Connect with us

Ongoing News

സംസ്ഥാന ബജറ്റ് നാളെ: മദ്യ വരുമാന വർധനവ് ലക്ഷ്യമിട്ട് കർമ പദ്ധതി

Published

|

Last Updated

തിരുവനന്തപുരം | പിണറായി സർക്കാറിന്റെ അഞ്ചാമത്തെയും തന്റെ 11ാം മത്തെയും ബജറ്റ് ധന മന്ത്രി ഡോ. തോമസ് ഐസക് നാളെ നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചരത്തിൽ വരുമാനം ഉയർത്താനുള്ള കർമപദ്ധതിയാകും പ്രധാനമായും ബജറ്റിലിടം പിടിക്കുക. മദ്യവില വർധിപ്പിച്ച് വരുമാനം കൂട്ടാനുള്ള സാധ്യതയാണ് സർക്കാർ പ്രഥമമായി പരിഗണിക്കുന്നത്. മദ്യത്തിന്റെ നികുതി ഘടനയിൽ മാറ്റം വരുത്തിയായിരിക്കും വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക. ഇതോടൊപ്പം മൂല്യവർധിത നികുതി അടക്കമുള്ള നികുതി കുടിശ്ശിക സമാഹരിക്കാൻ പുതിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉൾപ്പെടെ പ്രഖ്യാപിക്കും.

അടുത്ത വർഷം ജി എസ് ടി വരുമാനം നഷ്ടപരിഹാര പരിധിക്ക് മുകളിലേക്ക് ഉയരാനുള്ള കർമപദ്ധതിയും ബജറ്റിലുണ്ടാകും. ജി എസ് ടി റിട്ടേൺ പരിശോധനയും നികുതി വെട്ടിപ്പ് തടയലും ശക്തമാക്കാനുള്ള പരിപാടിയും ബജറ്റിൽ ഇടം പിടിക്കും. സാമൂഹിക, ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിലെ ഇരട്ടിപ്പും അനധികൃത പെൻഷൻ വാങ്ങുന്നതും അവസാനിപ്പിച്ച സാഹചര്യത്തിൽ പെൻഷൻ പദ്ധതിയുടെ പുനഃസംഘടനയും ബജറ്റിൽ പ്രതീക്ഷിക്കാം. പഞ്ചായത്തീരാജിനും അധികാര വികേന്ദ്രീകരണത്തിനും 25 വർഷം തികയുന്നതിന്റെ ഊന്നലും നാല് വർഷത്തെ സർക്കാർ പ്രവർത്തനങ്ങളും ബജറ്റ് അവലോകനം ചെയ്യും. കിഫ്ബി മുന്നോട്ടുവെക്കുന്ന പദ്ധതികളുടെ പൂർത്തീകരണ ലക്ഷ്യവും ബജറ്റിന്റെ ഭാഗമാകും.

വാറ്റിൽ നിന്ന് ലഭിക്കാനുള്ള വൻ കുടിശ്ശിക ലഭിച്ചാൽ സംസ്ഥാന ഖജനാവിന് നിലവിലെ സാഹചര്യത്തിൽ വൻ ഉത്തേജനമാകും. നേരത്തേ വാറ്റ് കുടിശ്ശിക പിരിക്കുന്നത് ജി എസ് ടി നഷ്ടപരിഹാരത്തിൽ തട്ടിക്കിഴിക്കുന്ന കേന്ദ്ര നിലപാടുമൂലം നിർബന്ധിത കുടിശ്ശിക സമാഹരണ നടപടി സംസ്ഥാനം ഒഴിവാക്കിയിരുന്നു. എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ നിരീക്ഷിക്കും. പെൻഷൻ പ്രായം വർധിപ്പിക്കില്ല.
ചെലവ് ചുരുക്കാൻ കർശന നിർദേശങ്ങളുണ്ടാകും. ജീവനക്കാരെ പുനർവിന്യസിക്കും. സംസ്ഥാനത്തിന്റെ വരുമാന നഷ്ടം മറികടക്കാൻ 15,323 കോടി രൂപ 15ാം ധനകാര്യ കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. ഈ പണം ലഭിച്ചാൽ കേരളത്തിന്റെ പ്രതിസന്ധി നിഷ്പ്രയാസം തരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സർക്കാറാണ്. കേന്ദ്ര ധനവിഹിതവും സഹായവും കടമെടുപ്പ് അവകാശവും കുറയുന്ന സാഹചര്യത്തിലാണ് ബജറ്റ് എന്നത് ശ്രദ്ധേയമാണ്. എന്നാൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളെ പിണക്കാതെ കൈകാര്യം ചെയ്യുന്നതാകും ഈ വർഷത്തെ ബജറ്റ്. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായതോടെയാണ് പുതിയ വരുമാന മാർഗം കണ്ടെത്തുകയെന്ന പ്രധാന വെല്ലുവിളി സർക്കാറിന് ഏറ്റെടുക്കേണ്ടി വന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest