Connect with us

Articles

ഇത് ജനങ്ങളുടെ വിജയം

Published

|

Last Updated

ഡല്‍ഹി സര്‍ക്കാറിന്റെ അധികാരങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലെഫ്റ്റ്. ഗവര്‍ണര്‍ക്കെതിരായി നല്‍കിയ കേസിന്റെ വിധിയെ നാം എങ്ങനെ കാണണം? ഇതില്‍ പുതുതായി ഒന്നുമില്ലെന്നാണ് ബി ജെ പി പറയുന്നത്. ഇപ്പോഴും പരമാധികാരം ഗവര്‍ണര്‍ക്കാണെന്നവര്‍ വാദിക്കുന്നു. തന്നെയുമല്ല ഡല്‍ഹി പൂര്‍ണ സംസ്ഥാനമാക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല എന്നതില്‍ അവര്‍ ആഹ്ലാദിക്കുകയും ചെയ്യുന്നു. ഡല്‍ഹിയിലെ കോണ്‍ഗ്രസാവട്ടെ ബി ജെ പിയുടെ നിലപാടുകള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസിന്റെ പോണ്ടിച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി അങ്ങനെ കാണുന്നില്ലെന്നത് മറ്റൊരു കാര്യം. അവിടെ ലെഫ്റ്റ്. ഗവര്‍ണറായിരുന്ന കിരണ്‍ ബേദിയെക്കൊണ്ട് അദ്ദേഹവും പൊറുതിമുട്ടിയിരിക്കുകയാണ്. ഇത് ചരിത്രപരമായ ഒരു വിധിയെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, ഈ കേസില്‍ ഡല്‍ഹി സര്‍ക്കാറിന് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരം പറയുന്നു “മുമ്പ് താന്‍ ആഭ്യന്തരമന്ത്രിയും ഷീല ദീക്ഷിത് മുഖ്യമന്ത്രിയുമായിരുന്നപ്പോള്‍ ഇങ്ങനെയുള്ള ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഇപ്പോഴുണ്ടായിട്ടുള്ള വിവാദം ബി ജെ പിയും കേന്ദ്ര സര്‍ക്കാറും സൃഷ്ടിച്ചതാണ്. ഭരണഘടനാക്കോടതി ഇപ്പോള്‍ സന്തോഷകരമായി അത് പരിഹരിച്ചിരിക്കുന്നു. പോണ്ടിച്ചേരി സര്‍ക്കാറിനും ഇത് ആശ്വാസകരമാണ്.” ഇത് കെജ്‌രിവാളും മോദിയും തമ്മിലുള്ള ഒരു പ്രതിച്ഛായ തര്‍ക്കമാക്കി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത് തെറ്റായിരുന്നു എന്ന് തന്നെയാണ് നിയമവിദഗ്ധന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് തന്നെ പറയുന്നത്. കോണ്‍ഗ്രസ് മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങള്‍ എന്നറിയപ്പെടുന്നവരും ഇതിന്റെ കാരണക്കാരന്‍ വഴക്കാളിയായ ഒരു കെജ്‌രിവാള്‍ ആണെന്ന് കണ്ടെത്തിയിരുന്നല്ലോ.

വഞ്ചനയിലും അഴിമതിയിലും അഴിമതിക്കാരെ സംരക്ഷിക്കുന്നതിലും കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ എന്നും മത്സരമായിരുന്നല്ലോ. അഴിമതിക്കെതിരായി വലിയ പോരാട്ടം നടത്തി നാല് കൊല്ലം മുമ്പ് അധികാരമേറ്റ മോദി സര്‍ക്കാറിന് ഇക്കാലയളവില്‍ കോണ്‍ഗ്രസ് നടത്തിയതായി ആരോപിച്ച ഒരൊറ്റ കേസില്‍ പോലും ഒരാളെയും ശിക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല ഏറെ കുപ്രസിദ്ധമായ ടു ജി പോലുള്ള കേസുകള്‍ ആവിയായിപ്പോയി എന്നും കാണാം. യു പി എ സര്‍ക്കാര്‍ വലിയ ജനകീയ സമ്മര്‍ദങ്ങള്‍ മൂലമാണെങ്കിലും പാസാക്കിയ ഒരു മുടന്തല്‍ ലോക്പാല്‍ നിയമം ഉണ്ടല്ലോ, അത് നടപ്പാക്കാന്‍ നാല് കൊല്ലക്കാലം ഒരു ചെറുനടപടി പോലുമെടുക്കാന്‍ മോദിക്കായില്ല. അക്കാര്യത്തില്‍ ഇപ്പോള്‍ സുപ്രീം കോടതിക്ക് തന്നെ ചോദിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്.
അതെന്തായാലും നമുക്ക് ഡല്‍ഹി വിഷയത്തിലേക്ക് തന്നെ തിരിച്ചു വരാം. എന്താണ് ഭരണഘടനയനുസരിച്ചു ലെഫ്റ്റ്. ഗവര്‍ണറുടെ അധികാരങ്ങള്‍ അഥവാ ഡല്‍ഹി സര്‍ക്കാറിന്റെ അധികാരത്തിന്റെ പരിമിതികള്‍? 239 എഎ ഖണ്ഡിക ആണ് ഇതിനു ആധാരം. ഡല്‍ഹി ഒരു സാധാരണ സംസ്ഥാനമല്ല എന്ന് വ്യക്തം. രാജ്യതലസ്ഥാനം എന്ന രീതിയില്‍ രാജ്യത്തിനാകെ അവകാശപ്പെട്ടതാണ് എന്ന് 1987ലെ ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇക്കാര്യം വിധിന്യായത്തില്‍ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഡല്‍ഹിയെ മൊത്തമായി ഒരു പൂര്‍ണ സംസ്ഥാനമാക്കിയാല്‍ അവിടെ ഇരട്ട ഭരണം വരും. അത് രാജ്യത്തിനാകെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സംസ്ഥാനം തടസ്സം നിന്നാല്‍ കേന്ദ്ര സര്‍ക്കാറിന് ദേശീയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗവര്‍ണര്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ അവിടെ ഗവര്‍ണര്‍ ഏകാധിപതിയാകണം എന്നല്ല പറയുന്നത്. മന്ത്രിസഭയുടെ സഹായവും ഉപദേശവും സ്വീകരിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. ഏതെങ്കിലും വിഷയത്തില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ ആ വിഷയം രാഷ്ട്രപതിയുടെ മുന്നില്‍ കൊണ്ടുവന്നു പരിഹരിക്കണം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇവിടെ നിന്നാണ് ഈ കേസിലെ വിധിപ്രസ്താവം ആരംഭിക്കുന്നത് എന്ന് പറയാം.

എന്നാല്‍ ഡല്‍ഹി കേവലം ഒരു കേന്ദ്രഭരണപ്രദേശമല്ല. ഗവര്‍ണര്‍ അവിടെ ചോദ്യം ചെയ്യപ്പെടാത്ത പരമാധികാരിയുമല്ല. ഭരണഘടനയുടെ മേല്‍പറഞ്ഞ ഖണ്ഡിക അനുസരിച്ച് ക്രമസമാധാന, പോലീസ്, ഭൂമി എന്നീ മൂന്ന് വിഷയങ്ങള്‍ ഒഴിച്ചെല്ലാ വിഷയങ്ങളിലും നിയമം ഉണ്ടാക്കാനും ഭരണം നടത്താനും ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭക്ക് അധികാരമുണ്ട് എന്നാണ്. അത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം അഥവാ മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ് എന്നതാണ് ഇതിനര്‍ഥം. എന്നാല്‍ ഇവിടെ ഗവര്‍ണര്‍ ചെയ്തതെന്താണ്? സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം തുടങ്ങിയ അടിസ്ഥാന ഭരണനിര്‍വഹണ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ തനിക്കാണ് അധികാരം എന്ന് വ്യാഖ്യാനിച്ചു. ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ഇടപെടാന്‍ എന്ന വ്യവസ്ഥ ദുര്‍വ്യാഖ്യാനം ചെയ്ത് എല്ലാ വിഷയങ്ങളിലും ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍ക്കാറിന് പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മാണം, ഭരണം, പൊതുമരാമത്ത് വകുപ്പ്, തൊഴില്‍ വകുപ്പ്, എന്തിനു റേഷന്‍ വിതരണത്തിലെ അഴിമതി ഇല്ലാതാക്കാനുള്ള പദ്ധതിയായ “വീട്ടുപടിക്കല്‍ റേഷന്‍” എന്ന പദ്ധതിക്ക് വരെ ഉടക്കായി ഗവര്‍ണര്‍ നിന്നു. നിയമസഭ പാസാക്കി മന്ത്രിസഭ മുന്നോട്ടു വെച്ച ബില്ലുകള്‍ പോലും ഗവര്‍ണര്‍ തടഞ്ഞു വെച്ചു. അങ്ങനെ ഒരവസ്ഥയിലാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് ഗവര്‍ണറുടെ വസതിയില്‍ സത്യഗ്രഹം ഇരിക്കേണ്ടിവന്നത്. ഇതിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിധി. സര്‍ക്കാറിന്റെ അധികാരം കവര്‍ന്നെടുത്ത തെറ്റായ നടപടിക്കെതിരെ ആയിരുന്നു ആസമരം എന്നതിനാല്‍ അത് തീര്‍ത്തും ന്യായമായിരുന്നു എന്നും ഇപ്പോള്‍ ആര്‍ക്കും മനസ്സിലാകും.
2016 ഒക്ടോബറില്‍ ഗവര്‍ണര്‍ വഖ്ഫ് ബോര്‍ഡ് പിരിച്ചുവിട്ടു. ഇത് വഖ്ഫ് ഭരണത്തില്‍ നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചു. വഖഫ് ബോര്‍ഡിന്റെ 991 ആസ്തികള്‍ അന്യാധീനപ്പെടുമെന്ന സ്ഥിതിയായി. പലരും അത് നിയമവിരുദ്ധമായി കൈയടക്കി. പത്ത് മാസം മുമ്പ് ഇതിനുള്ള പരിഹാര നടപടികള്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിട്ടും ഇത് വരെ അംഗീകരിച്ചിട്ടില്ല.
യാതൊരു വിധ അധിക പ്രതിഫലവും കൈപ്പറ്റാതെ വകുപ്പ് സെക്രട്ടറിമാരായി എം എല്‍ എ മാരെ നിയമിച്ചു കൊണ്ട് നിയമസഭ പാസാക്കിയ പ്രമേയത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് 20 എം എല്‍ എ മാരെ അയോഗ്യരാക്കുന്ന നടപടി വരെ എത്തിയത്. കേരളമടക്കം പല സംസ്ഥാനങ്ങളും കോടിക്കണക്കിനു പണം മുടക്കിയാണ് ഇത്തരം ഇരട്ടപ്പദവികള്‍ നല്‍കുന്നത്. അവര്‍ക്കൊന്നും പ്രശ്‌നമില്ല, ഡല്‍ഹിയില്‍ മാത്രം യാതൊരു പ്രതിഫലവുമില്ലാതെ അത് ചെയ്തു കൂടാ എന്നുള്ള ഗവര്‍ണറുടെ വാശിയാണ് പ്രശ്‌നം. ഇതിന്റെ പിന്നില്‍ ആരെന്നു വ്യക്തം.

ലോകത്തിനാകെ മാതൃകയാകുന്ന വിധത്തില്‍ പൊതുവിദ്യാഭ്യാസത്തെ വളര്‍ത്തുന്ന ഡല്‍ഹിയില്‍ ഒരു വിദ്യാഭാസ ജില്ലക്ക് ഒരു ഐ എ എസ് ഓഫീസറെ നിയമിക്കണമെന്ന് 2017ല്‍ വിദ്യാഭ്യാസ മന്ത്രി സിസോദിയ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടും ഇന്ന് വരെ ഒരു നടപടിയും എടുത്തില്ല. രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ 2014ല്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയ അഴിമതികള്‍ സി ബി ഐ അന്വേഷിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചില്ല. ഡ്യൂട്ടി നിര്‍വഹണത്തിനിടയില്‍ കൊല്ലപ്പെടുന്ന സൈനികര്‍ക്കു ഒരു കോടി രൂപ എക്‌സ് ഗ്രീഷ്യ നല്‍കണമെന്ന 2016 ല്‍ നല്‍കിയ സര്‍ക്കാര്‍ നിര്‍ദേശം ഗവര്‍ണര്‍ തടഞ്ഞുവെച്ചു. ആ ഫയല്‍ ഇപ്പോഴും ഉറക്കത്തിലാണ്.
ഉത്തരേന്ത്യയിലെ നാല് പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, മഥുര, ഹരിദ്വാര്‍ എന്നിവിടങ്ങളിലേക്ക് ഡല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സന്ദര്‍ശനം നടത്താനുള്ള മുഴുവന്‍ ചെലവുകളും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കാനുള്ള പദ്ധതിയും അംഗീകാരം കാത്തു കഴിയുന്നു. ഇതുപോലെ നിരവധി ആശുപത്രികളുടെ നവീകരണം, യു എന്‍ പോലും ആദരിച്ച മൊഹല്ല ക്ലിനിക്കുകളുടെ സ്ഥാപനം, സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തല്‍, തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കല്‍ തുടങ്ങി ലോക്പാല്‍ വരെ ഇങ്ങനെ തടഞ്ഞിട്ടിരിക്കുകയാണ്. പല മാസങ്ങള്‍ക്കു മുമ്പ് ഇവ നടപ്പാക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് അത് ഗുണപ്രദമാകുമായിരുന്നു. മറ്റു പല സര്‍ക്കാറുകളും വികസനത്തിന് പണമില്ലെന്ന് പരാതിപ്പെട്ടാണ് കേന്ദ്രത്തിനു മുന്നില്‍ ചെല്ലുന്നത്. എന്നാല്‍, അഴിമതി കാര്യമായി കുറക്കാന്‍ കഴിയുക വഴി നികുതി വരുമാനം കൂട്ടുകയും പാഴ്‌ച്ചെലവുകള്‍ കുറക്കുകയും വഴി ഏതു വികസനത്തിനും പണമുള്ള ഡല്‍ഹി സര്‍ക്കാറിന് അധികാരം ഇല്ലെന്നു പറഞ്ഞുകൊണ്ട് തടസ്സം സൃഷ്ടിക്കുന്ന നടപടിക്കാണ് കഴിഞ്ഞ ദിവസത്തെ വിധിയോടെ അന്ത്യമായിരിക്കുന്നത് എന്ന് പറയാം.
വിധിന്യായത്തില്‍ പറയുന്നു:”വ്യക്തമായ ആശയവിനിമയങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം മുഖ്യമന്ത്രിയും മന്ത്രിസഭയും ഒരു തീരുമാനത്തില്‍ എത്തുകയും ലെഫ്റ്റ്. ഗവര്‍ണറുടെ ഇടപെടല്‍ മൂലം ആ തീരുമാനം നടപ്പാക്കാതിരിക്കുകയും ചെയ്താല്‍ കൂട്ടുത്തരവാദിത്തം എന്ന തത്വം ലംഘിക്കപ്പെടുന്നു, അത് വഴി മന്തിസഭാ തീരുമാനം നിര്‍മൂല്യമാക്കപ്പെടുന്നു” ചീഫ് തുടരുന്നു…”അത്തരം അനാവശ്യ ഇടപെടലുകള്‍ ഒരു ജനാധിപത്യ സ്വയംഭരണത്തിന്റെ ഇച്ഛകള്‍ കൂട്ടുത്തരവാദിത്തത്തോടെ നിര്‍വഹിക്കപ്പെടുക എന്ന തത്വത്തിന്റെ നിഷേധമാകുന്നു” അഞ്ചംഗ ബഞ്ച് വ്യക്തമായും ജനകീയ സര്‍ക്കാറിന്റെ അധികാരത്തിന്റെ വൈപുല്യം ഗവര്‍ണറെ കൃത്യമായി ഓര്‍മിപ്പിക്കുന്നു. ഭരണഘടന ഗവര്‍ണര്‍ക്കു സ്വതന്ത്ര തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരം നല്‍കുന്നില്ല. മന്ത്രിസഭക്ക് തന്നെയാണ് അധികാരം. മന്ത്രിസഭയുടെ തീരുമാനങ്ങളോട് ഗവര്‍ണര്‍ക്കു ഏതെങ്കിലു തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് സൗഹൃദപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അല്ലാതെ അക്കാര്യം എന്നെന്നേക്കുമായി നീട്ടിക്കൊണ്ട് പോകാനോ അതിനു തടസ്സം നില്‍ക്കാനോ പാടില്ല. എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും ഗവര്‍ണറെ അറിയിക്കണം എന്നാല്‍ അവക്കെല്ലാം ഗവര്‍ണറുടെ അനുമതിയും സമ്മതവും വേണമെന്നില്ല.

എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചുകൊണ്ടിരുന്ന മോദിക്ക് സ്വന്തം തറയില്‍ നിന്നും ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത തോല്‍വിയാണല്ലോ ഡല്‍ഹി ജനത നല്‍കിയത്. അതിനുള്ള ശിക്ഷ മൂന്നര വര്‍ഷമായി ഡല്‍ഹി ജനതക്കു മോദി നല്‍കിക്കൊണ്ടിരുന്നു. ഡല്‍ഹിയില്‍ വൈദ്യുതി വിതരണം നടത്തിക്കൊണ്ടിരിക്കുന്ന അംബാനിയുടെ റിലയന്‍സിനോട് കണക്കു ചോദിക്കാനും അവരുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കാനും 2015 മെയ് മാസത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനമെടുത്തതോടെ സംഘര്‍ഷം പ്രത്യക്ഷമായി. ഒരു പ്രത്യേക ഉത്തരവിലൂടെ അഴിമതി നിരോധന സംവിധാനത്തിന്റെ ചുമതല സംസ്ഥാന സര്‍ക്കാറില്‍ നിന്നും എടുത്തുമാറ്റി. 1993ലാണ് ഈ അധികാരം ഡല്‍ഹി സര്‍ക്കാറിന് നല്‍കിയത്. അതാണിപ്പോള്‍ ഇല്ലാതായത്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വന്നപ്പോള്‍ ഈ കേസില്‍ അന്വേഷണം നടത്താന്‍ താത്പര്യമില്ലെന്ന് അഴിമതി വിരുദ്ധ വകുപ്പ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരായി ഡല്‍ഹി സര്‍ക്കാറും രംഗത്തുവന്നു. കേന്ദ്രം നിയോഗിച്ച അഴിമതി നിരോധന ഉദ്യോഗസ്ഥന്റെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിന്നതോടെ ഭരണപ്രതിസന്ധിയായി. ഇതിനിടയില്‍ ഡല്‍ഹി ഹൈക്കോടതി നല്‍കിയ വിധി ഗവര്‍ണര്‍ക്കു എന്തും ചെയ്യാമെന്നതായിരുന്നു. അതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി നല്‍കിയ അപ്പീലില്‍ ആണ് ഇപ്പോഴത്തെ വിധി. ഒരു ജനകീയ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഏതു നിയമത്തെയും ദുര്‍വ്യാഖ്യാനം ചെയ്യാനും നിയമങ്ങള്‍ തന്നെ ലംഘിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ ജനാധിപത്യത്തിന്റെ മൂന്നാം തൂണായ സ്വതന്ത്ര നീതിപീഠം ജനങ്ങളുടെ ഇച്ഛക്കാണ് മേല്‍ക്കൈ എന്ന് പ്രഖ്യാപിക്കുക വഴി ഈ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉറപ്പിക്കുകയാണ്. ഫെഡറല്‍ ഘടന എന്ന അടിസ്ഥാനഭരണഘടനാ തത്വം പാലിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

---- facebook comment plugin here -----

Latest