കേരളം ഇന്നിറങ്ങും; മിസോറാം എതിരാളികള്‍

  • ലക്ഷ്യം ഫൈനല്‍
  • മത്സരം ഉച്ചക്ക് 2.30ന്
Posted on: March 30, 2018 6:08 am | Last updated: March 29, 2018 at 11:13 pm
SHARE

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും. സെമിയില്‍ വടക്കുകിഴക്കന്‍ കരുത്തരായ മിസോറാമാണ് കേരളത്തിന്റെ എതിരാളികള്‍. ഉച്ച കഴിഞ്ഞ് 2.30ന് മോഹന്‍ ബഗാന്‍ സ്‌റ്റേഡിയത്തിലാണ് കളി.

രണ്ടാം സെമിയില്‍ ആതിഥേയരായ പശ്ചിമ ബംഗാള്‍ കര്‍ണാടകയെ നേരിടും. ബുധനാഴ്ച നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കര്‍ണാടകയോട് പരാജയപ്പെട്ടതോടെ മിസോറാം രണ്ടാം സ്ഥാനക്കാരായി. ഇതോടെ എ ഗ്രൂപ്പില്‍ ഒന്നാമതായ കേരളത്തിന് മിസോറാമിനെ എതിരാളികളായി ലഭിക്കുകയായിരുന്നു.

കോച്ച് സതീവന്‍ ബാലന്റെ നേതൃത്വത്തില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുന്ന കേരള താരങ്ങള്‍ മികവ് തുടര്‍ന്നാല്‍ ഫൈനല്‍ പ്രവേശനം കടുകട്ടിയാകില്ലെന്നാണ് വിലയിരുത്തല്‍. കളിച്ച നാല് കളികളും ജയിച്ചാണ് കേരളത്തിന്റെ കുതിപ്പ്.

ചണ്ഡീഗഢിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെതിരെ അത് ആറായി വര്‍ധിപ്പിച്ചു. പിന്നീട് കരുത്തരായ മഹാരാഷ്ട്രയെ മൂന്ന് ഗോളുകള്‍ക്കും ബംഗാളിനെ ഒരു ഗോളിനും കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മരാകാനും കേരളത്തിന് കഴിഞ്ഞു. ആകെ 15 ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ ഒരെണ്ണം മാത്രമാണ് തിരികെ വാങ്ങിയത്.

എംഎസ് ജിതിന്‍, ക്യാപ്റ്റന്‍ രാഹുല്‍ വി രാജ്, കെ പി രാഹുല്‍ തുടങ്ങിയ താരങ്ങള്‍ മികച്ച ഫോമിലാണെന്നതാണ് കേരളത്തിന്റെ പ്രതീക്ഷ. അതേസമയം, ലാല്‍ റൊമാവിയയിലാണ് മിസോറാമിന്റെ പ്രതീക്ഷകള്‍.