Connect with us

Ongoing News

കർണാടക നിയമസഭാ ഉപ തിരഞ്ഞെടുപ്പ്: 25 സ്ഥാനാർഥികൾ മത്സര രംഗത്ത്

Published

|

Last Updated

ബെംഗളൂരു: മെയ് 19ന് കർണാടകയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 25 സ്ഥാനാർഥികൾ മത്സരരംഗത്ത്. കൽബുർഗി ജില്ലയിലെ ചിഞ്ചോളി, ധാർവാഡ് ജില്ലയിലെ കുണ്ഡ്‌ഗോൽ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.

ചിഞ്ചോളിയിൽ 17 പേരും കുണ്ഡ്ഗോലിൽ എട്ട് പേരുമാണ് മത്സര രംഗത്തുള്ളത്. ഇതിൽ നാല് വനിതകളും പെടും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെയാണ് മത്സര ചിത്രം തെളിഞ്ഞത്.
ചിഞ്ചോളിയിൽ സുഭാഷ് റാത്തോഡാണ് കോൺഗ്രസ് സ്ഥാനാർഥി. സമീപകാലത്ത് കോൺഗ്രസിൽ നിന്ന് രാജിവെച്ച ഡോ. ഉമേഷ് ജാദവിന്റെ മകൻ അവിനാശ് ഉമേഷ് ജാദവാണ് ബി ജെ പി സ്ഥാനാർഥി. ബി എസ് പി സ്ഥാനാർഥിയായി ഗൗതം ബൊമ്മനള്ളി മത്സരിക്കുന്നു.
കോൺഗ്രസ് എം എൽ എയായിരുന്ന ഡോ. ഉമേഷ് ജാദവ് പാർട്ടി അംഗത്വവും എം എൽ എ സ്ഥാനവും രാജിവെച്ചതിനെ തുടർന്നാണ് ചിഞ്ചോളിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കുണ്ഡ്‌ഗോലിൽ കുസുമവതി ചെന്നബാസപ്പയാണ് കോൺഗ്രസ് സ്ഥാനാർഥി. അന്തരിച്ച മന്ത്രി സി എസ് ശിവള്ളിയുടെ ഭാര്യയാണ്. ഐ ചിക്കനഗൗഡറാണ് ഇവിടത്തെ ബി ജെ പി സ്ഥാനാർഥി. കഴിഞ്ഞ മാർച്ച് 22ന് മന്ത്രി സി എസ് ശിവള്ളി മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. കഴിഞ്ഞ തവണ ശിവള്ളിയോട് 633 വോട്ടുകൾക്കാണ് ചിക്കനഗൗഡർ പരാജയപ്പെട്ടത്.

മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ, കെ പി സി സി പ്രസിഡന്റ്ഡോ. ദിനേശ്ഗുണ്ടുറാവു തുടങ്ങിയ നേതാക്കൾ കുസുമവതിക്ക് വേണ്ടി മണ്ഡലത്തിൽ പ്രചാരണം നടത്തിവരികയാണ്. മെയ് 23ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും പുറത്തുവരും.

Latest