Connect with us

Kannur

ലീഗും കള്ളവോട്ട് കുരുക്കിൽ; അച്ചടക്ക നടപടിയെക്കുറിച്ച് മൗനം

Published

|

Last Updated

കണ്ണൂർ: കണ്ണൂരിലെ കള്ളവോട്ടിൽ വാദികളും പ്രതികളായതോടെ പിടിച്ചു നിൽക്കാനാകാതെ ലീഗ് നേതൃത്വം. തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലത്തിൽപ്പെട്ട പാമ്പുരുത്തിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിക്കപ്പെട്ടതോടെയാണ് നേതൃത്വം ധർമ്മസങ്കടത്തിലായത്. പാമ്പുരുത്തിയിൽ ഒമ്പത് ലീഗ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. കണ്ണൂരിൽ കള്ളവോട്ട് സംബന്ധിച്ച് ആദ്യം രംഗത്ത് വന്നത് യു ഡി എഫ് സ്ഥാനാർഥിയായ കെ സുധാകരനായിരുന്നു.
ലീഗ് നേതാക്കളും കള്ളവോട്ട് ആരോപണമുന്നയിച്ച വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. തുടർന്ന് കണ്ണൂർ ജില്ലയിലെ കാസർക്കോട് മണ്ഡലത്തിൽ ഉൾപ്പെട്ട പിലാത്തറയിൽ സി പി എമ്മിന്റെ നേതൃത്വത്തിൽ നടന്ന കള്ളവോട്ട് സംബന്ധിച്ച് യു ഡി എഫ് ദൃശ്യം സഹിതം രംഗത്ത് വരികയായിരുന്നു. ഇതിന് ശേഷമാണ് ലീഗിനെതിരായി സി പി എം കള്ളവോട്ട് പരാതി ഉന്നയിച്ചത്.

പുതിയങ്ങാടിയിലെ ബൂത്തിൽ ലീഗുകാർ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു പരാതി. ലീഗിനെതിരേ കള്ളവോട്ട് ആരോപണവുമായി എൽ ഡി എഫ് രംഗത്ത് വന്നയുടൻ തന്നെ സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദും ജില്ലാ ലീഗ് നേതൃത്വവും അത്തരം പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ലീഗ്കാരുടെ കള്ളവോട്ട് സംബന്ധിച്ച് സ്ഥിരീകരണം വന്നപ്പോൾ അവർ ലീഗുകാർ തന്നെയെന്ന് ഉറപ്പ് വരുത്തട്ടേയെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.
ഏതായാലും ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥീരീകരണവും തുടർന്ന് അവർക്കെതിരെ കേസെടുക്കുകയും ചെയ്തതോടെ എന്ത് നിലപാടെടുക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.

തത്ക്കാലം നടപടി സ്വീകരിക്കില്ലെന്നാണ് സൂചന. കാസർക്കോട് , കണ്ണൂർ മണ്ഡലങ്ങളിലായി 17 പേർക്കെതിരേയാണ് കള്ളവോട്ടിൽ കേസെടുത്തിരിക്കുന്നത്. ഇതിൽ 12 പേർ ലീഗുകാരാണ്. തളിപ്പറമ്പ് മണ്ഡലത്തിലെ ലീഗ് സ്വാധീനകേന്ദ്രമാണ് പാമ്പുരുത്തി. ഇവിടത്തെ 166-ാം നമ്പർ ബൂത്തിൽ 12 കള്ളവോട്ട് നടന്നതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ലീഗ് പ്രവർത്തകരായ അബ്ദുൾസലാം, മർഷദ്, കെ പി ഉനിയാസ് എന്നിവർ രണ്ട് വീതവും കെ മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുൾ സലാം, കെ പി സ്വാദിഖ്, ഷമൽ, മുബഷീർ എന്നിവർ ഒന്നുവീതവും കള്ളവോട്ട് ചെയ്തുവെന്നാണ് കണ്ടെത്തിയത്.

കള്ളവോട്ട് ശ്രദ്ധയിൽപ്പെട്ട എൽ ഡി എഫിന്റെയും ഒരു സ്വതന്ത്ര സ്ഥാനാർഥിയുടേയും ഏജന്റുമാർ ശക്തമായി എതിർത്തെങ്കിലും പ്രിസൈഡിംഗ് ഓഫീസർ ഗൗരവമായി എടുത്തില്ലെന്നും തിരഞ്ഞെടുപ്പ് കമീഷൻ തന്നെ ചൂണ്ടിക്കാട്ടുന്നു. എൽ ഡി എഫ് ഏജന്റ്സഫീറും സ്വതന്ത്ര സ്ഥാനാർഥിയുടെ ഏജന്റായ സി കെ മുഹമ്മദ് കുഞ്ഞിയും നൽകിയ പരാതികളിലാണ്അ ധികൃതർ തുടർ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായത്.

കലക്ടറുടെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ 35 ഓളം പേർ കള്ളവോട്ട് ചെയ്തതായി വ്യക്തമായിരുന്നു.വിശദമായ പരിശോധന ഇനിയും വേണ്ടിവരുമെന്നും ഇതിനായുള്ള നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സി പി എം ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ വ്യക്തമാക്കി. ഒരൊറ്റ ബൂത്തിൽ 12 യു ഡി എഫുകാർ കള്ളവോട്ട് ചെയ്തതായി അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളവോട്ട് കേസിൽ ലീഗുകാരും ഉൾപ്പെട്ടത് യു ഡി എഫിന്റെ കള്ളവോട്ടിനെതിരായ നിയമ നടപടിയെയും ബാധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗം കള്ളവോട്ടിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. സമഗ്രമായ പരാതി നൽകാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിനിടെയാണ് ലീഗുകാർ കള്ളവോട്ടിൽ കൂടുതൽ കുരുങ്ങിക്കൊണ്ടിരിക്കുന്നത്. ഏതായാലും കള്ളവോട്ട് കേസിൽ കുടുങ്ങിയ ലീഗിനെ സഹായിക്കാൻ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിട്ടില്ല. ലീഗ് സ്വയം പ്രതിരോധിക്കട്ടേയെന്നാണ് കോൺഗ്രസിന്റെ നിലപാട്.

---- facebook comment plugin here -----

Latest