Connect with us

Kerala

സ്വര്‍ണക്കടത്ത്; സി ബി ഐ അന്വേഷണത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തില്‍ കടിച്ച് തൂങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിന് പൂര്‍ണ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ രാജിവെക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ശിവശങ്കറിനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഇനിയും എന്ത് തെളിവാണ് മുഖ്യമന്ത്രിക്ക് വേണ്ടതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

മുഖ്യമന്ത്രിയും ശിവശങ്കറും തമ്മിലുള്ള ദുരൂഹ ഇടപാടുകള്‍ ഓരോന്നായി പുറത്തുവരുകയാണ്. നാല് വര്‍ഷം മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിച്ചായാളാണ് ശിവശങ്കര്‍.
സ്വര്‍ണക്കടത്ത് പ്രതികളുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ട്. കേസില്‍ സംസ്ഥാനം നാണംകെട്ടിരിക്കുകയാണ്. ഇപ്പോള്‍ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നു. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഇതിന് മുഖ്യമന്ത്രിയെ താന്‍ വെല്ലുവിളിക്കുകയാണ്. കള്ളക്കടത്തിന് നേതൃത്വം കൊടുക്കുന്ന, കുറ്റവാളികളെ സംരക്ഷിക്കുന്ന ഇതുപോലത്തെ ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായില്ല.

കള്ളക്കടത്തുകാരുടെ കട ഉദ്ഘാടം ചെയ്തത് വഴി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സംസ്ഥാന നിയമസഭയുടെ അന്തസ് കളഞ്ഞു കുളിച്ചു. സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരും. കിറ്റ് വാങ്ങലാണ് മന്ത്രി ജലീലിന്റെ പണിയെന്നും ചെന്നിത്തല പരിഹസിച്ചു. സര്‍ക്കാറിന്റെ അഴിമതി രേഖകള്‍ 27ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പുറത്തുവിടും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം യു ഡി എഫ് ശക്തമാക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Latest