Connect with us

National

നിയന്ത്രണ രേഖയിൽ സുരക്ഷക്കായി ഇനി വനിതാ സൈനികരും

Published

|

Last Updated

അസം| ഇന്ത്യൻ സൈനിക ചരിത്രത്തിൽ ആദ്യമായി നിയന്ത്രണ രേഖയോട് ചെർന്ന പ്രദേശങ്ങളിലെ സുരക്ഷക്കായി വനിതാ സൈനികരെ നിയമിച്ചു. വടക്കൻ കശ്മീരിലെ താംഗ്ധർ സെക്ടറിലെ പാകിസ്താൻ അതിർത്തിയിലാണ് സുരക്ഷാ ചുമതലകൾക്കായി വനിതാ സൈനികരെ വിന്യസിച്ചത്. അർധസൈനിക വിഭാഗമായ അസം റൈഫിൾസിൽ നിന്നുള്ള മുപ്പതോളം വനിതാ സൈനികരെയാണ് ഡെപ്യൂട്ടേഷനിൽ നിയോഗിച്ചിരിക്കുന്നത്.

10,000 അടി ഉയരത്തിൽ സാധനാ ചുരത്തിന് മുകളിൽ നിയന്ത്രണരേഖയിലേക്കുള്ള ചെക്ക്‌പോസ്റ്റുകളിലാണ് വനിതാ സൈനികരെ വിന്യസിച്ചിരിക്കുന്നത്. ക്യാപ്റ്റൻ ഗുർസിമ്രാൻ കൗറിനാണ് നേതൃത്വ ചുമതല. രാജ്യത്തെ ഏറ്റവും പഴയ അർധസൈനിക വിഭാഗമായ അസം റൈഫിൾസിന്റെ ഭാഗമാണ് റൈഫിൾ വുമൺ.

സാധനാ ചുരം വഴി മയക്കുമരുന്ന്,വ്യാജ കറൻസി, അയുധങ്ങൾ എന്നിവ അനധികൃതമായി കടത്തുന്നുണ്ടോയെന്ന് പരിശോധിക്കലും ഇവരുടെ ചുമതലകളിൽ പെടുന്നു. നിയന്ത്രണരേഖക്ക് സമീപം തംഗ്ധാർ, തിത്വാൾ പ്രദേശങ്ങൾക്കിടയിൽ 40ഓളം ഗ്രാമങ്ങൾ ഉള്ളതിനാൽ ഇവിടുത്തെ സുരക്ഷക്ക് വളരെ പ്രാധാന്യമുണ്ട്.

13 ലക്ഷത്തോളം സൈനികരുള്ള ഇന്ത്യൻ കരസേന വിഭാഗത്തിൽ ഓഫീസറായി മാത്രമാണ് ഇതുവരെ വനിതകളെ നിയമിച്ചിരുന്നത്. കഴിഞ്ഞ വർഷം മുതലാണ് മിലിട്ടറി പോലീസ് വിഭാഗത്തിൽ സാധാരണ സൈനികരായി (ജവാൻ) സ്ത്രീകളെ തിരഞ്ഞെടുത്തത്. അമ്പതോളം വരുന്ന ഇവർ നിലവിൽ പരിശീലനത്തിലാണ്. എന്നാൽ, കരസേനയുടെ ഇൻഫൻട്രി, ആർട്ടിലറി, മെക്കാനൈസ്ഡ് ഇൻഫൻട്രി തുടങ്ങിയ സായുധവിഭാഗങ്ങളിൽ വനിതകളെ നിയമിക്കാറില്ല.

Latest