Connect with us

Editorial

ശബരിമലയും കോടതി വിധിയും

Published

|

Last Updated

ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമായി കോടതി പ്രഖ്യാപിച്ചെങ്കിലും സമൂഹത്തില്‍ കോടിതിവിധി സമ്മിശ്ര പ്രതകരണമാണുണ്ടാക്കിയത്. തങ്ങളുടെ പുരോഗമന നിലപാടിന് ലഭിച്ച അംഗീകാരമാണിതെന്നാണ് ഇടതുപാര്‍ട്ടികളുടെ അവകാശ വാദം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതി ഉത്തരവ് നടപ്പാക്കാനുള്ള തയ്യാറെടുപ്പിലുമാണ്. അതേസമയം, പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് മല ചവിട്ടാമെന്ന വിധിക്കേതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കാനും വിധി മറികടക്കാനായി നിയമനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാറിനെ സമീപിക്കാനുമുള്ള തീരുമാനത്തിലാണ് പന്തളം രാജകുടുംബം. ആരാധന സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരും ആചാര്യന്‍മാരുമാണെന്നും അവരുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ എടുത്തുചാടി സര്‍ക്കാര്‍ ഒന്നും ചെയ്യരുതെന്നുമായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ളയുടെ നിലപാട്. ഹൈന്ദവ സ്ത്രീസമൂഹത്തിലും പൊതുവെ കോടതി വിധിയോട് അനുകൂലമായ നിലപാടല്ല പ്രകടമായതെന്നാണ് ചാനലുകള്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നത്.

മതവുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതി അടുത്തിടെ സ്വീകരിച്ചു വരുന്ന നിലപാട് അത്ര ആശാസ്യകരമല്ല. പുരോഗമന നാട്യക്കാരെ തൃപ്തിപ്പെടുത്താനുളള ആവേശത്തില്‍ ഭരണഘടനാ തത്വങ്ങളെ പോലും കോടതി വിസ്മരിക്കുയാണോ എന്ന് സന്ദേഹമുയര്‍ത്തുകയാണ് ശബരിമല സ്ത്രീ പ്രവേശം, മുത്വലാഖ് തുടങ്ങിയ വിഷയങ്ങളിലെ വിധിപ്രസ്താവങ്ങള്‍. ശബരിമല വിഷയത്തില്‍ വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിലെ വനിതാ പ്രതിനിധി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടത് പോലെ വിവിധ മതാചാരങ്ങള്‍ പുലര്‍ത്തുന്ന ഇന്ത്യയില്‍ ആര്‍ക്കും അവര്‍ വിശ്വസിക്കുന്ന മതങ്ങളില്‍ ഉറച്ചുനില്‍ക്കാനും ആചാരങ്ങള്‍ പിന്തുടരാനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. ഒരു വിഭാഗത്തിന്റെ വിശ്വാസവും ആചാരവും ഇതര സമൂഹത്തെ ഹാനികരമായി ബാധിക്കുന്നില്ലെങ്കില്‍ കോടതിയുടെ ഇടപെടല്‍ ആശാസ്യമല്ല. യുക്തി മാനദണ്ഡമാക്കി മതകാര്യങ്ങള്‍ പരിശോധിക്കുകയോ ന്യായാധിപന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ മതാചാരങ്ങളെ കുറിച്ചുള്ള വിധിയില്‍ പ്രതിഫലിക്കുകയോ അരുത്. ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതത്തിന്റെ ഉത്തരവാദപ്പെട്ട നേതാക്കളും ആചാര്യന്മാരുമാണ് തീരുമാനിക്കേണ്ടത്. അതില്‍ കോടതി ഇടപെടരുത്. ആഴത്തില്‍ വേരൂന്നിയ മതവിശ്വാസങ്ങളെ, രാജ്യത്തിന്റെ മതനിരപേക്ഷതക്കായി മാറ്റിയെഴുതരുതെന്ന് അവര്‍ തന്റെ വിധിയില്‍ വ്യക്തമാക്കുന്നു.

ഹിന്ദു മതത്തില്‍ ഒരു പ്രതിഷ്ഠ നടത്തുമ്പോള്‍ ചില വ്യവസ്ഥകള്‍ വെക്കാറുണ്ട്. ക്ഷേത്ര അനുഷ്ഠാനങ്ങള്‍ ആ വ്യവസ്ഥകള്‍ക്കനുസരിച്ചു മാത്രം നടത്തുന്നതാണ് കാലങ്ങളായുള്ള കീഴ്‌വഴക്കവും ചര്യയും. ശബരിമലയില്‍ അയ്യപ്പന്മാര്‍ക്കും അതിന്റെ നടത്തിപ്പുകാരായ പന്തളം രാജകുടുംബത്തിനുമുണ്ട് അവരുടേതായ ചിലവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും. അവതാര പുരുഷനെന്നു സങ്കല്‍പിക്കപ്പെടുന്ന അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നാണ് അയ്യപ്പ ഭക്തരുടെ വിശ്വാസം. തുടര്‍ച്ചയായ 41 ദിവസത്തെ വ്രതശുദ്ധി ആചരിച്ചായിരിക്കണം ഭക്തര്‍ ക്ഷേത്ര ദര്‍ദശനം നിര്‍വഹിക്കേണ്ടത്. സ്ത്രീസാന്നിധ്യം ഈ രണ്ട് സങ്കല്‍പങ്ങള്‍ക്കും ഭംഗം സൃഷ്ടിക്കുമെന്നതാണ് അവര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നാണ് രാജകുടുംബത്തിന്റെയും ആചാര്യന്മാരുടെയും വിശദീകരണം. ആചാരപരമായ സവിശേഷതകള്‍ കൊണ്ടാണ് ശബരിമലയുടെ വിശുദ്ധസങ്കല്‍പം നിലനില്‍ക്കുന്നതെന്നും ഈ അടിസ്ഥാന സങ്കല്‍പങ്ങളുടെ നിരാസം ക്ഷേത്രദര്‍ശനത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുമെന്നും അവര്‍ ആശങ്കിക്കുന്നു. ഈ വിശ്വാസങ്ങളും സങ്കല്‍പങ്ങളും യുക്തിഭദ്രമാകട്ടെ, അല്ലാതിരിക്കട്ടെ അതിനെതിരെ വാളോങ്ങാതിരിക്കാന്‍ മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 24,25 അനുച്ഛേദങ്ങളനുസരിച്ചു രാജ്യം ബാധ്യസ്ഥമാണ്.

മതവിശ്വാസവും ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വാതന്ത്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സ്വാതന്ത്രത്തിന്റെ വിജയമായാണ് കോടതി ഉത്തരവിലൂടെ പ്രകടമായതെന്നും കാലത്തിന് അനുസരിച്ചു മതത്തില്‍ നവീകരണം ആവശ്യമാണെന്നുമാണ് പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് അഭിപ്രായപ്പെട്ടത്. എന്നാല്‍ കോടതിയുടെ നിയമപരവും താത്വികവുമായ വിജയമല്ല, മതവിശ്വാസത്തിന് ഭരണഘടന നല്‍കുന്ന ഉറപ്പിന്മേലുള്ള കോടതിയുടെ കടന്നു കയറ്റമാണ് ശബരിമല, മുത്വലാഖ് തുടങ്ങിയ വിഷയങ്ങളില്‍ സംഭവിച്ചത്. കാലത്തിനനുസരിച്ചു നവീകരണം ആവശ്യമായ മതങ്ങളുണ്ടായിരിക്കാം. എന്നാല്‍ എല്ലാ മതങ്ങളെയും അത്തരത്തില്‍ കാണരുത്. അഥവാ ഏതെങ്കിലും മതത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യാണെങ്കില്‍ തന്നെ അതിന് മുന്‍കൈയെടുക്കേണ്ടതും നടപ്പിലാക്കേണ്ടതും ആ മതത്തിന്റെ നേതൃത്വമാണ്. ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റങ്ങള്‍ ഉരുത്തിരിഞ്ഞു വരേണ്ടത് ബഹുസ്വരത നിലനില്‍ക്കുന്ന രാജ്യത്ത് അതാത് സമൂഹത്തില്‍ നിന്നു തന്നെയായിരിക്കണം. കോടതികള്‍ക്കും സര്‍ക്കാറിനും വഴികാട്ടിയുടെയോ ഉപദേശകന്റെയോ റോള്‍ വഹിക്കാമെന്നല്ലാതെ നിലപാടുകള്‍ അടിച്ചേല്‍പിക്കാവതല്ലെന്നാണ് ഭരണഘടന നല്‍കിയ മതസ്വാതന്ത്ര്യത്തിന്റെ അന്തസ്സത്ത.
വിവിധ മതവിഭാഗങ്ങളുടെ ആചാരങ്ങള്‍ അംഗീകരിക്കുകയും വകവെച്ചു കൊടുക്കുകയും ചെയ്യുന്ന ശൈലിയാണ് അടുത്ത കാലം വരെയും കോടതികളും ഭരണകൂടങ്ങളും സ്വീകരിച്ചു വന്നത്. സിഖ് മതക്കാര്‍ക്ക് സൈന്യത്തില്‍ പോലും താടിയും തലപ്പാവും ധരിക്കാന്‍ അനുവാദം നല്‍കിയതും മതപരമായ കാരണങ്ങളാല്‍ യഹോവ സാക്ഷിക്കാര്‍ക്ക് ദേശീയ ഗാനം ആലപിക്കാനാവില്ലെന്ന നിലപാട് കോടതി അംഗീകരിച്ചതും മതസ്വാതന്ത്ര്യത്തിന്റെ ഈ വിശാലാര്‍ഥം ഉള്‍ക്കൊണ്ടായിരുന്നു. ഇന്നിപ്പോള്‍ സാമൂഹിക നീതിയുടെയും ലിംഗസമത്വത്തിന്റെയും പേരുപറഞ്ഞു കോടതികള്‍ക്ക് എന്തിലും കൈകടത്താമെന്നും പ്രമാണങ്ങളെ അവഗണിച്ചു മതവിഷയങ്ങളെ സ്വയേഷ്ടം വ്യാഖ്യാനിക്കാമെന്നുമുള്ള അവസഥ സംജാതമായിരിക്കുന്നു. ഇത് തിരുത്തപ്പെടേണ്ടതുണ്ട്.

---- facebook comment plugin here -----

Latest