വിധികള്‍ക്കു പിന്നിലെ കാണാക്കെണികള്‍

സ്വവര്‍ഗ ലൈംഗികത ഭരണഘടനാനുസൃതമാണ്. സുപ്രീം കോടതി വിധി! ഞാനൊരു സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ള ആളല്ലാത്തതിനാല്‍ അതില്‍ സന്തോഷിക്കാനൊന്നും ഉണ്ടായിരുന്നില്ല. കോടതി പറയുന്നു, ഇനിമേല്‍ വ്യഭിചാരം കുറ്റകൃത്യമല്ല. ഞാനൊരു വ്യഭിചാര തത്പരനല്ലാത്തതിനാല്‍ അതിലും എനിക്ക് ആഹ്ലാദിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ശബരിമലയില്‍ തീര്‍ഥയാത്ര മാത്രമല്ല വിനോദയാത്രയും ആകാമെന്നാണ് ഏറ്റവും ഒടുവിലത്തെ വിധി. ഞാനൊരു അയ്യപ്പ ഭക്തനല്ലാത്തതിനാല്‍ ഈ വിധിയും എന്നെ സന്തോഷിപ്പിക്കുകയോ ദുഃഖിപ്പിക്കുകയോ ചെയ്തില്ല. ഇതെന്റെ മാത്രമല്ല സൈ്വര്യജീവിതം കാംക്ഷിക്കുന്ന ഏതൊരു കേരളീയപൗരന്റെയും പൊതുവികാരമാണ്. ഞാനെന്തുതിന്നണം, ഞാനെങ്ങനെ വസ്ത്രം ധരിക്കണം ഇതൊക്കെ ഇനി കോടതികള്‍ തീരുമാനിച്ചുകളയുമോ? ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ നമുക്കെന്തിനാണ് മന്ത്രിസഭകളും നിയമനിര്‍മാണ സമിതികളും ജനപ്രതിനിധികളുമൊക്കെ?
Posted on: October 5, 2018 8:30 am | Last updated: October 4, 2018 at 9:24 pm

സ്വവര്‍ഗ ലൈംഗികത ഭരണഘടനാനുസൃതമാണ്. സുപ്രീം കോടതി വിധി! ഞാനൊരു സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ള ആളല്ലാത്തതിനാല്‍ അതില്‍ സന്തോഷിക്കാനൊന്നും ഉണ്ടായിരുന്നില്ല. വ്യഭിചാരം അരുതെന്ന് ബൈബിളും ഖുര്‍ആനുമൊക്കെ പറയുന്നു. നമ്മുടെ സുപ്രീം കോടതി പറയുന്നു ഇനിമേല്‍ വ്യഭിചാരം ((adultary) കുറ്റകൃത്യമല്ല. ഞാനൊരു വ്യഭിചാര തത്പരനല്ലാത്തതിനാല്‍ അതിലും എനിക്ക് ആഹ്ലാദിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ശബരിമലയില്‍ തീര്‍ഥയാത്ര മാത്രമല്ല വിനോദയാത്രയും ആകാമെന്നാണ് ഏറ്റവും ഒടുവിലത്തെ വിധി. ഏതു പ്രായത്തിലുള്ള സ്ത്രീകളെയും അയ്യപ്പസന്നിധിയിലേക്ക് സഹയാത്രകളാക്കാന്‍ ഇനിമേല്‍ സാധ്യമാണ്. ഞാനൊരു അയ്യപ്പ ഭക്തനല്ലാത്തതിനാല്‍ ഈ വിധിയും എന്നെ സന്തോഷിപ്പിക്കുകയോ ദുഃഖിപ്പിക്കുകയോ ചെയ്തില്ല. ഇതെന്റെ മാത്രമല്ല സൈ്വര ജീവിതം കാംക്ഷിക്കുന്ന ഏതൊരു കേരളീയപൗരന്റെയും പൊതുവികാരമാണ്. ഞാനെന്തുതിന്നണം, ഞാനെങ്ങനെ വസ്ത്രം ധരിക്കണം ഇതൊക്കെ ഇനി കോടതികള്‍ തീരുമാനിച്ചുകളയുമോ?

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ നമുക്കെന്തിനാണ് മന്ത്രിസഭകളും നിയമനിര്‍മാണ സമിതികളും ജനപ്രതിനിധികളുമൊക്കെ. ഇവരെല്ലാം ജനാധിപത്യത്തിന്റെ വെറും അലങ്കാരങ്ങള്‍. ഇവ ഇനി നമുക്കാവശ്യമില്ലെന്നു ജനം ചിന്തിച്ചു തുടങ്ങിയാല്‍ നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കും? മേല്‍ പ്രഖ്യാപന പരമ്പരകളുടെ കൂട്ടത്തില്‍ തന്നെ ബഹുമാനപ്പെട്ട പരമോന്നത കോടതി മറ്റൊരു വിധിപ്രഖ്യാപനവും നടത്തി. പാര്‍ലിമെന്റ് മെമ്പര്‍മാര്‍ക്ക് പാര്‍ലെമെന്റിലെ ജോലിക്കു പുറമെ കൂടുതല്‍ വരുമാനമുണ്ടാക്കുന്ന വക്കീല്‍ പണിയും ചെയ്യാമെന്ന്. രാജ്യം ഭരിക്കാന്‍ യോഗ്യരെന്നു കണ്ട് ജനം വോട്ടുചെയ്ത് അധികാരത്തിലേറ്റിയ ജനപ്രതിനിധികള്‍ വെറും നോക്കി കുത്തികളെന്നല്ലേ ഈ വിധി ന്യായം വായിച്ചാല്‍ തോന്നുക, കഷ്ടം!. ഇത്തരം കോടതിവിധികളെ വെളിവില്‍ സ്വാഗതം ചെയ്യുകയും ഒളിവില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന ജനപ്രതിനിധികള്‍ ഇനി തലയില്‍ മുണ്ടിട്ടു പുറത്തിറങ്ങുന്നതായിരിക്കും ബുദ്ധി.

വിഭിന്നശേഷിക്കാരായി പരിഗണിക്കാം
സ്വവര്‍ഗലൈംഗികത, ഒരു പൊതു ലൈംഗികസ്വഭാവമൊന്നുമല്ല. അപൂര്‍വമായി കാണപ്പെടുന്ന ചില ജനറ്റിക്ക് ആക്‌സിഡന്റെകള്‍ എന്ന ആനുകൂല്യം നല്‍കി അവരെക്കൂടെ വിഭിന്നശേഷിക്കാര്‍ ((Handicapped) എന്ന വിഭാഗത്തില്‍പ്പെടുത്തി അനുഭാവപൂര്‍വം പെരുമാറാവുന്നതാണ്. അതിനുപകരം സ്വാഭാവിക ലൈംഗികതക്കു ബദലായ ഒരു തരം നിരുത്തരവാദപരമായ സഹജീവിതത്തിലേക്കു ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന പല ഘടകങ്ങളും ഇപ്പോഴത്തെ സുപ്രീം കോടതിവിധിയിലുണ്ട്. ഇപ്പോള്‍ തന്നെ ആഭ്യസ്ഥവിദ്യരായ പെണ്‍കുട്ടികള്‍ക്കനുയോജ്യരായ ജീവിതപങ്കാളികളെ കണ്ടെത്തുന്നതിന് ഒത്തിരി ബുദ്ധിമുട്ടുകള്‍ ഉണ്ട്. വിവാഹമോചനവും ബഹുപങ്കാളിത്ത ലൈംഗികതയും വര്‍ധിച്ചു വരികയാണ്. ഗര്‍ഭധാരണം, പ്രസവം , ശിശുപരിപാലനം തുടങ്ങിയ സ്വാഭാവിക മാനവശേഷികളെ ചെറുപ്പക്കാര്‍ അകാരണമായി ഭയപ്പെടുന്നു. അത്തരക്കാര്‍ക്കൊരു രക്ഷാമാര്‍ഗം കൂടിയാണ് കുറ്റ വിമുക്തമാക്കപ്പെടുന്ന സ്വവര്‍ഗലൈംഗികത പോലുള്ള വൈകൃതങ്ങള്‍.

പ്രകൃതി നിയമത്തെ മനുഷ്യന്‍ മേല്‍കീഴ്‌നോക്കാതെ ലംഘിച്ചു തുടങ്ങുമ്പോള്‍ പ്രകൃതി സ്വയം സംരക്ഷണത്തെ കരുതിയുള്ള ചില തിരിച്ചടികള്‍ നല്‍കും. വഴിവിട്ടുള്ള കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിനു പ്രകൃതി അപ്പപ്പോള്‍ നല്‍കിയ ശിക്ഷകളായിരുന്ന പലതരം ഗുഹ്യരോഗങ്ങള്‍. നമ്മുടെ ഇടയില്‍ ഇതുപ്രചരിപ്പിച്ചത് പറങ്കികള്‍ (പോര്‍ട്ടുഗീസുകാര്‍) ആയതുകൊണ്ട് നമ്മള്‍ ഇത്തരം രോഗങ്ങളെ പറുങ്കിപ്പുണ്ണെന്ന് വിളിച്ചു. പറുങ്കിപ്പുണ്ണിനെ നേരിടാനുള്ള അതിശക്തമായ ഔഷധങ്ങള്‍ പ്രചാരത്തില്‍ വന്നതോടെ മനുഷ്യര്‍ ഗുഹ്യരോഗങ്ങള്‍ക്കെതിരെ വിജയക്കൊടി പാറിച്ചു എന്ന തോന്നല്‍ ഉളവാക്കി. ഇതാവരുന്നു മറ്റൊരു വില്ലന്‍ അക്യൂട്ട് ഇമ്മ്യൂണ്‍ഡെഫിഷ്യന്‍ സി സിന്‍ഡ്രേം- എയ്ഡ്‌സ്്. വൈദ്യശാസ്ത്രം എയിഡ്‌സിനു മുന്നില്‍ അടിയറവ് പറയുക തന്നെ ചെയ്തു. പാശ്ചാത്യ വികസിത നാടുകളിലെ സ്വവര്‍ഗലൈംഗികതക്ക് എയിഡ്‌സിന്റെ വ്യാപനവുമായി അഭേദ്യബന്ധമുണ്ടെന്നും വൈദ്യശാസ്ത്രം സമ്മതിക്കുന്നു.

കുട നിവര്‍ത്തുന്നു നമ്മള്‍
അതെന്തുമാകട്ടെ നമ്മളും വളരുകയാണ്. പരിഷ്‌കാരത്തിന്റെ കാര്യത്തില്‍ പശ്ചിമ യൂറോപ്പും യു എസും ആണല്ലൊ നമ്മുടെ ഗുരുക്കന്മാര്‍. അവിടെ മഴ പെയ്യുമ്പോള്‍ ഇവിടെ നമ്മള്‍ കുട നിവര്‍ത്തി തുടങ്ങണം. ഉഭയസമ്മതപ്രകാരം ആര്‍ക്കും ആരോടും ശാരീരിക ബന്ധത്തിലേര്‍പ്പെടാം എന്നാണ് കണ്ടെത്തല്‍. സ്വന്തം ഭാര്യയുടെ പരപുരുഷബന്ധത്തിന് ഭര്‍ത്താവിന് സമ്മതം നല്‍കാം. മറിച്ചും ആകാം. ഇത്തരം അഡ്ജസ്റ്റ്‌മെന്റുകളുടെ ധാരാളം കഥകള്‍നോവലുകളിലും സിനിമകളിലും ഒക്കെ കണ്ടിട്ടുണ്ട്. അതിന്റെ അനന്തരഫലങ്ങളില്‍ എരിഞ്ഞടങ്ങിയ ജീവിതചിത്രങ്ങളും നമുക്കു മുമ്പിലുണ്ട്. കാഴ്ച കാണാനെത്തുന്ന യൂറോപ്യന്‍ ടൂറിസ്റ്റുകള്‍ക്ക് ലൈംഗിക പങ്കാളികളെ മാത്രമല്ല താത്കാലിക സഹശയനത്തിനു യുവതീയുവാക്കളെയും പ്രാപിക്കുന്നതിന് ഇനിന്മേല്‍ നിയമം ഒരു പ്രതിബന്ധമാകാനിടയില്ല.

കേസുകളെ ബാധിക്കും
ഈയിടെ ഒച്ചപ്പാടുകളുണ്ടാക്കിയ രണ്ട് കേസുകളായിരുന്നല്ലോ ഓര്‍ത്തഡോക്‌സ് വൈദികരുടെ കുമ്പസാരകൂട്ടിലെ ക്രൂരതയും ബിഷപ്പ് ഫ്രാങ്കോ കുറവിലങ്ങാട് മഠത്തിന്റെ അതിഥി മുറിയില്‍ കടന്നുകയറി കര്‍ത്താവിന്റെ മണവാട്ടിയുടെ മേല്‍ പൗരുഷ പരാക്രമം കാണിച്ചതിനും എതിരെ നടന്ന രണ്ട് കേസുകള്‍. ഈ കേസുകളുടെ അവസ്ഥയെന്താകുമെന്നറിയാന്‍ ഒത്തിരി ദൂരം ഒന്നും പോകേണ്ടിവരില്ല. ഇത്തരക്കാരെ എന്തടിസ്ഥാനത്തില്‍ ഏതു കോടതിക്കാണ് ഇനി ശിക്ഷിക്കാനാകുക? കുമ്പസാരരഹസ്യം പരസ്യപ്പെടുത്തുന്നത് ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറ്റകൃത്യമാകുന്നില്ല. സഭാനിയമങ്ങളാണ് അതിനെ കുറ്റകൃത്യമായിക്കാണുന്നത്. നിയമം ലംഘിച്ചവര്‍ സാധാരണക്കാരാണെങ്കിലേ സഭ ശിക്ഷണനടപടികള്‍ക്കു വിധേയരാക്കൂ. കത്തനാരോമെത്രാനോ ഒക്കെയാണെങ്കില്‍ അവരോടു ദൈവം ചോദിച്ചോളും എന്ന ആശ്വാസമാണ് വിശ്വാസികള്‍ക്ക്. ഒന്നിലേറെ തവണ പല പുരുഷന്മാരുമായി ബന്ധപ്പെട്ടതിന്റെ കുറ്റബോധം ഉണരാനും അത് നീതിന്യായകോടതികള്‍ക്ക് മുമ്പിലെത്തിക്കാനും എന്തുകൊണ്ട് ഇത്രകാല താമസം ഉണ്ടായി എന്ന ചോദ്യത്തിന്റെ മുമ്പില്‍ വീട്ടമ്മയുടെ പീഡനക്കേസ് പുതിയ സുപ്രീം കോടതി വിധിയുടെ കൂടി വെളിച്ചത്തില്‍ അഗ്നിയുടെ മുമ്പില്‍ മെഴുകുപോലെ ഉരുകിപോകുകയേ ഉള്ളൂ. ഉഭയസമ്മത പ്രകാരമുള്ള ബന്ധം മാത്രമായിരുന്നു എന്നും തങ്ങളല്ല ആ സ്ത്രീ തങ്ങളെയാണ് ലൈംഗിക ബന്ധത്തിനു പ്രേരിപ്പിച്ചതെന്നും കുറ്റാരോപിതരായി ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന വൈദികര്‍ക്ക് കോടതിയെ ബോധ്യപ്പെടുത്താവുന്നതേയുള്ളൂ. ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ഏതാണ്ട് 20 വര്‍ഷം വരെ തടവ് ശിക്ഷയനുഭവിക്കാന്‍ മതിയായ തരത്തിലുള്ളതാണ്. സുപ്രീം കോടതി വ്യഭിചാരം കുറ്റകൃത്യമല്ലെന്നു വിധിച്ചതോടെ ഈ വകുപ്പുകളൊക്കെ നനഞ്ഞ പടക്കം പോലെ ചീറ്റിപോകുകയല്ലേയുള്ളൂ.

ബിഷപ്പ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്തര്‍ക്കു മുമ്പില്‍ നടത്തിയ കുറ്റനിഷേധം കോടതിയില്‍ കുറ്റസമ്മതം ആക്കി തിരുത്തിപ്പറയാന്‍ അത്രകൂടിയ നിയമോപദേശം വേണ്ടിവരുമെന്ന് തോന്നുന്നില്ല. അങ്ങനെ ചെയ്യുന്ന പക്ഷം കുറവിലങ്ങാട് മഠത്തിന്റെ അതിഥി മുറിയില്‍ നടന്ന 13 പ്രാവശ്യത്തെ ബന്ധത്തില്‍ ബലാത്സംഗത്തിന്റെ അംശങ്ങള്‍ തീരെയില്ലെന്നും നടന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം മാത്രമായിരുന്നുവന്നും സമര്‍ഥിച്ചാല്‍ പിന്നെ എന്തു വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ ശിക്ഷിക്കാന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ്ക്കു കഴിയുക. സ്ത്രീ സഹജമായ ദൗര്‍ബല്യത്തെ മുതലെടുത്തും, പുണ്യപാപങ്ങളെ സംബന്ധിച്ച വികൃതഭാവനകള്‍ ചെറുപ്രായത്തിലേ തലയിലടിച്ചേല്‍പ്പിച്ചതു വഴി തങ്ങള്‍ വെറും കുഞ്ഞാടുകളും തങ്ങളെ മേയ്ക്കുന്ന ഇടയന്മാര്‍ പുണ്യവാളന്മാരുമാണെന്ന് വിശ്വസിച്ചു വിധേയപ്പെട്ടുപോയ പാവം സ്ത്രീയെ കേക്ക് മുറിച്ചു പങ്കുവെക്കുന്ന ലാഘവത്തോടെ പങ്കുവെച്ച ആ വൈദിക കശ്മലന്മാര്‍ക്കും പൗരോഹിത്യ മേലധികാരത്തിന്റെ ചെങ്കോലും കിരീടവും കാട്ടി കീഴ്സ്ഥാനിയായ ഒരു കന്യാസ്ത്രീയെ പലതവണ ദുഷ്പ്രവര്‍ത്തികള്‍ക്കു പ്രേരിപ്പിച്ചിട്ട് ഒളിച്ചുകളിക്കുന്ന ബിഷപ്പിനും അദ്ദേഹത്തിന് കുഴലൂത്തു നടത്തുന്ന പി സി ജോര്‍ജിനെപ്പോലുള്ള കോമാളി രാഷ്ട്രീയക്കാര്‍ക്കും എന്തു ശിക്ഷകള്‍കിട്ടിയാലും അത് അധികമാകില്ല. പക്ഷേ എവിടെ എങ്ങനെ കിട്ടാന്‍. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധങ്ങളില്‍ കുറ്റം വേണ്ടതില്ലെന്നല്ലേ കോടതി വിധി. വാദി പ്രതിയാകുന്നു. ആട് പട്ടിയാകുന്നു. വല്ലാത്ത ഒരു പൊല്ലാപ്പ് തന്നെ.

ശബരിമലയിലേക്ക് വിനോദയാത്ര !
അയ്യപ്പന്‍ അഥവാ ശാസ്താവ് സാക്ഷാല്‍ ബുദ്ധന്‍ തന്നെയാണ്. ആധുനിക ജന്തുശാസ്ത്ര പഠനങ്ങളനുസരിച്ച് ഓരോ മനുഷ്യനിലും പൈതൃകമായി അവര്‍ക്കു ലഭിച്ച ക്രോമസോമുകള്‍, ഡി എന്‍ എ ഇവയുടെ അടിസ്ഥാനത്തില്‍ ലൈംഗികാസക്തി ഏറിയും കുറഞ്ഞുമിരിക്കും. പൊതുവെ ഇന്ത്യന്‍ പുരാണേതിഹാസങ്ങളിലെ അവതാരപുരുഷന്മാര്‍ ലൈംഗികാനന്ദ വിഷയത്തില്‍ ഏറെ ആസക്തി പുലര്‍ത്തിയവരായിരുന്നു. ഇവരില്‍ നിന്ന് ഏറെ വ്യത്യസ്തനായ ഒരു അവതാര പുരുഷനായിട്ടാണ് ബി സി 6-ാം ശതകത്തില്‍ ഭാരതത്തിന്റെ കിഴക്കുഭാഗത്തുള്ള ഒരു ചെറിയ നാട്ടുരാജാവായ ശുദ്ധോധന രാജാവിന്റെ പുത്രനായി ജീവിച്ച സിദ്ധാര്‍ത്ഥ രാജകുമാരനെ പരിഗണിച്ചു പോരുന്നത്. ചുറ്റുപാടും വര്‍ധിച്ചു വരുന്ന ദാരിദ്ര്യം, രോഗം, മരണം തുടങ്ങി മനുഷ്യന്‍ ഈ ജീവിതത്തില്‍ അനുഭവിച്ചുപോരുന്ന ദുഃഖങ്ങളുടെ രഹസ്യം മനസ്സിലാക്കുക അതിനുപരിഹാരം നിര്‍ദേശിക്കുക എന്ന ഏകലക്ഷ്യവുമായിട്ടാണ് സിദ്ധാര്‍ത്ഥന്‍ ബാല്യകൗമാരങ്ങള്‍ പിന്നിട്ടത്. പക്ഷേ, മകന്റെ ഈ മാനസികാസ്വാസ്ഥ്യത്തിനു പരിഹാരമായി പിതാവ് കണ്ടെത്തിയത് എത്രയും വേഗം മകനെ വിവാഹിതനാക്കുക എന്നതായിരുന്നു. ഭാര്യയായി സിദ്ധാര്‍ത്ഥന്റെ ജീവിതത്തിലേക്കു കടന്നുവന്ന യശോധര യഥാസമയം ഒരു കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് കേവലം ഏഴ് ദിവസം മാത്രം പ്രായമുള്ളപ്പോള്‍ കൊട്ടാരം വിട്ട് ഭിക്ഷുവായി ശിഷ്ടകാലം ചെലവഴിക്കാന്‍ ഇറങ്ങിതിരിച്ച സിദ്ധാര്‍ത്ഥന് ഒരു ദിവസം ബോധോദയം ഉണ്ടാകുകയും ബുദ്ധനായി മാറുകയും ചെയ്തു. ബുദ്ധന്റേതെന്നു പറയുന്ന ശക്തമായ ഒരു സംഘടിത മതവും പില്‍ക്കാലത്ത് പിറവിയെടുത്തു. ബ്രാഹ്മണിക് ഹിന്ദുമതത്തിന്റെ ദുരാചാരങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും ഒരു ജനതയെ ഒന്നാകെ മോചിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ചരിത്രപുരുഷനായ ശ്രീബുദ്ധന്‍ വ്യാപരിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം അനുയായികള്‍ പേറെടുക്കാന്‍ പോയവള്‍ ഇരട്ടപെറ്റു എന്നു പറയുന്നതു പോലെ അത്യന്തം വഷളായ ഒരു സംഘടിതമതം ബ്രാഹ്മണിക്ക് ഹിന്ദു മതത്തിന് സമാന്തരമായി രൂപപ്പെടുത്തി. ഇരു കൂട്ടരും തമ്മില്‍ ഉള്ള സംഘര്‍ഷം അതീവ രൂക്ഷമായപ്പോള്‍ ബുദ്ധന്റെ പേരില്‍ ഒട്ടേറെ കെട്ടുകഥകള്‍ പ്രചരിച്ചു. പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടായപ്പോള്‍ അവശേഷിച്ച ബുദ്ധമതക്കാരില്‍ ഏറെപ്പേരും ചൈന, ടിബറ്റ് ബര്‍മ, ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ അഭയം തേടി അവിടെ വേരിറക്കി. ദക്ഷിണേന്ത്യയിലേക്ക് പലായനം ചെയ്ത ബുദ്ധമതഭക്തന്മാരില്‍ ഏറെപ്പേരും കേരളതീരങ്ങളുടെ വിവിധകേന്ദ്രങ്ങളിലായി അധിവാസമുറപ്പിച്ചു. എട്ടാം നൂറ്റാണ്ടോടെ പ്രബലമായ ശൈവവൈഷ്ണവ സംഘര്‍ഷത്തില്‍ ഏതെങ്കിലും ഒരു പക്ഷം പിടിച്ചു ഹിന്ദു മുഖ്യധാരയില്‍ ലയിച്ചു ചേരാന്‍ വിസമ്മതിച്ച ബുദ്ധമതാനുയായികള്‍ ഒരു പുതിയ ദൈവത്തെ കണ്ടെത്തി. അതായിരുന്നു ശാസ്താവ്- അഥവാ അയ്യപ്പന്‍.

കമ്പരാമാണം പറയുന്നു
അയ്യപ്പന്‍ ആരാധനാമൂര്‍ത്തിയായെന്ന് മനസ്സിലാക്കിയ ബ്രാഹ്മണ പൂജാരികള്‍ വളരെ പെട്ടന്ന് ഒരു കഥയുണ്ടാക്കി അയ്യപ്പനെ ഹൈന്ദവവത്കരിച്ചു. അങ്ങനെയുണ്ടാക്കിയ കഥകളില്‍ ഒന്നായിരുന്നു മോഹിനിവേഷം പൂണ്ട വിഷ്ണുവില്‍ ശിവനാകൃഷ്ടനായി ആ ബന്ധത്തില്‍ പിറന്ന പുത്രനാണ് അയ്യപ്പന്‍ എന്ന കഥ. കമ്പരാമായണം ബാലകാണ്ഡത്തിലാണീ കഥയുള്ളത്. ഇത്തരം കഥകളെ അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം ആണ്‍പെണ്‍ ഭേദമന്യേ തമിഴ്‌നാട്ടില്‍ നിന്നും ശബരിമലയിലേക്കുള്ള തീര്‍ഥാടകപ്രവാഹം. രജസ്വലയായ സ്ത്രീയുടെ ശാരീരിക അശുദ്ധിയുമായി ബന്ധപ്പെട്ടാണ് ആര്‍ത്തവവിരാമം വരാത്ത സ്ത്രീകളുടെ ശബരിമല വിലക്കെന്ന് കരുതുക വയ്യ. സ്ത്രീകള്‍ തന്നെ ഉപാസിക്കുന്നത് അയ്യപ്പനിഷ്ടമല്ലെന്ന പ്രചാരണവും അസംബന്ധമാണ്. ബുദ്ധമതതത്വങ്ങളില്‍ ആകൃഷ്ടനായി ധര്‍മശാസ്താവായി മാറിയ അയ്യപ്പന്റെ ബ്രഹ്മചര്യനിഷ്ഠ അടിസ്ഥാനപരമായി ലൈംഗിക ഉദാത്തവത്കരണം (Sexual sublimation) എന്ന തത്വത്തില്‍ ഊന്നിയതായിരുന്നു. ഇത് യഥാര്‍ഥത്തില്‍ എല്ലാ പൗരസ്ത്യ ആധ്യാത്മിക ദര്‍ശനങ്ങളിലും അന്തര്‍ലീനമായ ഒരു തത്വമായിരുന്നു. പാശ്ചാത്യര്‍ അതിനെ സ്ത്രീ വിരുദ്ധത എന്ന അര്‍ഥത്തില്‍ വിശദീകരിച്ചു. ലൈംഗിക ഉദാത്തവത്കരണം സ്ത്രീക്കും പുരുഷനും പ്രായഭേദമന്യേ സാധ്യമാണ്.
പന്തളം രാജാവിന്റെ കൊട്ടാരത്തില്‍ രാജാവിന്റെ വാത്സല്യ ഭാജനമായി വളര്‍ന്ന അയ്യപ്പനില്‍ അനുരക്തയായ ഒരു സ്ത്രീയുണ്ടായിരുന്നു. ആ സ്ത്രീയാണ് പില്‍ക്കാലത്ത് മാളികപ്പുറം എന്ന പേരില്‍ അയ്യപ്പക്ഷേത്രത്തിന് സമീപം തന്നെ പ്രതിഷ്ഠിക്കപ്പെട്ടത്. അയ്യപ്പന്‍ ഒരു സ്ത്രീവിരുദ്ധനൊന്നുമായിരുന്നില്ല. ബുദ്ധമത തത്വങ്ങളില്‍ ആ കൃഷ്ടനായി കൊട്ടാരം വിട്ടിറങ്ങിയ അയ്യപ്പനോടൊപ്പം പ്രണയഭാജനമായ മാളികപ്പുറത്തമ്മയും ഉണ്ടായിരുന്നു. ഇരുവരും ഭൗതികജീവിതാസക്തി തീര്‍ത്തും ഉപേക്ഷിച്ച് ഇന്നത്തെ ശബരിമലയില്‍ കഠിനതപസ്സില്‍ വ്യാപരിക്കുകയായിരുന്നു. അവരുടെ അംഗരക്ഷകനായി വാവരെന്ന ഒരു യുവാവും ഉണ്ടായിരുന്നു. തപസ്സിന്റെ മൂര്‍ധന്യാവസ്ഥ സമാധി അടയലാണ്. അയ്യപ്പനും മാളികപ്പുറവും സമാധിയായതിനെ തുടര്‍ന്ന് വാവര്‍ സമീപത്തുള്ള മുസ്‌ലിം പള്ളിയില്‍ അന്തേവാസിയായി മാറുകയും ഇസ്‌ലാമിക ജീവിതശൈലിയിലേക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്തിരിക്കാം. അദ്ദേഹത്തിന്റെ ഖബര്‍ സ്ഥാന്‍ ജാതിമതഭേദമന്യെ ഭക്തന്മാര്‍ക്കും ഒരു പുണ്യസ്ഥലമായി പില്‍ക്കാലത്ത് മാറി. പന്തളം രാജകുടുംബം ഈ മൂന്ന് ആരാധനാകേന്ദ്രങ്ങളുടെയും സ്വയം പ്രഖ്യാപിത രക്ഷാധികാരിയായി മാറുകയും നാട്ടുരാജ്യങ്ങള്‍ കേരള സംസ്ഥാനത്തില്‍ ലയിച്ചുചേര്‍ന്നതോടെ ശബരിമല അയ്യപ്പന്റെയും മാളിക പുറത്തമ്മയുടെയും വാവരുടെയും ഉടമസ്ഥത കേരള സര്‍ക്കാറില്‍ നിക്ഷിപ്തമാകുകയും ചെയ്തു.

വൈകാരിക പ്രശ്‌നം
ഇപ്പോള്‍ വിവാദമായ കോടതിവിധികള്‍ക്കു പിന്നില്‍ നീഗൂഢമായ ഒരു അന്താരാഷ്ട്രാ ഗൂഢാലോചന സുബുദ്ധികള്‍ക്ക് നിഷ്പ്രയാസം ആരോപിക്കാവുന്നതേയുള്ളൂ. വലതുപക്ഷമതയാഥാസ്ഥിതിക തീവ്രവാദികള്‍ എന്നൊക്കെ കരുതപ്പെടുന്ന ആര്‍ എസ് എസ് ആണ് ഈ വിധിയെ ആദ്യമായി സ്വാഗതം ചെയ്തത് എന്നോര്‍ക്കണം. അതോടെ കേരളത്തിലെ ബി ജെ പിക്കാര്‍ വെട്ടിലായി. മറ്റു രണ്ട് വിധികളെ അപേക്ഷിച്ച് ശബരിമലയിലെ സ്ത്രീപ്രവേശനം കേരളത്തിലെ ഹിന്ദുമത ഭക്തന്മാര്‍ ഒരു വൈകാരിക പ്രശ്‌നമായി തന്നെ കാണുന്നു.

ഇടതു പാര്‍ട്ടികള്‍ ഈ വിധിയെ പരസ്യമായി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഉള്ളുകൊണ്ട് അസ്വസ്ഥരാണ്. സ്ത്രീകളുടെ അവകാശ സംരക്ഷണം എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും ഹിന്ദുക്കളിലെ സ്ത്രീകളാണ് ഈ വിധിയെ കഠിനമായി എതിര്‍ക്കുന്നത്. ഇതെല്ലാം കണ്ട് നമുക്കിടയില്‍ പിടിമുറുക്കിയിരിക്കുന്ന കോര്‍പറേറ്റ് താത്പര്യങ്ങള്‍ അമര്‍ത്തി ചിരിക്കുകയാണ്. കേരളം മറ്റൊരു സിംഗപ്പൂരോ തയ്‌ലാന്‍ഡോ ഒക്കെയാവുകയാണ്. സമ്പന്ന രാജ്യങ്ങളിലെ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് പത്ത് പുത്തനുണ്ടാക്കാനുള്ള അവസരം സജ്ജമാക്കുന്നതില്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, ബി ജെ പി കക്ഷികള്‍ എല്ലാം ഏകമനസ്‌കരാണ്. പ്രളയമോ സുനാമിയോ ഭൂകമ്പമോ എന്തുതന്നെ വന്നാലും ഗാഡ്ഗിലും പരിസ്ഥിതി തീവ്രവാദികളും എന്തുതന്നെ പറഞ്ഞാലും കേരളത്തെ സമ്പന്ന നാടുകള്‍ക്കു മുമ്പില്‍ വില്‍പ്പനക്കു വെക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന ധാരണ ശരാശരി മലയാളിയുടെ മനസ്സില്‍ ഇവരെല്ലാവരും ചേര്‍ന്ന് സൃഷ്ടിച്ചുകഴിഞ്ഞു. നെല്ലോതെങ്ങോ റബ്ബറോ ഒന്നുമല്ല ഇനി നമുക്കുവേണ്ടത്. വിമാനത്താവളങ്ങളും റിസോര്‍ട്ടുകളും ആണെന്ന സുവിശേഷം പ്രചരിച്ചു തുടങ്ങി. കരിങ്കല്‍ ഖനനവും ചെങ്കല്ല് വെട്ടിയെടുക്കലും ഒക്കെ നിര്‍ബാധം നടക്കണം. കൂറ്റന്‍ കെട്ടിടങ്ങളും അങ്ങോട്ടെത്തിചേരാന്‍ പാകത്തിലുള്ള അന്താരാഷ്ട്രാ നിലവാരത്തിലുള്ള റോഡുകളും നിര്‍മിക്കണം. റിസോര്‍ട്ടുകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും മദ്യം ഒഴുക്കണം. മധുരാക്ഷികളുടെ നഗ്നമേനികള്‍ വില്‍പ്പനക്കു വെക്കണമെങ്കില്‍ വ്യഭിചാരം കുറ്റകൃത്യമല്ലെന്ന് സ്ഥാപിക്കപ്പെടണം. തീര്‍ഥാടനകേന്ദ്രങ്ങള്‍ വിനോദയാത്രാ കേന്ദ്രങ്ങളായി മാറണം.നിലവിലുള്ള നിയമവ്യവസ്ഥകള്‍ ഇതിനെല്ലാം ചില തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതെടുത്തു മാറ്റുന്ന ചുമതലകള്‍ കോടതികള്‍ തന്നെ ഏറ്റെടുക്കുന്ന പക്ഷം രാഷ്ട്രീയക്കാരെ ആരും കുറ്റപ്പെടുത്തില്ല. ഇത്തരം ചില ആസൂത്രിത ഗൂഢാലോചനകളാണ് ഇപ്പോഴത്തെ കോടതിവിധികളിലൂടെ നടപ്പില്‍ വന്നുകഴിഞ്ഞത്. ഇനി എന്തൊക്കെ വിധികളായിരിക്കും ഇതിനു സമാനമായി വരാന്‍ പോകുന്നത്? താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ അവിടെ നായ് ഇരിക്കും എന്ന് പഴമക്കാര്‍ പറയാറുള്ളത് ഇവിടുത്തെ രാഷ്ട്രീയക്കാരെ ഉദ്ദേശിച്ചായിരുന്നിരിക്കണം. മനുഷ്യാവകാശങ്ങളുടെയും ലിംഗനീതിയുടെയും പേരില്‍ ഇത്തരം കോടതി വിധികളെ മുന്‍പിന്‍ നോക്കാതെ സ്വാഗതം ചെയ്യുന്നവര്‍ കോളനിയാനന്തര കോര്‍പറേറ്റ് ചൂഷണത്തിന് അറിഞ്ഞോ അറിയാതെയോ ഓശാന പാടുകയല്ലേ ചെയ്യുന്നത്?