Connect with us

Articles

തുടര്‍ ചലനങ്ങളുടെ തീവ്രത എത്രയായിരിക്കും?

Published

|

Last Updated

ചാരക്കേസിലെ സുപ്രീം കോടതി വിധി സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കുന്ന പ്രത്യാഘാതവും ചര്‍ച്ചയാവുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്ന വാദത്തിന് അംഗീകാരമായതോടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമെന്നതിലാണ് ആകാംക്ഷ. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ദിശ ഏതറ്റം വരെ നീങ്ങുമെന്നതിനെ ആശ്രയിച്ചായിരിക്കും പ്രത്യാഘാതത്തിന്റെ ആഴം.
കരുണാകരനെ ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ നീക്കങ്ങളാണെന്ന മുന്നേയുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനം നല്‍കുന്നതാണ് സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവ്. അന്വേഷണ സംഘത്തിനെതിരെയാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും പരിശോധന ഉള്ളറകളിലേക്ക് നീങ്ങിയാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലരെയെങ്കിലും അത് പ്രതിരോധത്തിലാക്കുമെന്നുറപ്പ്.

മുറിവേറ്റത് കെ കരുണാകരനായതിനാല്‍ അദ്ദേഹത്തിന്റെ കുടുംബം സ്വീകരിക്കുന്ന നിലപാടിനെ കൂടി ആശ്രയിച്ചാകും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇതുണ്ടാക്കുന്ന പ്രതിഫലനം. സുപ്രീം കോടതി വിധിക്ക് പിന്നാലെ കരുണാകരന്റെ മകള്‍ പത്മജ അല്‍പ്പം കടുപ്പിച്ച് തന്നെയാണ് പ്രതികരിച്ചത്. മകന്‍ കെ മുരളീധരനാകട്ടെ മിതത്വം പാലിക്കാന്‍ ശ്രമിച്ചതും ശ്രദ്ധേയം. ഈ വൈരുധ്യം തന്നെയാകും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ തുടര്‍ രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്നത്.
കരുണാകരനെതിരെ പടനയിച്ച എ ഗ്രൂപ്പിനെ കൃത്യമായി ലക്ഷ്യമിടുന്നതായിരുന്നു പത്മജയുടെ പ്രതികരണം. അച്ഛനെതിരെ ഗൂഢാലോചന നടത്തിയ അഞ്ച് നേതാക്കളുടെ പേരുകള്‍ അവസരം ലഭിച്ചാല്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തുമെന്ന നിലപാട് എ ഗ്രൂപ്പ് നേതാക്കളുടെ ഹൃദയമിടിപ്പ് കൂട്ടാന്‍ മാത്രം പര്യാപ്തമാണെന്നാണ് ഉപശാലകളിലെ വര്‍ത്തമാനം. അഞ്ചിലൊന്ന് ഉമ്മന്‍ചാണ്ടിയാണെന്ന് അന്നത്തെ രാഷ്ട്രീയം വായിച്ചവരെല്ലാം ഒരേസ്വരത്തില്‍ വ്യക്തമാക്കുന്നുമുണ്ട്. മറ്റുള്ളവര്‍ അദ്ദേഹത്തിന്റെ ഇടംവലം നിന്ന നേതാക്കളും. ആന്റണിയെ വാഴിക്കാന്‍ ഉമ്മന്‍ ചാണ്ടിയും സംഘവും നടത്തിയ രാഷ്ട്രീയ നീക്കമായിരുന്നു ചാരക്കേസ് എന്ന അഭിപ്രായം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പലവട്ടം ഉയര്‍ന്നതാണ്. ചാരക്കേസിന്റെ രാഷ്ട്രീയം വിശദീകരിച്ച ചെറിയാന്‍ ഫിലിപ്പിനെ പോലെയുള്ള നേതാക്കള്‍ പലകുറി ഇത് ആവര്‍ത്തിച്ചിട്ടുമുണ്ട്. സമീപകാല രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ചില തിരിച്ചടികള്‍ നേരിട്ട വേളയില്‍ ഇക്കാര്യം ഉന്നയിക്കപ്പെട്ടിട്ടുമുണ്ട്. എന്തായാലും പത്മജ പൊട്ടിച്ച വെടി ജുഡീഷ്യല്‍ കമ്മീഷന്‍ രേഖപ്പെടുത്തുന്ന സാഹചര്യം വരികയും റിപ്പോര്‍ട്ടിന്റെ ഭാഗമാകുകയും ചെയ്താല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ തന്നെയുണ്ടാക്കും.

പത്മജയോളം മുരളീധരന്‍ കടുപ്പിക്കില്ലെന്നതാണ് എ ഗ്രൂപ്പിനുള്ള ആശ്വാസം. കരുണാകരന് ശേഷം രമേശ് ചെന്നിത്തല നയിക്കുന്ന വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു പത്മജയും മുരളിയും. പത്മജ ഐ ഗ്രൂപ്പില്‍ തന്നെയാണെങ്കിലും മുരളീധരനെ ഇപ്പോള്‍ അങ്ങനെ പറയാന്‍ കഴിയില്ല. രമേശിനേക്കാള്‍ ഉമ്മന്‍ ചാണ്ടിയോട് അടുപ്പം സൂക്ഷിക്കാനാണ് ഇപ്പോള്‍ മുരളീധരന്‍ ശ്രമിക്കുന്നത്. സുപ്രീം കോടതി ഉത്തരവിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് ഇക്കാര്യം വായിക്കാനുമാകും. സംസ്ഥാന നേതാക്കളെ തൊടാതെ മുന്‍പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനെ ലക്ഷ്യമിട്ടായിരുന്നു മുരളിയുടെ പ്രതികരണം. സംസ്ഥാന രാഷ്ട്രീയത്തിലെ ആരെയും പിണക്കാനില്ലെന്ന് പറയാതെ പറഞ്ഞ പോലെ. ചാരക്കേസില്‍ തന്നെ മുമ്പ് പലവട്ടം കടുത്ത വാക്കുകള്‍ ഉപയോഗിച്ചിരുന്ന മുരളീധരന്‍ തന്നെയാണ് ഇപ്പോള്‍ മിതഭാഷയില്‍ സംസാരിക്കുന്നതെന്ന് കൂടി ഇതോട് ചേര്‍ത്ത് വായിക്കണം.

ഐ ഗ്രൂപ്പ് എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്. പരസ്യമായ ഗ്രൂപ്പ് പോര് കോണ്‍ഗ്രസില്‍ ഇപ്പോള്‍ പതിവുള്ളതല്ല. ഉമ്മന്‍ ചാണ്ടിയും രമേശും രണ്ട് ചേരികളുടെ തലപ്പത്ത് വന്നത് മുതല്‍ പുറമേയെങ്കിലും ഒരുമിച്ച് നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. പ്രതിപക്ഷനേതൃപദവി രമേശിന് വെച്ചുനീട്ടിയതോടെ ഉമ്മന്‍ ചാണ്ടിയുമായി ഏറ്റുമുട്ടാന്‍ അദ്ദേഹം മെനക്കെടാറുമില്ല. അതിനാല്‍ അന്വേഷണത്തെ ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കാന്‍ ഐ ഗ്രൂപ്പ് ശ്രമിക്കില്ലെന്ന് സാരം. അതേസമയം, ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് എന്താകും എന്നതിനെ ആശ്രയിച്ചാകും ഈ വെടിനിര്‍ത്തലിന്റെ ഭാവി. ഏത് നേതാവിന്റെ കാര്യത്തിലായാലും കോണ്‍ഗ്രസില്‍ കാലുവാരി വീഴ്ത്താന്‍ ഇപ്പോള്‍ ആരും ശ്രമിക്കാറില്ല. എന്നാല്‍, ഒരു നേതാവ് വീഴുന്ന ഘട്ടം വന്നാല്‍ പാതാളത്തിലേക്ക് ചവിട്ടാന്‍ ആളുണ്ടാകും. ചാരക്കേസിന്റെ രാഷ്ട്രീയം കൂടി ചര്‍ച്ച ചെയ്യുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് കമ്മീഷന്റെ കണ്ടെത്തലായി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതെങ്കില്‍ അത് വലിയ പ്രത്യാഘാതത്തിന് വഴിവെച്ചേക്കാം.

തത്കാലം ഒന്നും പ്രതികരിക്കാനില്ലെന്ന മട്ടിലാണ് എ ഗ്രൂപ്പ്. പ്രതിരോധിക്കാന്‍ വേണ്ടത്ര ശേഷിയില്ലെന്ന തിരിച്ചറിവും അവര്‍ക്കുണ്ട്. എ ഗ്രൂപ്പുകാരനെങ്കിലും കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ കരുണാകരനെ ഇറക്കി വിട്ടതില്‍ കുറ്റബോധം പ്രകടിപ്പിച്ചയാളാണ്. മാത്രമല്ല, ആന്റണിക്ക് വേണ്ടി പിന്നില്‍ നിന്ന് പടനയിക്കാന്‍ ഉമ്മന്‍ ചാണ്ടിയുണ്ടായിരുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ അങ്ങനെയൊരാളില്ലെന്നതും ദൗര്‍ബല്യമാണ്. ഇതൊക്കെ കൊണ്ടുതന്നെ കാത്തിരുന്നുകാണാം എന്ന ലൈനിലാണ് എ ഗ്രൂപ്പ്.

എന്തായാലും ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചാകും ഇതുമായി ബന്ധപ്പെട്ട തുടര്‍ചലനങ്ങളെല്ലാം. പതിവ് ജുഡീഷ്യല്‍ കമ്മീഷനുകളുടെ ഗതിയാകില്ല ഇക്കാര്യത്തില്‍ സംഭവിക്കുകയെന്നുറപ്പ്. അന്വേഷിക്കാന്‍ നിയോഗിച്ചത് സംസ്ഥാന സര്‍ക്കാറോ കേന്ദ്രസര്‍ക്കാറോ അല്ല. മറിച്ച് സുപ്രീംകോടതിയാണ്. റിട്ട. സുപ്രീം കോടതി ജഡ്ജിക്കൊപ്പം സംസ്ഥാനവും കേന്ദ്രവും നിയോഗിക്കുന്ന രണ്ട് പ്രതിനിധികളുണ്ടാകും. സര്‍ക്കാറുകളുടെ താത്പര്യം കൂടി പ്രതിഫലിക്കേണ്ടതിനാല്‍ അതിന് അനുയോജ്യരായ ഉദ്യോഗസ്ഥരെ തന്നെയാകും കമ്മീഷനിലേക്ക് നിയോഗിക്കപെടുന്നത്. സുപ്രീംകോടതി നിയോഗിക്കപ്പെട്ടതായതിനാല്‍ കൂടുതല്‍ സ്വതന്ത്ര സ്വഭാവം കമ്മീഷനില്‍ നിലനില്‍ക്കുകയും ചെയ്യും.

കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ അന്വേഷണമല്ലാത്തതിനാല്‍ ഏതെങ്കിലും വിധത്തിലുള്ള പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ ഇടയില്ല. പരാതിക്കാരനായ നമ്പിനാരായണന്‍ തന്നെ അങ്ങനെയൊന്ന് ആഗ്രഹിക്കുന്നുമില്ല. സംഭവിച്ച തെറ്റുകള്‍ അന്നത്തെ അന്വേഷണ സംഘമെങ്കിലും പൊതുസമൂഹത്തിന് മുന്നില്‍ ഏറ്റുപറയണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സൂര്യകൃഷ്ണമൂര്‍ത്തി ഇടപെട്ട് സിബി മാത്യൂസുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയപ്പോള്‍ പോലും അദ്ദേഹം ഇങ്ങനെയൊരു ഡിമാന്‍ഡ് ആണ് മുന്നോട്ടുവെച്ചിരുന്നത്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എന്തുനടപടി വേണമെന്ന് തീരുമാനിക്കേണ്ടത് സുപ്രീം കോടതിയാണ്. അത് എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. പക്ഷേ, ചാരക്കേസിലെ രാഷ്ട്രീയം കൂടി റിപ്പോര്‍ട്ടിന്റെ ഭാഗമായാല്‍ അതിലെ ഓരോ വരികളും വലിയ പ്രത്യാഘാതമുണ്ടാക്കും.

Latest