Connect with us

National

കശ്മീര്‍ ധനമന്ത്രിയെ പുറത്താക്കി

Published

|

Last Updated

ശ്രീനഗര്‍: കശ്മീര്‍ രാഷ്ട്രീയ വിഷയമല്ലെന്ന വിവാദ പരാമര്‍ശം നടത്തിയ ജമ്മു കശ്മീര്‍ ധനമന്ത്രി ഹസീബ് ദ്രാബുവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. ഭരണകക്ഷിയായ പി ഡി പി അദ്ദേഹത്തില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക വിദഗ്ധനായ ദ്രാബു, പി ഡി പി- ബി ജെ പി സഖ്യത്തിന് പൊതു അജന്‍ഡ നിര്‍മിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു.

ഡല്‍ഹിയിലെ പരിപാടിക്കിടെയാണ് ദ്രാബു വിവാദ പരാമര്‍ശം നടത്തിയത്. “ജമ്മു കശ്മീര്‍ സംഘര്‍ഷ സംസ്ഥാനമായോ രാഷ്ട്രീയ വിഷയമായോ കാണുന്നവരോട് പറയട്ടെ, അതൊരു രാഷ്ട്രീയ വിഷയമല്ല. അതിലെ രാഷ്ട്രീയത്തെ സംബന്ധിച്ച് പറഞ്ഞ് കഴിഞ്ഞ 57 വര്‍ഷമായി നാം പിഴവുവരുത്തുകയായിരുന്നു. രാഷ്ട്രീയ സ്ഥിതി ഒരിക്കലും മെച്ചപ്പെട്ടിട്ടില്ല. ഒരു സമൂഹമെന്ന നിലക്ക് കശ്മീരിനെ നോക്കിക്കാണേണ്ടത് ഗൗരവമായി ചര്‍ച്ച ചെയ്യണം.” പി എച്ച് ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യധാരയില്‍ നിന്നും വിഘടനവാദികളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് പരാമര്‍ശത്തെ തുടര്‍ന്നുണ്ടായത്. അധികാരത്തിലിരിക്കാനുള്ള പി ഡി പിയുടെ രാഷ്ട്രീയ തന്ത്രമാണിതെന്ന് വിമര്‍ശമുയര്‍ന്നു. ഹസീബ് ദ്രാബു അതിര് ലംഘിച്ചുവെന്ന അഭിപ്രായം പാര്‍ട്ടി നേതാക്കളുമായി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പങ്കുവെച്ചതായാണ് റിപ്പോര്‍ട്ട്. കശ്മീര്‍ രാഷ്ട്രീയ വിഷയമായാണ് പാര്‍ട്ടി കാണുന്നതെന്ന് പി ഡി പി വൈസ് പ്രസിഡന്റ് സര്‍താജ് മദനി പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തും അനുരഞ്ജനത്തിലൂടെയും ചര്‍ച്ചയിലൂടെയും പരിഹാരം കൊണ്ടുവരികയാണ് പാര്‍ട്ടിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ ബേങ്കിന്റെ 2005- 10 കാലത്തെ സി ഇ ഒ ആയിരുന്നു ദ്രാബു. 2002ല്‍ പി ഡി പി- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറിയപ്പോള്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 2014ല്‍ പി ഡി പിയില്‍ ചേരുകയും സ്വന്തം മണ്ഡലമായ രാജ്‌പോറയില്‍ നിന്ന് വിജയിക്കുകയും ചെയ്തു.

Latest