Connect with us

Malappuram

ശിശുദിനത്തില്‍ വേറിട്ട ആഘോഷ വിരുന്നൊരുക്കി മഅ്ദിന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Published

|

Last Updated

മലപ്പുറം: പഴയകാലത്തെ വട്ടപ്പാട്ട്, കോളാമ്പി പാട്ട് തുടങ്ങി വിവിധ മത്സര പരിപാടികളോടെയാണ് മഅ്ദിന്‍ അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ ശിശുദിനത്തെ വരവേറ്റത്. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്തവര്‍, ബുദ്ധിവൈകല്യം സംഭവിച്ചവര്‍ എന്നിവര്‍ക്കായി മഅ്ദിന്‍ അക്കാദമി ഒരുക്കിയ ടാലന്റ് ഷോ തികച്ചും വേറിട്ടതായി.
ഭിന്നശേഷി വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതക്ക് അംഗീകാരമായി നടത്തിയ പരിപാടി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവേശവും അഭിമാനവും പകരുന്നതായി.

കാഴ്ചക്കാരെ ആവേശത്തിന്റെയും അത്ഭുതത്തിന്റെയും നെറുകയില്‍ നിര്‍ത്തി ഞങ്ങള്‍ മൂലയിലിരിക്കേണ്ടവരല്ലെന്ന് തെളിയിക്കുകയായിരുന്നു അവര്‍. പഴമയുടെ ഓര്‍മകള്‍ അയവിറക്കി വേങ്ങര സായംപ്രഭ ഹോം എക്‌സിക്യൂട്ടീവ് അംഗം അബുഹാജി അഞ്ചുകണ്ടന്റെ നേതൃത്വത്തിലാണ് വട്ടപ്പാട്ടും കോളാമ്പി പാട്ടും അവതരിപ്പിച്ചത്. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ ചുറ്റും കൂടിയിരുന്ന് അവതരിപ്പിച്ച പാട്ട് ഇവര്‍ക്ക് മാനസികോല്ലാസം നല്‍കുന്നത് കൂടിയായിരുന്നു. അന്യം നിന്നുപോകുന്ന ഇത്തരം പാട്ടുകള്‍ പുതിയ തലമുറക്ക്് പരിചയപ്പെടുത്തുക കൂടിയായിരുന്നു ഇതിലൂടെ. മഅ്ദിന്‍ അക്കാദമിക്ക് കീഴിലെ അന്ധ വിദ്യാലയം, ബധിര വിദ്യാലയം, ബുദ്ധിമാന്ദ്യ പരിചരണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലെ കുട്ടികളാണ് ടാലന്റ് ഷോ പരിപാടിയില്‍ പങ്കെടുത്തത്. മാപ്പിളപ്പാട്ട്, ആംഗ്യപാട്ട്, ചെയ്ന്‍ സോംഗ്, മൈമിംഗ്, ഗ്രൂപ്പ് പാട്ട്, ദഫ്, കഥ പറയല്‍, ചിത്രരചന തുടങ്ങിയ വിവിധ പരിപാടികളാണ് നടന്നത്. മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സി.കെ ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ എ. മൊയ്തീന്‍കുട്ടി കുറുപ്പത്ത് അധ്യക്ഷത വഹിച്ചു.
മഅ്ദിന്‍ മാനേജര്‍ ദുല്‍ഫുഖാര്‍ അലി സഖാഫി, ടി.എ ബാവ എരഞ്ഞിമാവ്, മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ കോഡൂര്‍, അബ്ദുള്ള കോണോംപാറ എന്നിവര്‍ പ്രസംഗിച്ചു.

Latest