സംഘ്പരിവാര്‍ തടവിലാക്കി പീഡിപ്പിച്ച അഞ്ജലിക്ക് ഒടുവില്‍ പ്രണയ സാഫല്യം

Posted on: July 1, 2018 10:01 am | Last updated: July 1, 2018 at 10:01 am
SHARE

കുന്നംകുളം: ഇതര മതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ മാതാവ് സംഘ് പരിവാറുകാരുടെ സഹായത്തോടെ രണ്ട് വര്‍ഷത്തോളം തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച തൃശൂര്‍ സ്വദേശി അഞ്ജലിയും കാമുകന്‍ മനാസും വിവാഹിതരായി. തൃശൂര്‍ കുന്നംകുളം സബ് റജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ സാഫല്യത്തിന് സാക്ഷികളാവാന്‍ മനാസിന്റെയും അഞ്ജലിയുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എത്തിയിരുന്നു. പ്രണയത്തിന്റെ പേരില്‍ ഇരുവരും നേരിട്ടത് സമാനതകളില്ലാത്ത പീഡനങ്ങളാണ്.

തൃശൂര്‍ കണ്ടാണശ്ശേരി സ്വദേശിയായ അഞ്ജലിയും മനാസും കുടുംബ സുഹൃത്തുക്കളായിരുന്നു. അഞ്ജലിയുടെ പിതാവ് പ്രകാശിന്റെ അടുത്ത സുഹൃത്തായിരുന്ന മനാസുമായുള്ള പ്രണയം അദ്ദേഹത്തിന്റെ മരണത്തോടെയാണ് മാതാവ് എതിര്‍ത്തത്. പിന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടങ്കലില്‍ പാര്‍പ്പിച്ചായിരുന്നു പ്രണയത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടുള്ള പീഡനം.
മംഗലാപുരത്തെ തടങ്കലില്‍ നിന്ന് അഞ്ജലി ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്ക് അയച്ച വീഡിയോ സന്ദേശം പുറത്തായതോടെയാണ് പീഡന വിവരം അഞ്ജലിയുടെ ബന്ധുക്കള്‍ പോലും അറിഞ്ഞത്. തുടര്‍ന്ന് പിതാവിന്റെ ബന്ധുക്കള്‍ മംഗലാപുരം കോടതിയെ സമീപിച്ച് അഞ്ജലിയെ മോചിപ്പിക്കുകയായിരുന്നു.

എറണാകുളം അമൃത അശുപത്രിയില്‍ വെച്ച് ഡോക്ടര്‍മാരുടെ സാഹയത്തോടെയാണ് തന്നെ മാനസിക രോഗിയാക്കി തടങ്കലില്‍ പാര്‍പ്പിച്ചതെന്ന അഞ്ജലിയുടെ വെളിപ്പെടുത്തലുകളും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ മാതാവും അമൃത ആശുപത്രി ഡോക്ടറും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത് അന്വേഷണം നടന്ന് വരികയാണ.്
സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും നാട്ടുകാര്‍ക്കുമായി അടുത്തയാഴ്ച വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു.