Connect with us

Editorial

പ്രവാസികള്‍ ഇത്തവണയും പുറത്ത്

Published

|

Last Updated

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ, തങ്ങളുടെ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയാത്ത നിരാശയിലാണ് മൂന്ന് കോടിയില്‍പരം പ്രവാസികള്‍. കാലങ്ങളായുള്ള അവരുടെ ആവശ്യമാണ് ജനാധിപത്യത്തിന്റെ സുപ്രധാന പ്രക്രിയയായ തിരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകാന്‍ അവസരം ലഭിക്കണമെന്നത്. ഈ ആവശ്യവുമായി ഉത്തരവാദപ്പെട്ടവര്‍ക്ക് നിവേദനം നല്‍കുകയും കോടതിയെ സമീപിക്കുകയും ചെയ്തതാണ്. നിരന്തരമായ മുറവിളികള്‍ക്കൊടുവില്‍ കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് (മുക്ത്യാര്‍ വോട്ട്) അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ജനപ്രാതിനിധ്യ നിയമ ഭേദഗതി പാസാക്കിയെങ്കിലും ബില്‍ രാജ്യസഭ പാസാക്കുന്നതുൾപ്പെടെ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

ഇത്തവണയും അവര്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ സ്വന്തം കീശയില്‍ നിന്ന് പതിനായിരങ്ങള്‍ മുടക്കി നാട്ടിലെത്തേണ്ട അവസ്ഥയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ചില പ്രവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം ആരാഞ്ഞപ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ ശീതകാലസമ്മേളനത്തില്‍ ബില്‍ രാജ്യസഭയില്‍ വെക്കുമെന്ന് മോദി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അക്കാര്യം മനഃപൂര്‍വം മറന്നു. പ്രവാസികളില്‍ 85 ശതമാനവും മതേതര പാര്‍ട്ടികള്‍ക്കു വോട്ടു ചെയ്യാനാണ് സാധ്യതയെന്ന കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടാണ് നിയമനിര്‍മാണ ഭേദഗതി രാജ്യസഭയെ കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ കാലതാമസം വരുത്തിയതിനു പിന്നിലെന്നാണ് പറയപ്പെടുന്നത്. മൂന്ന് കോടിയിലേറെ പ്രവാസികളില്‍ രണ്ടേകാല്‍ കോടിയോളം ഗള്‍ഫ് രാജ്യങ്ങളിലാണുള്ളത്. ഇവരില്‍ 80 ശതമാനത്തോളം മലയാളികളുമാണ്. കേരളത്തിലെ പ്രവാസി വോട്ടര്‍മാരില്‍ ബഹുഭൂരിഭാഗവും മതേതര വിശ്വാസികളാണ്. മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികളിലും ഏറെയും ബി ജെ പി വിരുദ്ധരാണ്. വിലപ്പെട്ട സേവനമാണ് പ്രവാസികള്‍ രാജ്യത്തിനായി നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. നാടിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസപ്പണത്തിന്റെ പങ്ക് വളരെ വലുതാണ്. ഇതിനിടെ ആഗോള രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ചപ്പോള്‍, ഇന്ത്യയെ താങ്ങി നിര്‍ത്തിയത് പ്രവാസിപ്പണമായിരുന്നു. ഓരോ വര്‍ഷവും സഹസ്ര കോടികളാണ് അവര്‍ നാട്ടിലേക്കയച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വാരത്തില്‍ ലോകബേങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം പോയ വര്‍ഷം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം എത്തിയത് ഇന്ത്യയിലാണ് (7,900 കോടി ഡോളര്‍). മുന്‍ വര്‍ഷം ഇത് 6,530 കോടി ഡോളറായിരുന്നു. 14 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് 2017നെ അപേക്ഷിച്ച് 2018ല്‍ ഉണ്ടായത്. കേരളത്തിലെ പ്രളയ ദുരിതത്തില്‍ പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ പ്രവാസികളായ ബന്ധുക്കള്‍ കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയച്ചതാണ് പോയ വര്‍ഷം ഇന്ത്യ ഒന്നാം സ്ഥാനത്തെത്താന്‍ കാരണമെന്നാണ് ലോകബേങ്കിന്റെ വിലയിരുത്തല്‍. രാജ്യത്ത് ദുരിതങ്ങളുണ്ടാകുമ്പോഴോ എന്തെങ്കിലും പ്രതിസന്ധിയില്‍ അകപ്പെടുമ്പോഴോ കൈമെയ് മറന്നു സഹായിക്കുന്നതില്‍ മറ്റാരേക്കാളും മുന്‍പന്തിയിലാണ് പ്രവാസികളെന്നാണ് ഇതു കാണിക്കുന്നത്. ഈ വിധം വിയര്‍പ്പൊഴുക്കി സമ്പാദിക്കുന്ന പണം നാടിനും നാട്ടുകാര്‍ക്കും വേണ്ടി വിനിയോഗിക്കുമ്പോള്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനുള്ള അവസരമെങ്കിലും ഒരുക്കിക്കൊടുത്തു അതിന് നന്ദി പ്രകടിപ്പിക്കാനുള്ള ഔചിത്യമെങ്കിലും ഭരണകൂടങ്ങള്‍ കാണിക്കുന്നില്ല. പ്രവാസികള്‍ക്ക് വോട്ടനുവദിക്കുന്നതിന് സര്‍ക്കാറിന്റെ മുമ്പില്‍ ഇപ്പോള്‍ പരിഗണനയിലുള്ള മാര്‍ഗം പ്രോക്‌സി വോട്ടാണ്. വോട്ട് രേഖപ്പെടുത്തുന്നതിന് മുക്ത്യാര്‍ വഴി നാട്ടില്‍ പകരക്കാരനെ ഏര്‍പ്പെടുത്തുക. ഇതിനോട് പ്രവാസികളില്‍ ബഹുഭൂരിഭാഗത്തിനും അനുകൂല നിലപാടല്ല ഉള്ളത്. പ്രോക്‌സി രീതിയില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസികളോട് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, ഗള്‍ഫില്‍ നിന്ന് 36,000 അടക്കം അരലക്ഷത്തിനു താഴെ പേര്‍ മാത്രമാണ് പേര് രജിസ്റ്റര്‍ ചെയ്തത്. സമ്മതിദാനാവകാശത്തിന് പകരക്കാരനെ നിയോഗിക്കുമ്പോള്‍, തങ്ങള്‍ നിര്‍ദേശിക്കുന്നയാള്‍ക്കു തന്നെയാണ് അയാള്‍ വോട്ട് ചെയ്തതെന്ന് ഉറപ്പിക്കാനാകില്ലെന്നും തങ്ങള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രവാസലോകം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, കര്‍ശന ഉപാധികളാണ് പ്രോക്‌സി വോട്ടിന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. പ്രവാസികളുടെ മുക്ത്യാറും പേരും ഒപ്പും നോട്ടറി അല്ലെങ്കില്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മുഖേന സാക്ഷ്യപ്പെടുത്തണം. ഇതിനായി പ്രവാസി നേരിട്ട് നോട്ടറിക്ക് മുമ്പിലോ മജിസ്‌ട്രേറ്റിന് മുമ്പിലോ എത്തേണ്ടി വരും. മാത്രമല്ല, ഓരോ തിരഞ്ഞെടുപ്പിലും മുക്ത്യാറെ പ്രത്യേകം ചുമതലപ്പെടുത്തേണ്ടിവരും. അതേസമയം, സര്‍ക്കാര്‍ സൈനികര്‍ക്ക് അനുവദിച്ച പ്രോക്‌സി വോട്ടില്‍ ഇത്തരം നിബന്ധനകളൊന്നുമില്ല. അവര്‍ക്ക് തങ്ങളുടെ മണ്ഡലത്തില്‍ സ്ഥിര താമസക്കാരായ പ്രായപൂര്‍ത്തിയായ ആരെ വേണമെങ്കിലും മുക്ത്യാറായി നിയമിക്കാം. ഒരാളെ നിയമിച്ചാല്‍ അത് സര്‍വീസ് കാലത്തേക്ക് മുഴുവന്‍ ബാധകമായിരിക്കും. പ്രോക്‌സി വോട്ടിനു പകരം ഓണ്‍ലൈന്‍ വോട്ടിംഗ് (വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം) കൊണ്ടുവരണമെന്നാണ് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഈജിപ്ത്, ഫിലിപ്പൈന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍, പ്രവാസികള്‍ക്ക് തങ്ങളുടെ വോട്ടുകള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും രേഖപ്പെടുത്താന്‍ അവസരമുണ്ട്. തന്മൂലം പ്രസ്തുത രാജ്യങ്ങളിലെ 95 ശതമാനം വരെ പ്രവാസി വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഈ സമ്പ്രദായം നടപ്പാക്കിയാല്‍ പ്രവാസികള്‍ക്ക് പ്രയാസമന്യേ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കുകയും ബഹുഭൂരിപക്ഷം പ്രവാസികളും വോട്ട് രേഖപ്പെടുത്താന്‍ മുന്നോട്ട് വരികയും ചെയ്യും.

Latest