“അപമാനിച്ച് മുറിവേല്‍പ്പിച്ചു”; പാലായില്‍ യുഡിഎഫിനൊപ്പം പ്രചാരണത്തിനിറങ്ങില്ലെന്ന് ജോസഫ് വിഭാഗം

Posted on: September 7, 2019 1:38 pm | Last updated: September 7, 2019 at 7:52 pm

പാലാ: പാലായില്‍ യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികലില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം. എന്നാല്‍ ജോസ് ടോമിനായി സമാന്തരമായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പന്‍ അറിയിച്ചു. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി ജെ ജോസഫിനെ ജോസ് കെ മാണി പക്ഷം അപമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും സജി മഞ്ഞക്കടമ്പില്‍ അറിയിച്ചു.

കണ്‍വെന്‍ഷനിടെ പാര്‍ട്ടി ചെയര്‍മാനെ ചീത്ത വിളിക്കുകയും അപമാനിക്കുകയും ചെയ്തത് തങ്ങള്‍ക്കേറ്റ മുറിവാണെന്നും സജി പറഞ്ഞു. ജോസഫിനെ അപമാനിച്ച സംഭവത്തില്‍ ജോസ് കെ മാണി വിഭാഗം നേതാക്കള്‍ക്കെതിരെ ജോസഫ് വിഭാഗം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പാലായിലെ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാന്‍ പി ജെ ജോസഫ് അനുമതി നല്‍കിയതനുസരിച്ചാണ് തീരുമാനമെന്നും സജി പറഞ്ഞു. യുഡിഎഫ് ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു.

പാലായില്‍ പ്രചാരണത്തിനെത്തരുതെന്ന് പി ജെ ജോസഫിനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സജിയുടെ വാക്കുകള്‍ ശരിവെക്കുന്ന പ്രതികരണമാണ് പി ജെ ജോസഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. പാലായില്‍ ഒരുമിച്ച് പ്രചാരണം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രത്യേകമായി പ്രചാരണം നടത്തുമെന്നുമാണ് ജോസഫ് പ്രതികരിച്ചത്. പ്രതിഛായയിലെ ലേഖനവും യോഗങ്ങളിലെ കൂവലും കാരണമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ജോസ് കെ മാണി വിഭാഗത്തിലെ നേതാക്കള്‍ക്ക് എതിരെ പരാതി നല്‍കിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

അതേസമയം, ജോസഫ് വിഭാഗം പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് കരുതുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പ്രതികരിച്ചു. പ്രചാരണത്തിനുണ്ടാകുമെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചതാണ്. ആ നിലപാട് തുടരുമെന്നാണ് പ്രതീക്ഷ. പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ജോസ് ടോം പ്രതികരിച്ചു.