Connect with us

Gulf

ദുബൈയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു

Published

|

Last Updated

ദുബൈ: എമിറേറ്റില്‍ 2016നെ അപേക്ഷിച്ച് 2017ല്‍ കുറ്റകൃത്യങ്ങള്‍ 15 ശതമാനം കുറഞ്ഞതായി ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി അറിയിച്ചു. 86 ശതമാനം ക്രിമിനല്‍ കേസുകളും കഴിഞ്ഞ വര്‍ഷം തെളിയിച്ചു. ദുബൈയെ സന്തോഷവും സുരക്ഷിതവുമായ നഗരമാക്കി മാറ്റാന്‍ പൊതുസുരക്ഷയും സംരക്ഷണവും വര്‍ധിപ്പിക്കുകയാണ് പോലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി കഴിഞ്ഞ ഏപ്രിലില്‍ ദുബൈ പോലീസ് ഡാറ്റ അനാലിസിസ് സെന്റര്‍ സ്ഥാപിച്ചിരുന്നു. കുറ്റകൃത്യങ്ങളെ കുറിച്ച് വ്യക്തമായി പഠിക്കാനും സസൂക്ഷ്മം അന്വേഷണം നടത്താനും ഉദ്യോഗസ്ഥരെ സഹായിക്കുന്ന 19 സ്മാര്‍ട് പ്രോഗ്രാമുകള്‍ സെന്റര്‍ നടത്തി. ഇത് കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ സഹായിച്ചതായും പോലീസ് മേധാവി പറഞ്ഞു.
കുറ്റകൃത്യ അന്വേഷണങ്ങള്‍ പഠിക്കാനും അക്രമികളെ നേരിടാനുമുള്ള കായികാഭ്യാസത്തിനും നിരവധി ഉദ്യോഗസ്ഥരെ വിദേശ രാജ്യങ്ങളിലേക്ക് പരിശീലനത്തിന് അയച്ചതായി ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടക്കുള്ള സ്ഥിതിയനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ കണക്ക് ഏറ്റവും മികച്ചതായിരുന്നതായും അദ്ദേഹം പറഞ്ഞു.
അക്രമികള്‍ വാളുകളും കത്തികളും ഉപയോഗിച്ച് പോലീസിനെ നേരിടുന്നതിനെ അനായാസമായി കീഴ്‌പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. വിവിധ പരിശീലനങ്ങളിലൂടെയാണ് ഇത് സാധ്യമാക്കിയെടുത്തത്.
കഴിഞ്ഞ വര്‍ഷം ആന്റി നാര്‍കോട്ടിക് ഡിപ്പാര്‍ട്‌മെന്റ് 1,742 മയക്കുമരുന്ന് വേട്ട നടത്തി. 2016ല്‍ 1,607 ആയിരുന്നു. 2017ല്‍ 2,553 പേരെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതായും മേജര്‍ ജനറല്‍ അല്‍ മര്‍റി അറിയിച്ചു. 2016ല്‍ അറസ്റ്റിലായവരുടെ എണ്ണം 2,121 ആയിരുന്നു. 343 കിലോ മയക്കുമരുന്നാണ് കഴിഞ്ഞ വര്‍ഷം പിടിച്ചത്. 2016ല്‍ ഇത് 320 ആയിരുന്നു.

മറ്റുള്ള എമിറേറ്റുകളില്‍ നിന്ന് 3,099 കേസുകളുള്‍പെടെ ദുബൈ പോലീസ് ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റ് കഴിഞ്ഞ വര്‍ഷം 35,408 കേസുകള്‍ കൈകാര്യം ചെയ്തു.
അധികൃതരുടെ നിരന്തരമായ ബോധവത്കരണ കാമ്പയിനിലൂടെ റോഡപകട മരണ നിരക്ക് 2017ല്‍ 25.7 ശതമാനമായി കുറക്കാനും സാധിച്ചു. അമിത വേഗത, നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കല്‍, വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കാതിരിക്കുക, പെട്ടെന്ന് വാഹനം തിരിക്കല്‍ തുടങ്ങിയവക്കെതിരെ ഏഴ് വ്യത്യസ്ത അവബോധ കാമ്പയിനുകളാണ് ദുബൈ പോലീസ് നടത്തിയത്. 2017ല്‍ ദുബൈയില്‍ റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 147 ആണ്. 2016ല്‍ 198 പേരുടെ ജീവനാണ് പൊലിഞ്ഞത്.

 

---- facebook comment plugin here -----

Latest