ചാനലുകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടികള്‍ ശിശുസൗഹൃദമാക്കണം

Posted on: March 22, 2018 6:08 am | Last updated: March 21, 2018 at 11:39 pm

തിരുവനന്തപുരം: ടി വി ചാനലുകള്‍ കുട്ടികളെ പങ്കെടുപ്പിച്ച് പരിപാടികള്‍ നടത്തുമ്പോള്‍ ശിശു-ബാല സൗഹൃദമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് തൊഴില്‍ വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ടി വി പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും വ്യക്തമായ നിര്‍ദേശം നല്‍കാന്‍ റവന്യൂ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികള്‍ക്ക് മതിയായ ഭക്ഷണം നല്‍കുക, ഷൂട്ടിംഗിന്റെ ഇടവേളകളില്‍ പഠിക്കാന്‍ സൗകര്യം നല്‍കുക, രക്ഷാകര്‍ത്താവ് കൂടെ ഉണ്ടായിരിക്കുക, റിയാലിറ്റി ഷോകളില്‍ നിന്ന് കുട്ടി പുറത്താകുന്ന സാഹചര്യം ഉണ്ടായാല്‍ ആത്മവിശ്വാസം തകര്‍ക്കുന്ന വിലയിരുത്തലുകള്‍ വിധികര്‍ത്താവ് നടത്താതിരിക്കുക, സ്‌കൂള്‍ പഠനം 10 ദിവസത്തില്‍ കൂടുതല്‍ മുടങ്ങാതെ ശ്രദ്ധിക്കുക, വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഷൂട്ടിംഗ് സാഹചര്യം ഒരുക്കുക, അനുയോജ്യമായ മേക്കപ്പ് ഉപയോഗിക്കുക, കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന പ്രവര്‍ത്തനങ്ങളും ലൈംഗികാതിക്രമങ്ങളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങി ബാലാവകാശ കമ്മീഷന്‍ ഉത്തരവായിരുന്നു. ഇക്കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും ഉറപ്പാക്കണമെന്ന കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

മധ്യവേനല്‍ ക്യാമ്പുകള്‍
ഏഴ് ദിവസത്തില്‍ കൂടുതല്‍ പാടില്ല

തിരുവനന്തപുരം: സ്‌കൂളുകളില്‍ മധ്യവേനല്‍ അവധിക്കാലത്ത് പരമാവധി ഏഴ് ദിവസത്തില്‍ പരിമിതപ്പെടുത്തി ക്യാമ്പുകളും വര്‍ക്ക്‌ഷോപ്പുകളും നടത്താന്‍ അനുമതി നല്‍കാമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവായി. മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ പാടില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിലവിലുള്ള ഉത്തരവ് ക്യാമ്പുകള്‍ക്കും വര്‍ക്ക്‌ഷോപ്പുകള്‍ക്കും ബാധകമാക്കുന്നത് ഉചിതമാകില്ലെന്ന നിഗമനത്തിലാണ് ഉത്തരവ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇപ്രകാരം സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്നോ ജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്നോ മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം. അനുവാദം കൊടുക്കുന്ന ഓഫീസര്‍ സ്‌കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാന്‍, ടോയ്‌ലെറ്റ് തുടങ്ങി ഭൗതികസാഹചര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. കുട്ടികള്‍ക്ക് ക്യാമ്പില്‍ വേനല്‍ച്ചൂടിന്റെ ആഘാതം ഉണ്ടാകുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.