പ്രളയം: നടപടിക്ക് വേഗം കൂട്ടണമെന്ന് കലക്ടര്‍മാരോട് മുഖ്യമന്ത്രി

Posted on: August 28, 2018 9:16 am | Last updated: August 28, 2018 at 11:12 am
SHARE

തിരുവനന്തപുരം: പ്രളയാനന്തര ദുരിതാശ്വാസത്തിന് ശേഷം പുനരധിവാസത്തിലേക്ക് കേരളം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പരമാവധി പേരെ രണ്ട് ദിവസത്തിനകം സ്വന്തം വീടുകളിലെത്തിക്കും. വീടുകള്‍ തകര്‍ന്നതിനാല്‍ മടങ്ങാന്‍ കഴിയാത്തവരെ പാര്‍പ്പിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കും. ജനജീവിതം സാധാരണ നിലയിലേക്കെത്തിക്കാന്‍ യുദ്ധകാലടിസ്ഥാനത്തിലാണ് ക്രമീകരണങ്ങളൊരുക്കുന്നത്.

ആഗസ്റ്റ് എട്ട് മുതല്‍ ഇന്നലെ വരെ 322 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. നിലവില്‍ 1,093 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 3,42,699 പേരുണ്ട്. കുട്ടനാട് മേഖലയില്‍ ഇന്നും നാളെയുമായി നടക്കുന്ന മഹാശുചീകരണ യജ്ഞം പൂര്‍ത്തിയാകുന്നതോടെ ഇവരില്‍ ഭൂരിഭാഗവും സ്വന്തം വീടുകളിലേക്ക് മടങ്ങും. വീടുകളിലേക്ക് തിരിച്ചുപോകാന്‍ സാഹചര്യമുള്ള മുഴുവന്‍ പേരും രണ്ട് ദിവസം കൊണ്ട് തിരിച്ചുപോകും എന്ന് ഉറപ്പാക്കണമെന്ന് ജില്ലാകലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തിരിച്ചുപോകുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രത്യേക ഭക്ഷണക്കിറ്റ് നല്‍കും. നേരത്തെ ക്യാമ്പ് വിട്ടുപോയവര്‍ക്ക് കൂടി ഇത് ലഭ്യമാക്കും. വീട് പൂര്‍ണമായി തകര്‍ന്നുപോയവരെയും താമസയോഗ്യമല്ലാതായവരുടെയും വിവരം ശേഖരിച്ച് ഇവര്‍ക്ക് അതത് പ്രദേശങ്ങളില്‍ തന്നെ താമസ സൗകര്യം ഒരുക്കും. സ്‌കൂളുകളല്ലാത്ത സ്ഥലം ഇതിനായി കണ്ടെത്തണം. കല്യാണമണ്ഡപങ്ങളും പൊതുഹാളുകളും ആള്‍താമസമില്ലാത്ത വലിയ വീടുകളും ഈ ആവശ്യത്തിനായി ലഭ്യമാക്കും.

കുറച്ച് ദിവസംകൂടി ക്യാമ്പുകള്‍ തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. ക്യാമ്പുകളില്‍ ഭക്ഷണം നല്‍കാന്‍ ആവശ്യമായ സാധനങ്ങള്‍ സ്‌റ്റോക്കുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
കിണറുകള്‍ മലിനമായ സ്ഥലങ്ങളിലും കുടിവെള്ളം വിതരണം മുടങ്ങിയ സ്ഥലങ്ങളിലും വാട്ടര്‍ അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നുണ്ട്. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ വീടുകളിലും വെള്ളം വിതരണം ചെയ്യുന്നുണ്ട്.
വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇനി 56,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് കണക്ഷന്‍ പുനഃസ്ഥാപിക്കാനുളളത്. മൃഗങ്ങളുടെ ശവശരീരങ്ങള്‍ മറവ് ചെയ്യുന്നത് മിക്കവാറും പൂര്‍ത്തിയായി. ഇതിനകം നാലു ലക്ഷത്തോളം പക്ഷികളുടെയും 18,532 ചെറിയ മൃഗങ്ങളുടെയും 3,766 വലിയ മൃഗങ്ങളുടെയും ശവങ്ങള്‍ സംസ്‌കരിച്ചു. നാശനഷ്ടത്തിന്റെ കണക്ക് കൃത്യമായി ശേഖരിക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. താത്കാലിക ആശ്വാസം എന്ന നിലക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ തുടര്‍ച്ചയായ ബേങ്ക് അവധി മൂലം കൈമാറാനായിട്ടില്ല. അടുത്ത ദിവസം തന്നെ തുക എല്ലാവര്‍ക്കും ലഭ്യമാക്കും.

വെള്ളം കയറിയത് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് അര്‍ഹതയുള്ളവര്‍ക്ക് അത് ലഭ്യമാക്കാന്‍ ചീഫ്‌സെക്രട്ടറി തലത്തില്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ യോഗം വിളിക്കും. വാഹനങ്ങളുടെ കാര്യത്തില്‍ ഇന്‍ഷ്വറന്‍സ് തുക വേഗം ലഭ്യമാകുന്നതിന് നടപടി വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നശിച്ചുപോയ കിടക്ക, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ ശേഖരിച്ച് ഈ മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും.

സ്‌കൂളുകള്‍ നാളെ തുറക്കുന്ന സാഹചര്യത്തില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ ഇന്ന് തന്നെ വൃത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ മലിനമായ കിണറുകള്‍ ശുചിയാക്കുന്ന നടപടി പുരോഗമിക്കുകയാണ്. കിണര്‍ ശുചിയാക്കുന്നതുവരെ കുടിവെള്ളം വീടുകളില്‍ എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here