മാലയണിയിക്കല്‍ വിവാദം കൊഴുക്കുന്നു; പ്രിയങ്കയുടെ നടപടി ശാസ്ത്രിയോടുള്ള അനാദരവെന്ന് യു പി മന്ത്രി

Posted on: March 21, 2019 3:57 pm | Last updated: March 22, 2019 at 9:45 am

ലക്‌നൗ: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കഴുത്തിലെ മാലയൂരി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ അണിയിച്ചതിനെ വിമര്‍ശിച്ച് യു പി മന്ത്രിയും രംഗത്ത്. കോണ്‍ഗ്രസും ഗാന്ധി കുടുംബവും മുന്‍ പ്രധാന മന്ത്രിയായിരുന്ന വ്യക്തിയെ ബഹുമാനിക്കുന്നില്ലെന്നതിന് തെളിവാണിതെന്ന് യുപി യിലെ ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗ് പറഞ്ഞു. നെഹ്‌റു-വാധ്ര കുടുംബത്തിന്റെ ഭാഗമായ പ്രിയങ്കാ ഗാന്ധി ശാസ്ത്രിയെ അപമാനിച്ചിരിക്കുകയാണ്.

പ്രിയങ്കയുടെ നടപടിയെ നേരത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും വിമര്‍ശിച്ചിരുന്നു. പ്രിയങ്ക തന്റെ മാല ശാസ്ത്രിയുടെ പ്രതിമയില്‍ അണിയിച്ചത് ധാര്‍ഷ്ട്യമാണെന്നായിരുന്നു സ്മൃതിയുടെ പ്രതികരണം. പ്രിയങ്ക മാലയിട്ടതിനെ തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിമ ഗംഗാജലം തളിച്ച് കഴുകിയിരുന്നു.