Connect with us

National

മേഘങ്ങള്‍ റഡാറുകളെ കബളിപ്പിക്കും; മോദിയുടെ സിദ്ധാന്തത്തെ പരിഹസിച്ച് ട്രോള്‍മഴ

Published

|

Last Updated

ന്യൂഡല്‍ഹി: മേഘങ്ങള്‍ പാക് റഡാറുകളെ കബളിപ്പിച്ച് ഇന്ത്യന്‍ വിമാനങ്ങളെ മറച്ചു നിര്‍ത്തുമെന്നും ബലാകോട്ടിലെ വ്യോമാക്രമണത്തിനുള്ള പറ്റിയ സമയം അതാണെന്ന് താനാണ് നിര്‍ദേശിച്ചതെന്നുമുള്ള മോദിയുടെ ട്വീറ്റിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ട്രോള്‍മഴ. രാഷ്ട്രീയ നേതാക്കന്മാരും പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തി. കാലാവസ്ഥ മോശമായതിനാല്‍ ആക്രമണം മാറ്റിവെക്കാനായിരുന്നു വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ആലോചന. എന്നാല്‍ മഴക്കാറ് മൂടിയ അന്തരീക്ഷം പാക് റഡാറുകളില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളെ മറച്ചുപിടിക്കാന്‍ സഹായിക്കുമെന്ന് താന്‍ അഭിപ്രായപ്പെടുകയായിരുന്നു. ഈ നിര്‍ദേശം സ്വീകരിച്ചു നടത്തിയ ആക്രമണത്തിലാണ് ബലാകോട്ടിലെ നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാനായതെന്നും ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.

ബി ജെ പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നല്‍കിയ പ്രസ്താവനയെ കളിയാക്കുന്ന പ്രതികരണങ്ങള്‍ നിറഞ്ഞതോടെ അത് പിന്‍വലിച്ചു. പാക്കിസ്ഥാന്റെ റഡാറുകള്‍ക്ക് മേഘങ്ങളെ മറികടന്ന് വിമാനങ്ങളെ കണ്ടെത്താന്‍ കഴിയില്ലെന്നത് തന്ത്രപ്രധാനമായ അറിവാണെന്നായിരുന്നു ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ ട്വിറ്ററിലെ പ്രതികരണം. ഇനി വ്യോമാക്രമണം നടത്തുമ്പോഴെല്ലാം ഈ അറിവ് ഉപകാരപ്പെടും. ബി ജെ പി ട്വീറ്റ് നീക്കിയപ്പോള്‍ മേഘങ്ങള്‍ മാഞ്ഞുപോകുന്നതു പോലെ ട്വീറ്റ മാഞ്ഞുപോയെന്നും സ്‌ക്രീന്‍ ഷോട്ട് എടുത്തുവെച്ചത് ഉപകാരമായെന്നും ഉമര്‍ ട്വീറ്റ് ചെയ്തു.

ലജ്ജാകരമായ പ്രസ്താവനയാണ് മോദിയുടെതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ വ്യോമസേനക്ക് ശാസ്ത്രീയമാ അറിവുകളില്ലെന്ന സൂചനയാണ് ഇതു നല്‍കുക. ഒരു ദേശസ്‌നേഹിക്കും ഇത്തരം പ്രസ്താവനകള്‍ നടത്താനാകില്ല. മേഘങ്ങള്‍ ഉണ്ടെങ്കിലും വിമാനങ്ങളെ കണ്ടെത്താന്‍ കഴിയുന്ന റഡാറുകള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ കണ്ടുപിടിച്ചതാണെന്നും മോദി പഴയകാലത്താണ് ഇപ്പോഴും തൂങ്ങിക്കിടക്കുന്നുവെന്നതിന് തെളിവാണ് ഇതെന്നും കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന പറഞ്ഞു. മോദിയുടെ വാദത്തെ തള്ളി മുന്‍ സൈനികോദ്യോഗസ്ഥരും രംഗത്തെത്തി.

---- facebook comment plugin here -----

Latest