തന്ത്രിമാരെ മാറ്റിയ ചരിത്രം മുമ്പുമുണ്ട്; താഴമണ്‍ കുടുംബത്തിന് മന്ത്രിയുടെ മറുപടി

Posted on: January 8, 2019 9:10 pm | Last updated: January 8, 2019 at 9:10 pm

തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം തന്ത്രിക്കാണെന്നും തന്ത്രിയെ മാറ്റാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നുമുള്ള താഴമണ്‍ കുടുംബത്തിന്റെ വാദത്തിന് മറുപടി നല്‍കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താഴമണ്‍ കുടുംബം മുമ്പും അച്ചടക്ക നടപടിക്കു വിധേയമാകേണ്ടി വന്നിട്ടുണ്ടെന്നും തന്ത്രിമാരെ മാറ്റിയ ചരിത്രം മുമ്പുമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. അന്ന് സുപ്രീം കോടതിയെ സമീപിച്ചിട്ടു പോലും അനുകൂല വിധി സമ്പാദിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല.

തന്ത്രി നിയമനത്തിനുള്ള അവകാശം ദേവസ്വം ബോര്‍ഡിനു മാത്രമാണ്. തന്ത്രിമാര്‍ ദേവസ്വം നിയമവും മാന്വലും അനുസരിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡിനു അധികാരമുണ്ട്. മറിച്ചുള്ള വാദവുമായി താഴമണ്‍ കുടുംബം രംഗത്തു വന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.