ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ അമേരിക്കയിലെങ്ങും പ്രതിഷേധം

Posted on: July 1, 2018 12:10 am | Last updated: July 1, 2018 at 9:42 am
SHARE

വാഷിംഗ്ടണ്‍: ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ച് അമേരിക്കയിലെങ്ങും പ്രതിഷേധ പരിപാടികള്‍ അരങ്ങേറുന്നു. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ പതിനായിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. തലതിരിഞ്ഞ കുടിയേറ്റ നിയമത്തിനെതിരെയും മാതാപിതാക്കളില്‍ നിന്ന് കുടിയേറ്റക്കാരായ കുട്ടികളെ വേര്‍തിരിക്കുന്ന നടപടിക്കെതിരെയുമാണ് പ്രതിഷേധം.

വിവിധ സന്നദ്ധ സംഘടനകളും മനുഷ്യാവകാശ സംഘടനകളുമാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍. രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധ സമരമാണ് അരങ്ങേറുന്നതെന്ന് മനുഷ്യാവകാശ സംഘടനകളും സന്നദ്ധ സംഘടനകളും അവകാശപ്പെട്ടു. കഴിഞ്ഞ ഏപ്രിലിലാണ് കുടിയേറ്റക്കാര്‍ക്ക് നേരെ കടുത്ത നടപടികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നത്.

രാജ്യവ്യാപകമായി 700ലധികം സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടിയേറ്റക്കാരായ കുടുംബാംഗങ്ങളുടെ ഭാഗമായ രണ്ടായിരത്തിലധികം കുട്ടികളെ ട്രംപ് ഭരണകൂടം നിര്‍ബന്ധിച്ച് മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിച്ച് തടവില്‍വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മനുഷ്യത്വവിരുദ്ധമായ ഈ നടപടിക്കെതിരെ വിവിധ സംഘടനകള്‍ സമരത്തിന് ആഹ്വാനം നല്‍കിയത്.
ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ അന്താരാഷ്ട്രതലത്തിലും വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here