Connect with us

Health

നടുവേദനയോ..? മാറ്റാം ഈസിയായി.....! അറിയേണ്ടതെല്ലാം ഇതാ

Published

|

Last Updated

ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്തവര്‍ തുലോം കുറവായിരിക്കും. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും പുതിയ തൊഴില്‍ രീതികളും അമിത വാഹന ഉപയോഗവും തെറ്റായ ശാരീരിക നിലകളുമാണ് നടുവേദന വ്യാപകമാകാന്‍ കാരണം.

ആര്‍ക്കൊക്കെ വരാം…..

അമിതവണ്ണമുള്ളവര്‍ക്കും കുടവയറുള്ളവര്‍ക്കും പ്രായക്കൂടുതലുള്ളവര്‍ക്കും ഭാരക്കൂടുതല്‍ ഉള്ള സാധനങ്ങള്‍ എടുക്കുന്ന തൊഴിലാളികള്‍ക്കും വ്യായാമം ഇല്ലാതെ സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും സ്ഥിരം പുകവലിക്കുന്നവര്‍ക്കും വീഴ്ച വന്ന് പരുക്കേറ്റവര്‍ക്കും നടുവേദന വരാനുള്ള സാധ്യത ഏറെയാണ്.

ലക്ഷണങ്ങള്‍…..

നടുഭാഗത്തോ പുറത്തോ ഉള്ള വേദന, കുനിയാനും നിവരാനുമുള്ള ബുദ്ധിമുട്ട്, നില്‍ക്കാനും നടക്കാനുമുള്ള പ്രയാസം, നടുവില്‍ പെട്ടെന്നുണ്ടാകുന്ന വേദന, നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും വേദന കൂടുക, കാലിന് ബലക്ഷയം തുടങ്ങിയവ നടുവേദനയുടെ ലക്ഷണങ്ങളാണ്.

നടുവേദന ഇല്ലാതാക്കാന്‍, കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

1. ശരീരഭാരം കൃത്യമായി നിലനിര്‍ത്തുക. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളുമടങ്ങിയ ഡയറ്റാണെങ്കില്‍ ശരീരഭാരം കുറച്ച് നടുവേദന ഇല്ലാതാക്കാം.

2. നടുവിന് ആയാസം വരുന്ന ഭാരമുയര്‍ത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുനിഞ്ഞു നിന്ന് ഭാരമെടുക്കുന്നതിലും നല്ലത് ഇരുന്ന ശേഷം ഭാരമുയര്‍ത്താന്‍ ശ്രമിക്കുന്നതാണ്.

3. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. സൗകര്യം കരുതി തോള്‍ മുന്നോട്ടാഞ്ഞിരിക്കുകയോ കുനിഞ്ഞിരിക്കുകയോ ചെയ്യരുത്. മോണിറ്റര്‍ കണ്ണിന് നേരെയായിരിക്കണം. മൗസ്, കീ ബോര്‍ഡ് തുടങ്ങിയവ മുട്ടിന് മുകളില്‍ വരുന്ന രീതിയില്‍ സജ്ജീകരിക്കണം.

4. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ നേരെയിരുന്ന് വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കണം. ഗട്ടറിലും കുഴിയിലുമൊന്നും വീഴാതെ സുരക്ഷിതമായി വാഹനം ഓടിക്കുക. ഇരുചക്ര വാഹനത്തിലൂടെയുള്ള ദീര്‍ഘദൂര യാത്രകള്‍ കഴിയുന്നതും ഒഴിവാക്കുക. കാര്‍ ഓടിക്കുമ്പോഴും ദീര്‍ഘനേരം ഒരേ ഇരിപ്പ് ഒഴിവാക്കുക.

5. വ്യായാമം ചെയ്യുമ്പോള്‍ നടുവിന്റെ മസിലുകള്‍ കൂടുതല്‍ സ്ട്രെച്ച് ചെയ്യുന്ന രീതിയിലുള്ളവ ചെയ്യാന്‍ ശ്രമിക്കുക. ബെന്‍ഡിംഗ് ഫോര്‍വേഡ്, ബെന്‍ഡിംഗ് ബാക്ക്, ബെന്‍ഡിംഗ് സൈഡ് ടു സൈഡ് എന്നീ വ്യായാമങ്ങള്‍ ചെയ്യുക.

6. ഇരിക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ ശരിയായ പോസ്ച്ചര്‍ നിലനിര്‍ത്തുക. ചെവിക്കു സമമായി തോളുകള്‍ വരുന്നതു പോലെയും, ഹിപ്പ് പോയിന്റ് നേരെ നില്‍ക്കുന്നതു പോലെയുമാവണം നടക്കേണ്ടത്. ഇരിക്കുമ്പോഴും നടുവ് വളഞ്ഞിരിക്കുന്നതു പോലെയാകരുത്.

7. അടിയന്തര ആവശ്യങ്ങളലല്ലാതെ പെയിന്‍കില്ലറുകളെ ആശ്രയിക്കരുത്. ആന്റിബയോട്ടിക് പെയിന്‍കില്ലറുകള്‍ കൂടുതല്‍ ബാധിക്കുന്നത് നടുവിന്റെ ആരോഗ്യത്തെയാണ്. നടുവേദന വന്നാല്‍ ആവശ്യത്തിന് വിശ്രമം എടുക്കുക ഏന്നതാണ് ആദ്യം ചെയ്യേണ്ട നടപടി. പരിപൂര്‍ണ വിശ്രമം എടുത്താല്‍ തന്നെ മിക്കപ്പോഴും സാധാരണ നടുവേദനകള്‍ക്കെല്ലാം ആശ്വാസം ലഭിക്കും.

8. കാല്‍സ്യം, വിറ്റമിന്‍ ഡി എന്നിവ മെനുവില്‍ ഉള്‍പ്പെടുത്തുക. ബലമുള്ള എല്ലുകളുണ്ടെങ്കില്‍ നടുവിന് വേദനയുണ്ടാക്കുന്ന ഓസ്ടിയോപോറോസിസ് വരാനുള്ള സാധ്യത കുറവാണ്. പാലും പാലുത്പന്നങ്ങളും, ഇലക്കറികള്‍, ദശക്കട്ടിയുള്ള മീന്‍, മുട്ടയുടെ മഞ്ഞക്കരു എന്നിവയൊക്കെ കഴിക്കുക. ശരീരഭാരം നിയന്ത്രിക്കാന്‍ ആവശ്യത്തിന് വ്യായാമവും ചെയ്യുക.

9. കാലിന് ചേരുന്ന ചെരുപ്പുകള്‍ ധരിക്കുക. ഹീല്‍ കുറവുള്ള ഫ്ളാറ്റ് ചെരുപ്പുകള്‍ നടുവേദന കുറയ്ക്കാന്‍ സഹായിക്കും. ഒരിഞ്ചില്‍ താഴെ ഹീലുള്ള ചെരുപ്പുകള്‍ ധരിക്കാന്‍ ശ്രമിക്കുക.

10. ഏറെ നേരം ഇരുന്നു ചെയ്യേണ്ട ഓഫീസ് ജോലിയാണെങ്കില്‍ കൂടി കുറച്ചു സമയം നടക്കാനും എഴുന്നേല്‍ക്കാനുമൊക്കെ ശ്രമിക്കുക. കൂടുതല്‍ സമയം ഒരേ പോസ്ച്ചര്‍ നിലനിര്‍ത്തിയാല്‍ നടുവേദന കൂടും.

11. കുടവയര്‍ കുറയ്ക്കുക. നട്ടെല്ലിനെ താങ്ങി നിര്‍ത്തുന്നത് അവയോട് ചേര്‍ന്നുള്ള പേശികളാണ്. കുടവയര്‍ നട്ടെല്ലിന് മുമ്പിലുള്ള ഉദര പേശികളുടെ ബലവും ദൃഢതയും കുറക്കും. ഇത് പിന്നിലുള്ള പേശികളുടെ ആയാസംകുട്ടും. പേശികള്‍ക്കും കശേരുക്കള്‍ക്കും ചലന വള്ളികള്‍ക്കുമൊക്കെ ഉണ്ടാകുന്ന അമിത ആയാസമാണ് നടുവേദന ഉണ്ടാക്കുന്നത്. ശാസ്ത്രീയമായ വ്യായാമ മുറകളിലൂടെ പൊണ്ണത്തടിയും കുടവയറുമൊക്കെ ഒഴിവാക്കി നടുഭാഗത്തുള്ള പേശികളെ ബലപ്പെടുത്തി നടുവേദന ഒഴിവാക്കാം.

12. യോഗ ചെയ്യുന്നതു വഴിയും നടുവേദന കുറയും. കട്ടിയേറിയ മസിലുകളെ അയയ്ക്കാനും, ശ്വാസോച്ഛ്വാസ ക്രമം നിലനിര്‍ത്താനും, കൊഴുപ്പിനെ എനര്‍ജിയാക്കി മാറ്റാനുമൊക്കെ യോഗ സഹായിക്കും.

13. ഉറക്കമില്ലായ്മ മറ്റേതൊരു ശാരീരിക പ്രശ്നവും പോലെ നടുവിനെയും ബാധിക്കും. നല്ല മെത്തയില്‍ വേണം കിടന്നുറങ്ങാന്‍. തലയിണ വയ്ക്കാതെ കിടക്കുന്നതാണ് ഏറ്റവും നല്ലത്. തറയില്‍ കിടക്കുന്നതും ഒഴിവാക്കണം. തറയിലെ തണുപ്പ് നടുവേദനക്ക് കാരണമാകും.

---- facebook comment plugin here -----

Latest