെ സമനിലയുമായി കഷ്ടിച്ച് രക്ഷപ്പെട്ട ചെല്‍സിയെ ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ അനുവദിക്കാതെ പിടിച്ചു കെട്ടുന്നതില്‍ ബ്രെന്‍ഡ് ഫോര്‍ഡ് വിജയിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ തിരിച്ചടിച്ചാണ് നിലവിലെ ചാമ്പ്യന്‍മാര്‍ ആദ്യ പകുതിയിലെ കോട്ടം തീര്‍ത്തത്. ഇടവേള കഴിഞ്ഞ് പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ ഗോള്‍ വരള്‍ച്ചക്ക് വിരാമമിട്ട് ജുവാന്‍ മാറ്റയാണ് സ്‌കോറിംഗിന് തുടക്കം കുറിച്ചത്. പിന്നീട് വഴിക്ക് വഴിക്ക് ഗോള്‍ പിറന്നു. 68ല്‍ ഓസ്‌കാറും 71ല്‍ ഫ്രാങ്ക് ലാംപാര്‍ഡും വല ചലിപ്പിച്ചു. പരുക്ക് മാറി ആദ്യ ഇലവനില്‍ ഇടം പിടിച്ച നായകന്‍ ജോണ്‍ ടെറി 81ാം മിനുട്ടില്‍ നാലാം ഗോള്‍ സ്വന്തം പേരിലെഴുതി പട്ടികക്ക് വിരമാമിട്ടു. 71ാം മിനുട്ടില്‍ വല ചലിപ്പിച്ച ലാംപാര്‍ഡ് ചെല്‍സിയുടെ ജേഴ്‌സിയില്‍ 199ാം ഗോളാണ് നേടിയത്.
മാഞ്ചസ്റ്റര്‍ സിറ്റി സെര്‍ജിയോ അഗ്യെറോ നേടിയ ഇരട്ട ഗോള്‍ മികവില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ലീഡ്‌സിനെ കീഴടക്കുകയായിരുന്നു. യായ ടൂറെ, ടെവസ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.
ബ്ലാക്‌ബേണിനോട് നാണംകെട്ട തോല്‍വി വഴങ്ങി ആഴ്‌സണല്‍ എഫ് കപ്പില്‍ നിന്ന് പുറത്തായി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ഗണ്ണേഴ്‌സ് തോല്‍വി വഴങ്ങിയത്. കാസിംകാസിം 72ാം മിനുട്ടില്‍ നേടിയ ഒറ്റ ഗോളാണ് ആഴ്‌സണലിന്റെ വിധിയെഴുതിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രതീക്ഷക്ക് വകയില്ലാതെ പരുങ്ങുന്ന ആഴ്‌സണലിന് നാളെ നടക്കുന്ന ചാമ്പ്യന്‍സ് ലീഗിലെ ബയേണ്‍ മ്യൂണിക്കുമായുള്ള മത്സരം അഭിമാനപ്പോരാട്ടമായി മാറുകയാണ്. സീസണില്‍ ഒറ്റ കിരീടവുമില്ലെന്ന മഹാ നാണക്കേടാണ് എഫ് എ കപ്പിലെ പുറത്ത് പോകലിലൂടെ ആഴ്‌സണലിനെ തുറിച്ച് നോക്കുന്നത്. അതിനാല്‍ അവര്‍ക്ക് ആകെയുള്ള കച്ചിത്തുരുമ്പായി മാറുകയാണ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടം. താരങ്ങള്‍ കളിയോട് ആത്മാര്‍ഥത പുലര്‍ത്തണമെന്ന് പരിശീലകന്‍ ആഴ്‌സന്‍ വെംഗര്‍ തുറന്നടിച്ചു.
ലിവര്‍പൂളിന് ജയം
ഇംഗ്ലീഷ് പ്രമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. സ്വാന്‍സീ സിറ്റിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മുക്കിയാണ് ലിവര്‍പൂളിന്റെ കുതിപ്പ്. വിജയികള്‍ക്കായി നായകന്‍ ജെറാര്‍ഡ്, സുവാരസ്, സ്റ്റുറിഡ്ജ്, കൗട്ടീഞ്ഞോ, ഹെന്റിക്വെ എന്നിവരാണ് സ്‌കോര്‍ നേടിയത്.

Latest