Connect with us

Articles

എണ്ണ വിലയും കോണ്‍ഗ്രസ് സാമ്പത്തിക നയങ്ങളും

Published

|

Last Updated

തനിക്ക് മുമ്പേ രാജ്യം ഭരിച്ച നെഹ്‌റു മുതല്‍ രാജീവ് ഗാന്ധി വരെയുള്ളവരുടെ മന്ത്രിസഭകള്‍ക്കൊന്നും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയില്‍ കാര്യമായ പുരോഗതി കൈവരിക്കാനായില്ലെന്ന പരോക്ഷമായ കുറ്റപ്പെടുത്തലോടെ സാമ്പത്തിക രംഗത്ത് കുതിച്ച് ചാട്ടം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നരസിംഹ റാവു ക്ഷണിച്ച് വരുത്തിയ വ്യക്തിയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. കോണ്‍ഗ്രസ് ആശയക്കാരനായിരുന്നെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍ പോലും ജനപക്ഷ സമരപരിപാടികളിലോ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് മല്‍സരങ്ങളിലോ ഭാഗഭാക്കായിട്ടില്ലാത്ത സിംഗിനെ ധനകാര്യ വകുപ്പ് മന്ത്രിയായി ചുമതലപ്പെടുത്താന്‍ റാവുവിനെ പ്രേരിപ്പിച്ച ഘടകം അദ്ദേഹം റിസര്‍വ്വ് ബേങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ ദേശീയ തലത്തിലും അന്താരാഷ്ട്ര നാണയനിധി മെമ്പര്‍ എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി എന്നതായിരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരക്കുന്ന പരിഷ്‌കാരങ്ങള്‍ക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. അതിന്റെ ഭാഗമായി സോഷ്യലിസ്റ്റ്/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയില്‍ പടുത്തുയര്‍ത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവത്കരണത്തിനും ഉദാരവത്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിംഗിന്റെ ആദ്യ പരിഷ്‌കാരം. ഇത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സാമ്പത്തിക വിദഗ്ധരില്‍ നിന്നുമെല്ലാം ഒട്ടേറെ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തി. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ പങ്ക് നിര്‍വഹിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ കുത്തകള്‍ക്ക് കൈമാറുന്നതില്‍ റാവു മന്‍മോഹന്‍ സിംഗ്് കൂട്ടുകെട്ടിന് അതീവ താത്പര്യമായിരുന്നു.

പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന നരസിംഹ റാവു ഗവര്‍മെന്റ് സംഘ്പരിവാര സംഘടനകള്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. തീവ്രവാദ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും അനുയോജ്യമായ അവസരമായിട്ടാണ് അവര്‍ റാവു ഭരണകാലത്തെ കണ്ടിരുന്നത്. ഏകാധിപത്യ സര്‍ക്കാറിനെ പോലെ പ്രവര്‍ത്തിക്കുകയും പ്രമാണി വര്‍ഗ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തതിന്റെ ഫലമായി ജനങ്ങള്‍ റാവു സര്‍ക്കാറിനെ തുടര്‍ന്നും അധികാരത്തിലേറ്റാന്‍ തയ്യാറായില്ല. ഇങ്ങനെയാണ് 1996 മെയ് 16 മുതല്‍ ജൂണ്‍ ഒന്ന് വരെയുള്ള ദിവസങ്ങളില്‍ അടല്‍ ബിഹാരി വാജ്‌പൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ഭരണം നിര്‍വഹിക്കാനായത്.

അധികാരത്തില്‍ അവരോധിക്കപ്പെട്ട് രണ്ടാഴ്ച തികയുന്നതിന് മുമ്പായി വാജ്പയ്ക്ക് രാജിവെക്കേണ്ടി വന്നു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെയും കൂടെ പിന്തുണയോടെ പ്രധാനമന്ത്രി പദത്തില്‍ എത്തിയ വ്യക്തിയായിരുന്നു എച്ച് ഡി ദേവഗൗഡ. എന്നാല്‍ പ്രധാനമന്ത്രിയായി അധികകാലം അധികാരത്തിലിരിക്കാന്‍ ജനതാദള്‍ നേതാവായിരുന്ന ദേവഗൗഡയെ കോണ്‍ഗ്രസ് അനുവദിച്ചില്ല. പകരം ഐ കെ ഗുജ്‌റാള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ തന്നെ ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. ഗുജ്‌റാളിനെയും 11 മാസ
ത്തിലധികം ഭരണത്തിലിരിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചിരുന്നില്ല.
തങ്ങളുടെ നേതൃത്വത്തിലല്ലാത്ത ഒരു സര്‍ക്കാറിനും സുസ്ഥിര ഭരണം നടത്താന്‍ സാധ്യമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു വി പി സിംഗ്, ചന്ദ്രശേഖര്‍, ദേവഗൗഡ, ഐ കെ ഗുജ്‌റാള്‍ എന്നീ സഖ്യ കക്ഷി സര്‍ക്കാറുകളെ കോണ്‍ഗ്രസ് താഴെ ഇറക്കിയത്. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന മുദ്രാവാക്യം സുസ്ഥിര സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് തങ്ങളെ തിരഞ്ഞെടുക്കണമെന്നായിരുന്നു. എന്നാല്‍, ഒരു പരീക്ഷണമെന്ന നിലയില്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി മുന്നണിയെയാണ് ജനം ഭരണം എല്‍പിച്ചിരുന്നത്.

വാജ്‌പെയിയുടെ നേതൃത്വത്തില്‍ അഞ്ച് കൊല്ലക്കാലം സുസ്ഥിരമായ ഭരണം കാഴ്ചവെക്കുന്നത് അനുഭവിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കൂട്ട് കക്ഷി ഭരണമെന്ന ചിന്ത കോണ്‍ഗ്രസിന് ഉണ്ടായത്. അത്തരത്തിലൊരു തിരിച്ചറിവിന്റെ ഭാഗമായി അധികാരത്തില്‍ വന്നതായിരുന്നു ഡോ. മന്‍മോഹന്‍ സിംഗിന്റെ ഒന്നാം യു പി എ സര്‍ക്കാര്‍. റാവു സര്‍ക്കാറിലെ ധനമന്ത്രി എന്ന നിലയില്‍ കൊണ്ടുവന്ന പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതില്‍ അതീവ താത്പരനായിരുന്ന മന്‍മോഹന്‍ സിംഗിനെ ഇന്ത്യയുടെ 13-ാമത്തെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിയവരില്‍ പുത്തന്‍ സാമ്പത്തിക നയത്തെ ശക്തിയുക്തം എതിര്‍ത്തിരുന്ന ഇടത് പാര്‍ട്ടികളും ഉണ്ടായിരുന്നു. ആദ്യ യു പി എ സര്‍ക്കാറിന് ഇടത് പിന്തുണയുള്ളപ്പോള്‍ തന്നെ തന്റെ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാന്‍ സിംഗ് ശ്രമച്ചിരുന്നു.

അമേരിക്കയുമായുള്ള കരാറിന്റെ പേരില്‍ ഇടതുപക്ഷം ഒന്നാം യൂ പി എ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അധികാരത്തിലേറി. അങ്ങനെയാണ് രണ്ടാം യു പി എ സര്‍ക്കര്‍ നിലവില്‍ വരുന്നത്. മന്‍മോഹിന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ജന വിരുദ്ധ നടപടികള്‍ ഓരോന്നായി പരിശോധിച്ചാല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സമ്പന്ന വിഭാഗത്തോട് ഇത്രയധികം ഉദാരസമീപനങ്ങള്‍ സ്വീകരിച്ചിട്ടുള്ള മറ്റൊരു സര്‍ക്കാറും ഉണ്ടായിരുന്നില്ല എന്ന് കാണാവുന്നതാണ്. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യം ഉയര്‍ത്തി കാട്ടിയിരുന്നവയിലധികവും മന്‍മോഹന്‍ സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലമുള്ള ഇന്ധന വിലവര്‍ധനവും തൊഴിലില്ലായ്മയും മറ്റനേകം ജന വിരുദ്ധ നടപടികളുമൊക്കെ തന്നെയായിരുന്നു. അതിന്റെ ഭാഗമായിട്ട് കൂടിയാണ് ചരിത്രത്തില്‍ ആദ്യമായി പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് പോലും അര്‍ഹതയില്ലാത്ത വിധം കോണ്‍ഗ്രസ് പരാജയം ഏറ്റ് വാങ്ങേണ്ടി വന്നത്.

എതായാലും, ഭരണകര്‍ത്താക്കളുടെ ജനവിരുദ്ധ നിലപാടുകള്‍ തുറന്ന് കാണിക്കുന്നതിനു ബാധ്യതയുണ്ട് എന്ന തിരിച്ചറിവിന്റെ ഭാഗമായിട്ടാകാം ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ബന്ദ് നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായത്. പൊറുതിമുട്ടിയ ജനങ്ങള്‍ ബന്ദിന് അനുകൂലമായിട്ടാണ് പ്രതികരിച്ചിരുന്നതെങ്കിലും വില വര്‍ധനവിന് കാരണമായത് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളുടെ ഭാഗമായിട്ടല്ലേ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏറെ പ്രയാസപ്പെടുകയാണ്.

വര്‍ത്തമാന ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്നത് മന്‍മോഹന്‍ സര്‍ക്കാറിന്റെ പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായുള്ള വില വര്‍ധനവുകളും മോദി സര്‍ക്കാറിന്റെ വര്‍ഗീയതയിലൂന്നിയ അടിച്ചമര്‍ത്തലുകളെയുമാണ്. അതുകൊണ്ട് തന്നെ ആസന്നമായ തിരഞ്ഞെടുപ്പില്‍ ആരെയാണ് അധികാരമേല്‍പിക്കേണ്ടത് എന്ന കാര്യത്തില്‍ ജനങ്ങള്‍ അവ്യക്തതയിലുമാണ്. ഭാരത ബന്ദിന്റെ ഭാഗമായി കോണ്‍ഗ്രസിനോടൊപ്പം സഹകരിച്ച് നില്‍ക്കുന്നതിനും മോദി സര്‍ക്കാറിനെതിരായി നിലകൊള്ളാനും മതേതര പാര്‍ട്ടികള്‍ തയ്യാറായി എന്നത് ഏറെ പ്രതീക്ഷകള്‍ക്ക് ഇടനല്‍കുന്നതാണ്. ഈയൊരു സാഹചര്യത്തില്‍ ഒറ്റകക്ഷി ഭരണമോഹം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുകയും, കഴിഞ്ഞ കാലങ്ങളില്‍ തങ്ങള്‍ നടപ്പിലാക്കിയ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ പൂര്‍ണമായും തള്ളി കളഞ്ഞ് ജനഹിത നയപരിപാടികള്‍ക്ക് രൂപം നല്‍കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ഒരു ജനകീയ ജനാധിപത്യ മതേതര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുകയും ചെയ്താല്‍ ജനം അത്തരത്തിലൊരു സര്‍ക്കാറിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ തയ്യാറാകും. കോണ്‍ഗ്രസ് നേതൃത്വം അതിന് തയ്യാറാകാത്ത പക്ഷം മോദി സര്‍ക്കാറിന്റെ കൂടെ കോണ്‍ഗ്രസിനെയും അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനും പകരം പ്രാദേശിക പാര്‍ട്ടികളെ അധികാരത്തിലെത്തിക്കുന്നതിനുമുള്ള ശ്രമങ്ങളായിരിക്കും ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവാനിടയുള്ളത്.

Latest