ഇരുണ്ട കാലത്തെ ഓര്‍മകള്‍

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജനത ബാബരി മസ്ജിദ് സംബന്ധിച്ച ചരിത്രപരമായ സ്മരണകളെ കൈയെത്തിപ്പിടിക്കാനും അതിനെ വിശകലനം ചെയ്യാനും അനിവാര്യമായും ശ്രമിക്കേണ്ടതുണ്ട്.
Posted on: November 21, 2019 12:13 pm | Last updated: November 22, 2019 at 12:16 pm

ആപത്തിന്റെ നിമിഷത്തില്‍ മനസ്സിലൂടെ മിന്നിമറയുന്ന ഓര്‍മകളെ കൈയെത്തിപ്പിടിക്കലാണ് ചരിത്രം എന്ന് വാള്‍ട്ടര്‍ ബെഞ്ചമിന്‍ നിരീക്ഷിക്കുന്നുണ്ട്. അതനുസരിച്ച് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജനത ബാബരി മസ്ജിദ് സംബന്ധിച്ച ചരിത്രപരമായ സ്മരണകളെ കൈയെത്തിപ്പിടിക്കാനും അതിനെ വിശകലനം ചെയ്യാനും അനിവാര്യമായും ശ്രമിക്കേണ്ടതുണ്ട്.

1949 ഡിസംബര്‍ 22 ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ആ വര്‍ഷം ഒമ്പത് ദിവസം നീണ്ടുനിന്ന അഖണ്ഡ നാമജപത്തിന്റെ പരിസമാപ്തിയിലാണ് അറുപതോളം വരുന്ന ആളുകള്‍ പള്ളിക്കകത്തേക്ക് ഇടിച്ചുകയറി വിഗ്രഹം പ്രതിഷ്ഠിച്ചത്. ഈ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍ തന്നെ മാതാ പ്രസാദ് എന്ന പോലീസുകാരന്‍ ഇതേ കുറിച്ചുള്ള എഫ് ഐ ആര്‍ തയ്യാറാക്കി. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ആഭ്യന്തര മന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയും വല്ലഭ്ഭായ് പട്ടേലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും അവരോട് ഈ വിഗ്രഹം എടുത്തുമാറ്റാന്‍ ആവശ്യപ്പെടുന്നുണ്ട്. പള്ളിക്കുള്ളില്‍ ഇടിച്ചുകയറ്റിയ വിഗ്രഹം സംബന്ധിച്ച നെഹ്റുവിന്റെ പ്രസിദ്ധമായ പ്രയോഗം, ഒരു പക്ഷേ ഇന്ത്യന്‍ ജനാധിപത്യ വാദികള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത വാക്കുകള്‍, ആ വിഗ്രഹമെടുത്ത് സരയൂ നദിയിലേക്ക് വലിച്ചെറിയൂ എന്നായിരുന്നു. പക്ഷേ, നെഹ്റുവും പട്ടേലും പറഞ്ഞിട്ടും ഗോവിന്ദ വല്ലഭായ് പന്ദ് എന്ന മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും ബാബരി മസ്ജിദിന്റെ അകത്തേക്ക് ഇടിച്ചു കയറ്റിയ ആ വിഗ്രഹം എടുത്തു നീക്കപ്പെടുകയുണ്ടായില്ല. എന്തുകൊണ്ട്?

ഇത് ചെറുതായി പറഞ്ഞു പോകാവുന്ന കാര്യമല്ല. പക്ഷേ, സംഭവിക്കാന്‍ പാടില്ലാത്ത ഒരു സംഭവമെന്ന നിലയില്‍ പറഞ്ഞു പോകുക മാത്രമാണ് കോടതി ചെയ്തത്. പക്ഷേ, അങ്ങനെ മാത്രം പറഞ്ഞു നിര്‍ത്തേണ്ട ഒരു വിഷയമായിരുന്നില്ല അത്. കാരണം ഇന്ത്യന്‍ പ്രധാനമന്ത്രിയേക്കാള്‍, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയേക്കാള്‍ ഈ കാര്യം തീരുമാനിക്കാന്‍ ഫൈസാബാദ് ജില്ലയുടെ കലക്ടര്‍ക്ക് എങ്ങനെ കഴിഞ്ഞു? ഫൈസാബാദ് ജില്ലയുടെ കലക്ടര്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാരനായിരുന്ന കരുണാകരന്‍ നായരായിരുന്നു. അദ്ദേഹമാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മുകളില്‍ മേല്‍ക്കോയ്മ സ്ഥാപിച്ചത്. അദ്ദേഹം വിഗ്രഹം വലിച്ചെറിയുന്നതിന് പകരം അതിന് കാവലേര്‍പ്പെടുത്തി. ഈ കെ കെ നായരാകട്ടെ പിന്നീട് ഉദ്യോഗം രാജിവെച്ച് ഉത്തര്‍പ്രദേശില്‍ നിന്ന് ജനസംഘം ടിക്കറ്റില്‍ മത്സരിച്ച് പാര്‍ലിമെന്റില്‍ അംഗമായി. അദ്ദേഹത്തിന്റെ ഭാര്യ ശകുന്തളാ ദേവിയും ജനസംഘം ടിക്കറ്റില്‍ മത്സരിച്ച് ജയിക്കുകയായിരുന്നു. സത്യത്തില്‍ ഇന്ത്യന്‍ മതനിരപേക്ഷതയെ തോല്‍പ്പിച്ച സംഭവമാണ് ഇത്.

ഇന്ത്യന്‍ ഫാസിസത്തിന്റെ സാംസ്‌കാരിക വേര് ആഴത്തില്‍ വളര്‍ന്നു കിടക്കുന്ന ജാതി മേല്‍ക്കോയ്മയാണ് 1949ല്‍ പ്രധാനമന്ത്രി എടുത്തുമാറ്റാന്‍ പറഞ്ഞിട്ടും രാമവിഗ്രഹം അവിടെ തന്നെ പ്രതിഷ്ഠിക്കാന്‍ കലക്ടര്‍ക്ക് കരുത്തു പകര്‍ന്നത്. ബാബരി മസ്ജിദ് സംവാദങ്ങളില്‍ നിന്ന് പലപ്പോഴും മറച്ചുവെക്കപ്പെടുന്ന മൗലികമായ യാഥാര്‍ഥ്യവുമാണത്. മറ്റൊരു അര്‍ഥത്തില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ ഭരണകൂടത്തെ തന്നെ നിയന്ത്രിക്കുന്ന ഒരു അദൃശ്യ ഭരണകൂടം ജാതി മേല്‍ക്കോയ്മയുടെ ഭരണകൂടമാണ്. ഇന്ത്യന്‍ ഭരണകൂടത്തിന് മുകളില്‍ ജാതി മേല്‍ക്കോയ്മയുടെ തീരുമാനം നടപ്പിലായ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളാണത്.

പില്‍ക്കാലത്ത് എല്ലാ ചോരച്ചാലുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും നിമിത്തമായത് ആ ഇരുണ്ട ദിനങ്ങളായിരുന്നു. കോടതി ആ സംഭവത്തെ അപലപിച്ചു. പക്ഷേ, ആ സംഭവത്തിന്റെ ഭീകരതയുടെ ആഴം കൃത്യമായും അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് 1949 ഡിസംബര്‍ 22 ബാബരി മസ്ജിദിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്.

ബാബരി മസ്ജിദിലെ അവസാനത്തെ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് നേതൃത്വം കൊടുത്തത് ഹാജി അബ്ദുല്‍ഗഫാര്‍ മൗലവിയായിരുന്നു. ആ വെള്ളിയാഴ്ചക്ക് ശേഷം വരും വെള്ളിയാഴ്ചകളില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ച് അദ്ദേഹം എത്രയോ കാലം കാത്തിരുന്നു. എന്നാല്‍ അത് സഫലമായില്ല. അദ്ദേഹം 1992 ഡിസംബര്‍ ആറിന് മുമ്പ് മരിച്ചു. ഡിസംബര്‍ ആറിന് പള്ളി മാത്രമല്ല തകര്‍ക്കപ്പെട്ടത്, അവസാനത്തെ പ്രാര്‍ഥനക്ക് നേതൃത്വം കൊടുത്ത ഹാജിയുടെ മക്കളടക്കം കുടുംബം കൊല ചെയ്യപ്പെടുകയും ചെയ്തു.

1949 ഡിസംബര്‍ 22ന് നടക്കാന്‍ പാടില്ലാത്ത, കോടതി തന്നെ അപലപിച്ച ഈ കൃത്യത്തില്‍ നിന്നാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്ന അവസ്ഥയിലേക്ക് ഇന്ത്യന്‍ ഫാസിസം കാര്യങ്ങളെ വളര്‍ത്തിയെടുത്തത്. അന്ന് ആ വിഗ്രഹം നെഹ്റുവും പട്ടേലും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടത് പ്രകാരം ബാബരി മസ്ജിദിനുള്ളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ രഥയാത്ര ഉണ്ടാകുമായിരുന്നില്ല. കൂട്ടക്കൊലകളും വര്‍ഗീയ ലഹളകളും ഉണ്ടാകുമായിരുന്നില്ല. ബാബരി മസ്ജിദ് പൊളിക്കപ്പെടുമായിരുന്നില്ല. ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം ഇതുപോലൊരു കോടതി വിധിയുണ്ടാകുമായിരുന്നില്ല. ഈ മൗലിക കാരണം ഇനിയും കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്നുണ്ട്. സത്യത്തില്‍ സുപ്രീം കോടതി വിധി അത്തരമൊരു വിശകലനത്തിലേക്ക് ചാലുകീറുകയും ചെയ്തിട്ടുണ്ട്. ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തില്‍ ജനാധിപത്യ വാദികള്‍ കൂടുതല്‍ വികസിപ്പിക്കേണ്ടതും ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ വീണ്ടും വീണ്ടും മറുപടി പറയേണ്ടതുമായ ഒരു പ്രധാന പ്രശ്നമാണ് ഇത്. ഒരു ആരാധനാലയത്തിനകത്തേക്ക് ബലാത്കാരമായി വിഗ്രഹം കയറ്റിവെച്ചത് വലിയ ക്രിമിനല്‍ കുറ്റമാണ്. എല്ലാ നൈതികതയെയും വെല്ലുവിളിച്ചും ഹിന്ദു മതത്തിനും ഇസ്‌ലാം മതത്തിനും ലോകത്തൊരു മതത്തിനും അംഗീകരിക്കാന്‍ കഴിയാത്ത വിധത്തിലും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കെതിരെ സത്യത്തില്‍ മരണാനന്തര ശിക്ഷ ചുമത്താന്‍ കഴിയുമോ എന്നാണ് ജനാധിപത്യം ആലോചിക്കേണ്ടത്.

സ്വാതന്ത്ര്യ പൂര്‍വകാലത്ത് ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് എന്തെല്ലാം നടന്നുവെന്ന് കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഡോ. സുശീല്‍ ശ്രീവാസ്തവ വളരെ കൃത്യമായി ദി ഡിസ്പ്യൂട്ടഡ് മോസ്‌ക്, എ ഹിസ്റ്ററിക്കല്‍ എന്‍ക്വയറി എന്ന ഗ്രന്ഥത്തില്‍ ആ കാലത്തെ അവസ്ഥയെ കുറിച്ച് പറയുന്നുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെയാണ്. ബ്രിട്ടീഷുകാര്‍ക്ക് ഏറ്റവും വലിയ തലവേദനയുണ്ടാക്കിയതും അവരെ പരിഭ്രാന്തരാക്കിയതും ഫൈസാബാദ് ഉള്‍പ്പെടുന്ന അയോധ്യയിലെയും ഔദിലെയും ജനങ്ങളുടെ ഉരുക്കുപോലെ ഉറച്ച ഐക്യമായിരുന്നു. കര്‍ഷക സമരത്തിന്റെ കേന്ദ്രമായിരുന്നു അത്. ഈ ഐക്യത്തില്‍ പരിഭ്രാന്തരായ ബ്രിട്ടീഷുകാരാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ഔദിലെ ജനങ്ങളുടെ സൗഹൃദം തകര്‍ക്കാന്‍ വേണ്ടി ശ്രമങ്ങള്‍ നടത്തിയത്.

അക്കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് എല്ലാ വിധ സഹായവും ചെയ്ത ഹനുമാന്‍ഗഢിലെ ബൈരാഗി എന്ന പുരോഹിതന്‍മാര്‍ക്ക് ഒരു സൗജന്യമെന്ന നിലക്കാണ് ബാബരി മസ്ജിദിന് സമീപം ഒരു ആശ്രമം വെക്കാനുള്ള അവകാശം ബ്രിട്ടീഷുകാര്‍ നല്‍കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യമേ ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഈ നീക്കത്തോടെയാണ് സത്യത്തില്‍ ബാബരി മസ്ജിദിനെ ഒരു സംഘര്‍ഷ കേന്ദ്രമാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമങ്ങള്‍ തുടങ്ങിയത്. എന്നാല്‍ അതിനെതിരെ പൊരുതി ധീര രക്തസാക്ഷിത്വം വരിച്ചവരാണ് മുസ‌്ലിം പണ്ഡിതനായ മൗലവി അമീര്‍ അലിയും ഹിന്ദുമത പണ്ഡിതനായ ബാബാ രാംദാസും. ഇവര്‍ രണ്ട് പേരും ആ പ്രദേശത്തുകാര്‍ക്കൊക്കെ പ്രിയങ്കരരായിരുന്നു. എന്നാല്‍ ഐക്യത്തിന് കാവല്‍ നിന്ന ഈ രണ്ട് പേരെയും ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ വിശദമായ കുറിപ്പുകള്‍ വരുമ്പോഴും അതില്‍ നിന്നെല്ലാം വിവിധ കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെടുന്ന രണ്ട് പേരുകളാണ് ഇവരുടേത്. ഐക്യത്തിന് വേണ്ടി വാദിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഒരു കഴുമരത്തില്‍ കെട്ടിത്തൂക്കി അവരെ കൊല്ലുകയാണ് ഉണ്ടായത്. പക്ഷേ, തൂക്കിലേറ്റപ്പെട്ട ആ പുളിമരത്തിന് ചുറ്റും വീണ്ടും ജനങ്ങള്‍ ഒത്തുകൂടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ പരിഭ്രാന്തരായ ബ്രിട്ടീഷുകാര്‍ ആ പുളിമരം തന്നെ വേരോടെ പിഴുതെടുത്തു കളഞ്ഞു.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്തെ ഈ സംഭവം വീണ്ടും നാം ഉയര്‍ത്തിപ്പിടിക്കണം. കാരണം സാമുദായിക സൗഹാര്‍ദവും മതനിരപേക്ഷതയും തകര്‍ക്കാന്‍ അനുവദിക്കുകയില്ലെന്ന് സ്വന്തം ജീവന്‍ കൊണ്ട് പ്രഖ്യാപിച്ച ഈ രണ്ട് മനുഷ്യരുടെ സ്മരണ ഇന്നത്തെ പശ്ചാത്തലത്തില്‍ ജനാധിപത്യത്തിന് ശക്തിപകരും.

കെ ഇ എന്‍
[email protected]