കരിപ്പൂരിലേക്ക് സഊദി എയര്‍ലൈന്‍സ്; ആദ്യ വിമാനം ഡിസംബര്‍ നാലിന്; പ്രവാസികള്‍ ആഹ്ലാദത്തിമിര്‍പ്പില്‍

വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതിയായതോടെ സഊദി എയര്‍ലൈന്‍സിനു പുറമേ എയര്‍ ഇന്ത്യയും സഊദിയിലേക്കു സര്‍വീസിനൊരുങ്ങുന്നുണ്ട്. യു. എ. ഇ യില്‍ നിന്നും വിവിധ എയര്‍ലൈനുകളും കരിപ്പൂരിലേക്ക് വലിയ വിമാന സര്‍വീസ് തുടങ്ങാനൊരുങ്ങുന്നുണ്ട്.
Posted on: November 14, 2018 9:00 pm | Last updated: November 15, 2018 at 11:15 am

ജിദ്ദ: മൂന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കോഡ് ഇ വിമാനങ്ങള്‍ കരിപ്പൂരിനെ ചുംബിക്കാനൊരുങ്ങുന്നു. സഊദി എയര്‍ലൈന്‍സിന്റെ SV 892 വിമാനം 298 യാത്രക്കാരുമായി ഡിസംബര്‍ 4 ന് ചൊവ്വാഴ്ച റിയാദില്‍ നിന്ന് കോഴിക്കോട്ട് വന്നിറങ്ങും. ജിദ്ദയില്‍ നിന്നുള്ള ആദ്യ വിമാനം SV 746 ഡിസംബര്‍ 5 നും പറന്നിറങ്ങും. കൊച്ചിയിലേക്കുള്ള പകുതി സര്‍വീസുകള്‍ വെട്ടിക്കുറച്ചാണ് സൗദിയ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ ദിവസവും ഓരോ വിമാനം വീതമാണ് ഷെഡ്യൂള്‍ ചെയ്യുന്നത്. അഞ്ച് സര്‍വീസുകള്‍ ജിദ്ദയില്‍ നിന്നും, രണ്ടെണ്ണം റിയാദില്‍ നിന്നും. ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയില്‍ നിന്നും, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ റിയാദില്‍ നിന്നുമായിരിക്കും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുക എന്ന് സഊദി എയര്‍ലൈന്‍സ് അധികൃതര്‍ ജിദ്ദയില്‍ അറിയിച്ചു.

ഡിസംബര്‍ 4ന് റിയാദില്‍ നിന്ന് കാലത്ത് നാല് മണിക്ക് പുറപ്പെടുന്ന വിമാനം 11 മണിക്ക് കരിപ്പൂരിലിറങ്ങും. ആദ്യ വിമാനത്തെ സ്വീകരിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രി, ജനപ്രതിനിധികള്‍, കരിപ്പൂരിനു വേണ്ടി സമര രംഗത്തുണ്ടായിരുന്ന സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ എയര്‍പോര്‍ട്ടിലെത്തും. വാദ്യഘോഷങ്ങളോടെ ആദ്യവിമാനത്തെയും യാത്രികരെയും എതിരേല്‍ക്കും. രാവിലെ 11 ന് കോഴിക്കോട്ടിറങ്ങുന്ന സൗദിയ വിമാനം ഉച്ചക്ക് 12.50 ന് യാത്രക്കാരെയും കൊണ്ട് തിരിച്ച് റിയാദിലേക്കു പറക്കും. സഊദി സമയം വൈകീട്ട് 3 ന് റിയാദിലെത്തും. ജിദ്ദയില്‍ നിന്നുള്ള വിമാനം കാലത്ത് 3.10 ന് ആണ് ടേക്ക് ഓഫ്. 11 മണിക്ക് കോഴിക്കോടെത്തും. 12.50 ന് തിരിച്ചു പറക്കുന്ന വിമാനം വൈകുന്നേരം 3.55 ന് ജിദ്ദയില്‍ ലാന്‍ഡ് ചെയ്യും.

സൗദിയയുടെ തിരുവനന്തപുരം സര്‍വീസുകള്‍ മാര്‍ച്ച് 30 വരേ തുടരാന്‍ അനുമതി ലഭിച്ചതിനാല്‍ അതുവരേ നിലവിലുള്ള ഷെഡ്യൂള്‍ തുടരും. മാര്‍ച്ചില്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടു കൂടി കരിപ്പൂരിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കും. നിലവില്‍ കരിപ്പൂര്‍ അടക്കം ഒമ്പത് വിമാനത്താവളങ്ങളിലേക്കാണ് സഊദി എയര്‍ലൈന്‍സ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്.
മൂന്ന് മാസം മുമ്പു തന്നെ കരിപ്പൂര്‍ സര്‍വീസിന് ഡിജിസിഎ അനുമതി നല്‍കിയിരുന്നുവെങ്കിലും, തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും ഒരുമിച്ച് സര്‍വീസ് നടത്താനുള്ള അനുമതിക്കായി സൗദിയ അപേക്ഷ നല്‍കിയതാണ് കാര്യങ്ങള്‍ ഇത്രത്തോളം വൈകുന്ന അവസ്ഥ ഉണ്ടാക്കിയത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ നേരിട്ടുള്ള കരിപ്പൂര്‍ സര്‍വീസ് തുടങ്ങുന്നുവെന്ന വാര്‍ത്ത അത്യധികം ആഹ്ലാദത്തോടെയാണ് സഊദിയിലെ ലക്ഷക്കണക്കിനാളുകള്‍ ശ്രവിച്ചത്.

വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതിയായതോടെ സഊദി എയര്‍ലൈന്‍സിനു പുറമേ എയര്‍ ഇന്ത്യയും സഊദിയിലേക്കു സര്‍വീസിനൊരുങ്ങുന്നുണ്ട്. യു. എ. ഇ യില്‍ നിന്നും വിവിധ എയര്‍ലൈനുകളും കരിപ്പൂരിലേക്ക് വലിയ വിമാന സര്‍വീസ് തുടങ്ങാനൊരുങ്ങുന്നുണ്ട്.

മലബാര്‍ ഡെവലപ്‌മെമെന്റ് ഫോറം അടക്കമുള്ള സമര സംഘടനകളുടേയും, ഒട്ടേറെ യുവജന സംഘടനകളുടേയും, ജന പ്രതിനിധികളുടേയുമെല്ലാം നീണ്ട കാലത്തെ പരിശ്രമങ്ങളുടേയും പ്രതിഷേധങ്ങളുടേയും ഫലമായാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ വീണ്ടും അനുമതി ലഭ്യമായത്‌