വിവരം മറച്ചുവെച്ചത് എന്തിന്? സുഷമ സ്വരാജിന് എതിരെ ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍

Posted on: March 20, 2018 4:11 pm | Last updated: March 20, 2018 at 7:45 pm

ന്യൂഡല്‍ഹി: ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന വിവരം ഇത്രകാലം തങ്ങളോട് മറച്ചുവെച്ചത് എന്തിനെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. കഴിഞ്ഞ നാല് വര്‍ഷമായി അവര്‍ ജീവിച്ചിരിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ അവര്‍ മരിച്ചുപോയി എന്ന് പറയുന്നു. തങ്ങള്‍ ഏത് വിശ്വസിക്കണം? ബന്ധുക്കള്‍ ചോദിച്ചു.

തങ്ങളുടെ ഉറ്റവര്‍ ഇറാഖില്‍ കൊല്ലപ്പെട്ടുവെന്ന് മന്ത്രി പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തിയതല്ലാതെ മറ്റൊരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട മന്‍ിന്ദര്‍ സിംഗിന്റെ സഹോദരി ഗുര്‍പീന്ദര്‍ കൗര്‍ പറഞ്ഞു. 2014 ജൂണ്‍ 15നാണ് ഭര്‍ത്താവുമായി അവസാനം സംസാരിച്ചതെന്നും അതില്‍ പിന്നെ ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ട ദവീന്ദര്‍ സിംഗിന്റെ ഭാര്യ മര്‍ജിത് കൗര്‍ പറഞ്ഞു.

ഇറാഖിലെ മൊസൂളില്‍ 2014ല്‍ ഐഎസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 40 ഇന്ത്യക്കാരില്‍ 39 പേര്‍ കൊല്ലപ്പെട്ടുവെന്ന് സുഷമ സ്വരാജ് രാജ്യസഭയിലാണ് അറിയിച്ചത്. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം ഇന്ത്യക്കാരുടെതാണെന്ന് സ്ഥിരീകരിച്ചതെന്നും സുഷമ വ്യക്തമാക്കിയിരുന്നു.