ഒരേയൊരു ഭൂമിക്ക് വേണ്ടി

Posted on: September 25, 2019 10:38 am | Last updated: September 25, 2019 at 10:38 am

“നിങ്ങളുടെ പൊള്ള വാക്കുകള്‍ എന്റെ സ്വപ്‌നങ്ങളെയും കുട്ടിക്കാലത്തെയും അപഹരിച്ചു. കൂട്ട വംശനാശത്തിന്റെ തുടക്കത്തിലായിട്ടും നിങ്ങളെല്ലാം പണത്തെ കുറിച്ച് സംസാരിക്കുന്നു, ശാശ്വത സാമ്പത്തിക വളര്‍ച്ച എന്ന കെട്ടുകഥയില്‍ അഭിരമിക്കുന്നു. ജനങ്ങള്‍ ദുരിതത്തിലാണ്, അവര്‍ മരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിക്കുകയാണ്. നിങ്ങള്‍ക്കെങ്ങനെ അതിന് സാധിക്കുന്നു?’- യു എന്നില്‍ കഴിഞ്ഞ ദിവസം മുഴങ്ങിക്കേട്ട പതിനാറുകാരി ഗ്രെറ്റ തന്‍ബര്‍ഗിന്റെ വാക്കുകളാണിത്. ലോക രാഷ്ട്ര നേതാക്കള്‍ ഒന്നിച്ച യു എന്നിലെ കാലാവസ്ഥാ ഉച്ചകോടിയായിരുന്നു വേദി. യു എന്നില്‍ ഉച്ചകോടി ആരംഭിക്കുന്നതിന് തൊട്ടുതലേന്ന് വെള്ളിയാഴ്ച, ലോകത്തെമ്പാടുമുള്ള ജനലക്ഷങ്ങള്‍ കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും ചൂണ്ടിക്കാട്ടി തെരുവിലിറങ്ങിയതിന് പ്രചോദനം ഈ സ്വീഡിഷ് പെണ്‍കുട്ടിയായിരുന്നു. മറ്റൊരു ഗ്രഹമല്ല പരിഹാരം. നാം നിലകൊള്ളുന്ന ഭൂമിയെ സംരക്ഷിക്കലാണ് ഏകപോംവഴിയെന്ന പ്രമേയത്തില്‍ അധിഷ്ഠിതമായിരുന്നു ജനരോഷം. ഇന്ത്യയടക്കമുള്ള അറുപതിലേറെ രാജ്യങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും ഒഴിവാക്കുമെന്ന് ഉച്ചകോടിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം കര്‍ശനമായ കാര്‍ബണ്‍ നിയന്ത്രണ പദ്ധതികള്‍ കൊണ്ടുവരുമെന്ന് ഇന്ത്യയും ചൈനയും യൂറോപ്യന്‍ യൂനിയനും പ്രഖ്യാപിച്ചു.

2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാന്‍ പ്രധാന തുറമുഖങ്ങളും കപ്പല്‍ കമ്പനികളുമെല്ലാം പ്രതിജ്ഞാബദ്ധമാണ്. പുറന്തള്ളുന്നതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന ആദ്യ വ്യവസായവത്കൃത രാജ്യമാകാനിരിക്കുകയാണ് ഫിന്‍ലാന്‍ഡ്. 2022ഓടെ പുതുക്കാവുന്ന ഊര്‍ജോത്പാദനം 450 ജിഗാവാട്ട് ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു എന്നില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ടണ്‍ കണക്കിന് പ്രഭാഷണത്തേക്കാള്‍ ഒരു ഔണ്‍സ് പ്രവര്‍ത്തനം ഇക്കാര്യത്തില്‍ പ്രകൃതിക്ക് ഗുണപ്രദമാകുമെന്ന് പറഞ്ഞാണ് മോദി പ്രസംഗത്തിന് തുടക്കമിട്ടത്. വെള്ളം സംരക്ഷിക്കാനും മഴവെള്ളം പാഴാക്കാതിരിക്കാനും ജലസ്രോതസ്സുകള്‍ വികസിപ്പിക്കാനുമുള്ള ജല്‍ ജീവന്‍ പദ്ധതിയില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 50 ബില്യന്‍ ഡോളര്‍ ചെലവഴിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇങ്ങനെ ഉച്ചകോടിയില്‍ സംസാരിച്ച രാഷ്ട്ര നേതാക്കളെല്ലാം പരിസ്ഥിതി സംരക്ഷണ യജ്ഞത്തിലെ പ്രവര്‍ത്തനങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് വിശദീകരിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൗനവും വിട്ടുനില്‍ക്കലും ചര്‍ച്ചയായി. സമ്മിറ്റിന്റെ ഏതാനും മിനുട്ടുകള്‍ കേള്‍വിക്കാരനായി ട്രംപ് എത്തിയിരുന്നു. മോദിയുടെയും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കലിന്റെയും പ്രസംഗങ്ങള്‍ അദ്ദേഹം കേട്ടു.

യു എന്നില്‍ പ്രസംഗിച്ച പതിനാറുകാരി ഗ്രെറ്റ തന്‍ബര്‍ഗിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ട്രംപിന്റെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട 2016ലെ പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ ട്രംപില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതാണെങ്കിലും, ഒരു രാഷ്ട്രത്തലവന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതായിരുന്നില്ല ആ പരിഹാസം.
അതേസമയം, യു എന്നില്‍ കാലാവസ്ഥാ ഉച്ചകോടി പുരോഗമിക്കുമ്പോഴും ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ കത്തിക്കൊണ്ടിരിക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സമാന പ്രകൃതി ക്ഷോഭങ്ങളുണ്ടാകുന്നു. പലതിലും മനുഷ്യ ഇടപെടലുകളുണ്ട് താനും. ആമസോണ്‍ മഴക്കാടുകളില്‍ മാത്രമല്ല, ഇന്ത്യയിലും കേരളത്തിലുമെല്ലാം പ്രകൃതിനാശങ്ങളും കെടുതികളും ആള്‍നാശമടക്കമുള്ള നഷ്ടങ്ങളുമുണ്ടാകുന്നു. കേരളത്തില്‍ തുടര്‍ പ്രളയങ്ങളാണ് മഴക്കാലത്തെങ്കില്‍ വേനല്‍ക്കാലത്ത് വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. മഴ തോര്‍ന്ന് മാനം തെളിയുമ്പോഴേക്കും ചൂടില്‍ പൊള്ളിപ്പിടയുന്നു ജനങ്ങളും ജീവജാലങ്ങളും. ഇന്ത്യയിലെ മണ്‍സൂണ്‍ കാലം തന്നെ തകിടം മറിയുന്നതിലേക്കാണ് പോക്കെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് മഞ്ഞുകട്ടകള്‍ അതിവേഗം അപ്രത്യക്ഷമാകുന്നുവെന്നും സമുദ്ര ജലനിരപ്പ് ഉയരുന്നുവെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. പല ദ്വീപ് രാഷ്ട്രങ്ങളും ദേശങ്ങളും കടലിന് അടിയിലാകുമെന്ന ഭയം കാലങ്ങളായുണ്ട്. സമുദ്ര ജലനിരപ്പുയരുന്നത് കേരളത്തിനും ഭീഷണിയാണ്. കാരണം കടലിന്റെ ഓശാരമാണല്ലോ ഈ കര. അതിനാല്‍, പ്രകൃതിയുമായുള്ള ഇടപെടലുകളില്‍ സൂക്ഷ്മതയും ജാഗ്രതയും അനിവാര്യമാണ്.
പലപ്പോഴും മനുഷ്യന്റെ അത്യാര്‍ത്തിയാണ് പ്രകൃതിയെ ഇത്രയധികം വേദനിപ്പിക്കുന്നതിനും ആ വേദന പല ദുരന്തങ്ങളായി നമ്മുടെ മുന്നിലേക്ക് എത്തുന്നതിനും പ്രധാന കാരണം. വരും തലമുറക്ക് അല്ലലില്ലാതെ ജീവിക്കാന്‍ പണം സ്വരുക്കൂട്ടുന്ന നാം, അവരുടെ ഭാവി അതിജീവനത്തിന് അത്യന്താപേക്ഷിതമായ പ്രകൃതിയുടെ/ വിഭവങ്ങളുടെ നിലനില്‍പ്പിന് വേണ്ട കരുതല്‍ പ്രകടിപ്പിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്.

അതേസമയം, പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണം എന്ന വ്യാജേന നിക്ഷിപ്ത താത്പര്യങ്ങള്‍ പ്രകടിപ്പിക്കുന്ന അധോലോകത്തെയും കാണാതിരുന്നുകൂടാ. എന്നാല്‍, എല്ലാവരെയും ആ അച്ചിലേക്ക് ചുരുക്കുകയും അരുത്. പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നയങ്ങളും പദ്ധതികളുമാണ് ഭരണകൂടങ്ങള്‍ കൊണ്ടുവരേണ്ടത്. ഭാവനയില്‍ മാത്രം ഒതുങ്ങുന്ന, പ്രായോഗികമായി നടപ്പാക്കാന്‍ സാധിക്കാത്ത, കൈയടികള്‍ക്ക് വേണ്ടി മാത്രമുള്ളതാകരുത് അത്തരം പദ്ധതികള്‍.