പ്രതീക്ഷയുടെ വെളിച്ചവുമായി വീണ്ടും മുഹര്‍റം

Posted on: September 10, 2018 8:30 pm | Last updated: September 10, 2018 at 10:17 pm
SHARE

മുഹര്‍റം, ഹിജ്‌റ കലണ്ടറിലെ ആദ്യ മാസം. പുതിയ വര്‍ഷത്തിന് തുടക്കം കുറിക്കുന്ന പവിത്ര മാസം. ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ ചരിത്രമുറങ്ങുന്ന മാസം കൂടിയാണിത്. വര്‍ഷാരംഭമെന്ന നിലക്ക് സമയത്തിന്റെ വില സംബന്ധിച്ച് ചിന്തിപ്പിക്കുന്ന മാസവുമാണ് മുഹര്‍റം. ഇമാം ഹസനുല്‍ ബസ്വരി (റ)പറഞ്ഞതു പോലെ മനുഷ്യനെന്നാല്‍ ഏതാനും ദിനരാത്രങ്ങളുടെ സമാഹാരമാണ്. ഓരോ ദിവസവും പിന്നിടുമ്പോള്‍ അവന്റെ ഒരു ഭാഗം ഇല്ലാതെയാവുന്നതു പോലെയാണ്. നിശ്ചിത ദിവസങ്ങള്‍ കഴിഞ്ഞാല്‍ അവന്‍ അവസാനിച്ചുവെന്നര്‍ഥം.

ഇങ്ങനെയുള്ള മനുഷ്യന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആഘോഷിക്കാനെന്താണ്? ആലോചിക്കാനും ആസൂത്രണം ചെയ്യാനുമാണ് ശ്രമിക്കേണ്ടത്. ഒരു പുരുഷായുസ്സ് എന്നത് എണ്ണപ്പെട്ട ഏതാനും ദിവസങ്ങള്‍ മാത്രമാണ്. അറുപത് വയസ്സ് ലഭിച്ചാല്‍ തന്നെ 21,900 ദിവസങ്ങളാണ്. ഒരു ജീവിതം കൊണ്ട് നേടേണ്ടതെല്ലാം ഈ ആയുസ്സ് കൊണ്ട് വേണം നേടിയെടുക്കാന്‍. സമയമാണ് നമ്മുടെ മൂലധനം. അതിന്റെ മൂല്യത്തെ സംബന്ധിച്ചുള്ള ചിന്തയാണ് മുഹര്‍റം നല്‍കുന്ന പ്രധാന സന്ദേശങ്ങളിലൊന്ന്.
പ്രഭാതം, പ്രദോഷം, പൂര്‍വാഹ്നം, സായാഹ്നം, രാത്രി, പകല്‍ തുടങ്ങി സമയത്തിന്റെ വിവിധ ഘട്ടങ്ങളെ സത്യം ചെയ്തുകൊണ്ടുള്ള നിരവധി സൂക്തങ്ങളുണ്ട് ഖുര്‍ആനില്‍. സമയത്തിന്റെ വിലയെ സംബന്ധിച്ച ഗൗരവതരമായ ചിന്തകള്‍ക്ക് വേണ്ടിയാണിതെന്ന് പറയേണ്ടതില്ല.

അറുപത് വയസ്സ് ലഭിച്ച ഒരാള്‍ തന്റെ സമയത്തെ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് ചിന്തിക്കുമ്പോള്‍ നാം അത്ഭുതപ്പെട്ട് പോകും. ഒരു ദിവസം എന്നത് 24 മണിക്കൂര്‍ ആണ്. അതില്‍ എട്ട് മണിക്കൂര്‍ ഒരാള്‍ ഉറങ്ങിയാല്‍ അത് ഒരു ദിവസത്തിന്റെ മൂന്നിലൊന്നായി. അങ്ങനെ അറുപത് കൊല്ലം പിന്നിടുമ്പോള്‍ അതിന്റെ മൂന്നിലൊന്ന് (20 വര്‍ഷം) ഉറങ്ങിത്തീര്‍ത്തു. ബാക്കിയുള്ള 40 വര്‍ഷത്തില്‍ 20 വര്‍ഷത്തോളം കുട്ടിക്കാലമായും പഠനകാലമായും കഴിച്ചാല്‍ ബാക്കി 20 വര്‍ഷമാണുള്ളത്. ഇതിനകത്താണ് നമ്മുടെ യുവത്വവും വാര്‍ധക്യവും അധ്വാനകാലവും കുടുംബജീവിതവുമെല്ലാം ഒതുങ്ങുന്നത്. ആ വിലയേറിയ ആയുസ്സില്‍നിന്നാണ് ഒരുവര്‍ഷം കൊഴിഞ്ഞുപോയത്. ഇതില്‍ സംഭവിച്ച വീഴ്ചകളെക്കുറിച്ച് ചിന്തിച്ച്, പുതിയ വര്‍ഷത്തില്‍ അതിന്റെ പരിഹാരക്രിയകള്‍ ആസൂത്രണം ചെയ്യേണ്ട സമയത്ത് ആഘോഷത്തിമര്‍പ്പിന് മുതിരുന്നത് എത്രമാത്രം ചിന്താശൂന്യമാണ്?

അല്ലാഹുവിന് ആരാധനകളര്‍പ്പിക്കുന്നതിനും അതിന് സഹായകമായ കാര്യങ്ങള്‍ക്കും വേണ്ടിയാണ് ഒരു വിശ്വാസി തന്റെ സമയം ഉപയോഗിക്കേണ്ടത്. അതിനെ ഉറങ്ങി നശിപ്പിച്ചും വെറുതെയിരുന്നും അനാവശ്യ കളി തമാശകളിലേര്‍പ്പെട്ടും കളഞ്ഞു കുളിക്കരുത്. മരണം മുന്നില്‍ കാണുമ്പോള്‍ മാത്രമായിരിക്കും പലര്‍ക്കും സമയബോധമുദിക്കുക. അല്ലാഹു പറയുന്നു ‘അങ്ങനെ അവന്, മരണമെത്തുമ്പോള്‍ അയാള്‍ പറയും, നാഥാ നീ ഒന്നുകൂടി എന്നെ (ജീവിതത്തിലേക്ക്) മടക്കിയാല്‍ വീഴ്ചകളെല്ലാം പരിഹരിച്ച് ഞന്‍ സുകൃതങ്ങള്‍ ചെയ്തുകൊള്ളാം. പക്ഷേ (ആപേക്ഷക്ക് യാതൊരു വിലയുമില്ല), അത് സാധാരണ മരണാസന്നര്‍ പറയുന്ന ഒരു വാക്ക് മാത്രമാണ്. മരണശേഷം പുനര്‍ജന്മം നല്‍കപ്പെടുന്നതുവരെ ബര്‍സഖിയായ ഒരു ജീവിതം (ഖബര്‍ജീവിതം) അവര്‍ക്കുണ്ട്’.

പീഡിപ്പിക്കപ്പെടുന്നവര്‍ക്കും ആട്ടിയോടിക്കപ്പെടുന്നവര്‍ക്കുമെല്ലാം പ്രതീക്ഷയുടെ വെട്ടം നല്‍കുന്ന മാസമാണ് മുഹര്‍റം. ഫറോവയുടെ ക്രൂരമായ പീഡനത്തിന് വിധേയരായ ഒരു ജനതയായിരുന്നു ഈജിപ്തിലെ യഅ്ഖൂബ് നബി(അ)യുടെ പിന്മുറക്കാര്‍, അവരുടെ വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മൂസാനബി(അ)യെയും അവര്‍ കഠിനമായി എതിര്‍ക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്തു. അവസാനം കൊന്നു തള്ളുന്നതിനുവേണ്ടി ഫറോവ പരിവാരസമേതം നബിയേയും അനുയായികളേയും പിന്തുടര്‍ന്നപ്പോള്‍, അവരെ നൈല്‍ നദിയില്‍ മുക്കിക്കൊന്ന് കൊണ്ട് മൂസാ നബി(അ)യേയും അനുയായികളേയും അല്ലാഹു ലക്ഷപ്പെടുത്തിയത് മുഹര്‍റം പത്തിനാണ്.
ഇതുപോലെ നിരവധി അമ്പിയാക്കള്‍ക്ക് പ്രതിസന്ധികള്‍ പരിഹരിക്കപ്പെട്ട ദിവസം കൂടിയാണ് മുഹര്‍റം പത്ത്. ഇതില്‍ നന്ദി പ്രകടിപ്പിച്ചും പുതിയ വര്‍ഷത്തില്‍ കൂടുതല്‍ ക്ഷേമവും വിജയവും പീഡിതര്‍ക്ക് രക്ഷയുമെല്ലാം പ്രതീക്ഷിച്ചുകൊണ്ട് ധാരാളം നോമ്പെടുക്കാന്‍ നബി(സ) പ്രേരിപ്പിച്ചതായി കാണാം.
നബി(സ) പറഞ്ഞു: ‘റമസാന്‍ കഴിഞ്ഞാല്‍ നോമ്പിന് ഏറ്റവും മഹത്വമുള്ള മാസം അല്ലാഹുവിന്റെ മാസമായ മുഹര്‍റമാണ്’ (മുസ്്‌ലിം).
മുഹര്‍റം ഒമ്പതിനും പത്തിനും പ്രത്യേകമായ പുണ്യമുണ്ട്. ആഇശ ബീവി(റ)യില്‍നിന്നും നിവേദനം. നബി(സ) പറഞ്ഞു. ‘മുഹര്‍റം പത്തിന്റെ നോമ്പ് കഴിഞ്ഞ ഒരുവര്‍ഷത്തെ പാപം പൊറുത്തുതരുമെന്ന് അല്ലാഹുവില്‍നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നു’. (മുസ്‌ലിം).

കഴിഞ്ഞവര്‍ഷത്തെ വീഴ്ചകള്‍ പരിഹരിച്ച് കൂടുതല്‍ ശ്രദ്ധയോടെ അവശേഷിക്കുന്ന ആയുസ്സ് ചെലവഴിക്കാനുള്ള തീരുമാനമെടുത്തും അല്ലാഹു അവന്റെ ഇഷ്ടദാസന്മാര്‍ക്ക് ഈ മാസത്തില്‍ ചെയ്തു കൊടുത്ത അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍ത്ത് അതില്‍ നന്ദി കാണിച്ചുമാകട്ടെ നമ്മുടെ പുതുവത്സരാഘോഷം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here