Connect with us

National

മമത മോദിയെ കാണുന്നത് മുന്‍ പോലീസ് കമ്മീഷണറെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം: വിജയ് വര്‍ഗീയ

Published

|

Last Updated

ന്യൂഡല്‍ഹി: ശാരദ ചിട്ടി ഫണ്ട് കേസില്‍ നിന്ന് കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ രക്ഷപ്പെടുത്താനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ
.

മമത പ്രധാന മന്ത്രിയെ കാണുന്നത് എന്തിനാണെന്ന്‌ ആര്‍ക്കും ഊഹിക്കാനാകുമെന്ന് വിജയ് വര്‍ഗീയ
പറഞ്ഞു. നേരത്തെ ഓരോ വിഷയത്തിലും മോദിയെ അധിക്ഷേപിക്കുന്ന നിലപാടായിരുന്നു മമതയുടെത്. പ്രധാന മന്ത്രി എന്ന നിലയില്‍ മോദിയെ ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ലെന്നും അവര്‍ പറഞ്ഞിരുന്നു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്, നീതി അയോഗ് സമ്മേളനം, മുഖ്യമന്ത്രിമാരുടെ യോഗം എന്നിവയില്‍ നിന്നെല്ലാം മമത വിട്ടുനില്‍ക്കുകയും ചെയ്തു. ഇപ്പോള്‍ എന്താണ് നിലപാട് മാറ്റമെന്ന് വിജയ് വര്‍ഗീയ ചോദിച്ചു. കുമാര്‍ അറസ്റ്റിലായാല്‍ ബംഗാള്‍ മന്ത്രിസഭയുടെ പകുതി ജയിലിലാകുമെന്നതാണ് മമതയെ അസ്വസ്ഥപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള മമതയുടെ തീരുമാനം ബി ജെ പിയുടെ വിജയമാണെന്ന് നേരത്തെ മമതയുടെ വലംകൈയായി പ്രവര്‍ത്തിക്കുകയും പിന്നീട് ബി ജെ പിയിലേക്ക് ചേക്കേറുകയും ചെയ്ത മുകുള്‍ റോയ്‌ പറഞ്ഞു.

ഇന്ന് വൈകീട്ട് 4.30നാണ് പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ മോദി-മമത കൂടിക്കാഴ്ച നടക്കുക. സാമ്പത്തിക കാര്യങ്ങളുള്‍പ്പടെ സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതെന്നാണ് മമത പറയുന്നത്. ശാരദ ചിട്ടി കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സി ബി ഐ ഒരുങ്ങുന്ന സന്ദര്‍ഭത്തില്‍ മമത ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നതിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ബഹുകോടികളുടെ ചിട്ടി തട്ടിപ്പു കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ രാജീവ് കുമാറിനോട് സി ബി ഐ ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതിന് തയാറായിട്ടില്ല. കുമാര്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച വിവരം തേടി സി ബി ഐ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ഹൗറയിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ഓഫീസിലെത്തി ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള രാജീവ് കുമാറിന്റെ ഹരജി രണ്ടു ദിവസം മുമ്പ് കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു.

Latest