സേന സ്ഥാപിതമായത് 1957ല്‍; അറുപതിന്റെ നിറവില്‍ അബുദാബി പോലീസ്

Posted on: November 23, 2017 9:39 pm | Last updated: November 23, 2017 at 9:39 pm
SHARE
അബുദാബി പൊലീസിന്റെ 60-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ ഉപ പ്രധാനമന്ത്രിയും
പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍,
ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍,
മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി എന്നിവര്‍

അബുദാബി: ലോകത്തിലെ മുന്‍ നിര പോലീസ് സേനയില്‍പെട്ട അബുദാബി പോലീസ് 60-ാം വാര്‍ഷികം ആഘോഷിക്കുന്നു. 1957 ലാണ് അബുദാബിയില്‍ ആദ്യമായി പോലീസ് സേന സ്ഥാപിതമായത്. സമൂഹത്തിന്റെ സുരക്ഷയും സുരക്ഷിതത്വവും കാത്ത് സൂക്ഷിക്കുന്നതില്‍ മുന്‍പന്തിയിലാണ് അബുദാബി പോലീസ്. അബുദാബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷകര്‍തൃത്വത്തില്‍ അബുദാബി പോലീസ് കോളജില്‍ നടന്ന ചടങ്ങില്‍ യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ മുഖ്യാതിഥിയായിരുന്നു.

ഉപ പ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉള്‍പെടെ നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. ഞങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച പോലീസുസേനയില്‍ ഒന്നായിരിക്കുകയാണ്, എല്ലാ ക്രെഡിറ്റും രാജ്യത്തിന്റെ മഹനീയ നേതൃത്വത്തിന് നല്‍കുന്നു, ദീര്‍ഘ വീക്ഷണമുള്ള കാഴ്ചപ്പാടാണ് മികച്ച മികവ് നേടിയെടുക്കാന്‍ കാരണം അബുദാബി പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി പറഞ്ഞു.1957 ല്‍ സ്ഥാപിതമായ പോലീസ് സേന രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നു. എല്ലാ മേഖലകളിലും പൂര്‍ണ സുരക്ഷയാണ് പോലീസ് ഉറപ്പ് വരുത്തുന്നത് ലോക പോലീസ് സേനക്ക് അബുദാബി പോലീസ് മാതൃകയും വഴികാട്ടിയും ആയിട്ടുണ്ട് ഞങ്ങള്‍ കൂടുതല്‍ മികവ് കാട്ടാന്‍ ശ്രമിക്കുന്നു കമാന്‍ഡര്‍ ഇന്‍ ചീഫ് പറഞ്ഞു. ആഗോള തലത്തില്‍ മികവുറ്റ മത്സരസ്വഭാവമുള്ള റാങ്കിങ്ങോടെ അബുദാബി പോലീസ് സേനയെ മികച്ച നിലയില്‍ വളര്‍ത്താനായതായി കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഖല്‍ഫാന്‍ അല്‍ റുമൈത്തി 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. ശക്തമായ പദവികള്‍ നേടിയെടുക്കാന്‍ പ്രോല്‍സാഹനം നല്‍കുന്ന ഭരണ നേതൃത്വത്തിന് പിന്തുണയും അഭിനന്ദനവും അറിയിക്കുന്നു. ലോകരാജ്യങ്ങളിലെ പോലീസ് ഏജന്‍സികള്‍ക്കും മുന്‍നിരയിലുള്ള പോലീസ് സേനകള്‍ക്കുമൊപ്പം വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നു. അബുദാബി പോലീസിലെ എല്ലാ ജീവനക്കാരുടെയും ശക്തമായ പ്രചോദനത്തോടെയാണ് ഈ നേട്ടങ്ങള്‍ കൈവരിക്കുന്നത്. പോലീസ് സേനയുടെ ഉത്തരവാദിത്വവും കൃത്യ നിര്‍വഹണവും മാതൃകാപരമായി കാത്തുസൂക്ഷിക്കുന്നതോടൊപ്പം രാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തിക്കുന്നു. സമൂഹത്തിന്റെ സന്തുഷ്ടിക്കും പുരോഗതിക്കും വിവിധ പരിഷ്‌കാരങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അബുദാബി പോലീസ് തുടരും. ചുരുങ്ങിയ സമയത്തിനകം മഹത്തായ നവോത്ഥാനവും പുരോഗതിയുമുണ്ടാക്കിയ രാജ്യത്തിന്റെ ഭാവി ദര്‍ശനങ്ങളിലും ആഗ്രഹങ്ങളിലും അബുദാബി പോലീസിന്റെ പ്രവര്‍ത്തനവും സേവനവും പ്രധാനമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുരോഗതിയുടെയും വികസനത്തിന്റെയും ഫലമായി അബുദാബിക്കു വെളിയിലും സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന് അബുദാബി പോലീസ് പങ്കാളിത്തവും നേതൃത്വവും വഹിക്കാറുണ്ട്.

ഉന്നത നേതൃത്വത്തിന്റെ പിന്തുണയോടെ, തദ്ദേശവാസികളുടെയും പ്രവാസികളുടെയും സുരക്ഷിതത്വത്തില്‍ പോലീസ് ഒരു പ്രധാന പങ്കുവഹിച്ചു,കൂടാതെ സമാധാനത്തോടെ ജീവിക്കാന്‍ അവരെ സഹായിച്ചു അദ്ദേഹം പറഞ്ഞു. അബുദാബിയുടെ ഭരണാധികാരിയായിരുന്ന ശൈഖ് ഷെക്ബൂത്ത് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ആണ് അബുദാബിയില്‍ പോലീസ് സ്ഥാപിച്ചത്. ഇന്നത്തെ എല്ലാ നേട്ടങ്ങളിലും മികവ് പുലര്‍ത്തുന്നതോടൊപ്പം ഭാവിയില്‍ ദീര്‍ഘദര്‍ശനത്തോടെയുള്ള കാഴ്ചപ്പാടുകളിലൂടെ പോലീസ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കും. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസിന്റെ പങ്ക് വര്‍ധിപ്പിക്കുന്നതിന് പുതിയ ഉപകരണങ്ങളും വാഹനങ്ങളും പോലീസ് സേന സ്വീകരിച്ചു. സമൂഹത്തിലെ അംഗങ്ങള്‍ അവരുടെ ഭൂതകാലത്തെയും ഇന്നത്തെയും ഭാവിയിലെയും നേട്ടങ്ങളെ സംരക്ഷിക്കുന്നതിനായി സുരക്ഷാ മേഖലയില്‍ പോലീസിന്റെ പങ്കാളിത്തവും പ്രവര്‍ത്തനവും ആഗ്രഹിക്കുന്നു. ഭാവി തലമുറയുടെ വികസനത്തിലും സുരക്ഷിതത്വത്തിലും പോലീസ് സേനയുടെ ജാഗ്രത വളരെയധികം ഉണ്ടാകേണ്ടിയിരിക്കുന്നു. ജനങ്ങളുടെ നേട്ടങ്ങളും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവും. സാമൂഹിക സുരക്ഷ മികച്ചതാക്കാന്‍ അബുദാബി പോലീസ് ഒട്ടേറെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. പോലീസ് സേനയെ മെച്ചപ്പെടുത്തുന്നതിനുള്ള പുരോഗമന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ തന്ത്രപരമായ ആസൂത്രണങ്ങള്‍ക്കും സാങ്കേതിക സൗകര്യങ്ങള്‍ക്കും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്കും ഭരണ നേതൃത്വത്തിന്റെ സഹായവും പിന്തുണയും ലഭിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം എന്ന നിലയില്‍ അബുദാബിക്ക് ആഗോള തലത്തില്‍ സ്ഥാനം ഉണ്ടായത് സുരക്ഷാ സൂചികയില്‍ അബുദാബി എമിറേറ്റിന്റെ മുന്‍നിര സ്ഥാനത്തെ സംഭാവനയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനത്തിന്റെ പരിണിത ഫലമാണ് ആഗോള തലത്തില്‍തന്നെ ഉയര്‍ന്ന പദവിയിലേക്ക് അബുദാബി എമിറേറ്റിന് ഉയരാനായത്. പോലീസിന്റെയും സുരക്ഷയുടെയും പുരോഗമനമാണ് ഇതിനുള്ള അടിസ്ഥാനം. അറുപതു വര്‍ഷത്തിനിടയില്‍, നിരവധി തന്ത്രപരമായ പരിവര്‍ത്തനങ്ങള്‍ക്ക് അബുദാബി പോലീസ് സാക്ഷ്യം വഹിച്ചു.ആറ് ദശാബ്ദങ്ങളുടെ ഇടയില്‍ കഴിഞ്ഞ കാലഘട്ടം പോലീസ് പ്രധാനപ്പെട്ട നാഴികക്കല്ലുകളായി ഓര്‍മിക്കുന്നു.കഴിഞ്ഞ ആറു പതിറ്റാണ്ടുകള്‍ക്കിടയില്‍ അബുദാബി പോലീസ് മുഖച്ഛായയില്‍ ഒട്ടനവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 1957 മുതല്‍ 1966 വരെ അബുദാബി പോലീസ് ജനറല്‍ സെക്യൂരിറ്റി വിഭാഗം എന്നും, 1967 മുതല്‍ 1971 വരെ റീജ്യണല്‍ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ എന്നും, 1971 മുതല്‍ 1974 വരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോലീസ് എന്നും, 1975 മുതല്‍ 1981 വരെ ജനറല്‍ ഡിപ്പാര്‍ട്ട് മെന്റ് ഓഫ് അബുദാബി പോലീസ് എന്നും, 1981 മുതല്‍ 2004 വരെയും നിലവിലും ജനറല്‍ ഡയറക്ടറേറ്റ് അബുദാബി പോലീസ് എന്നുമാണ് അറിയപ്പെടുന്നത്. പുതിയ മാറ്റത്തിന്റെ ഭാഗമായി അബുദാബി പോലീസ് നിരവധി മാറ്റങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്മാര്‍ട് പട്രോളിങ്, റോബോട്ടിക് പോലീസ്, വാഹന നിറങ്ങള്‍, യൂണിഫോമുകള്‍ എന്നിവയിലും പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ അബുദാബി പോലീസ് സുരക്ഷിതത്വ ലക്ഷ്യം കൈവരിക്കുന്നതില്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ട്.

ഭാവിയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും പോതുജന സഹകരണം ഉണ്ടാവണം. സാമൂഹിക സംതൃപ്തി ഉള്‍പ്പെടെയുള്ള ഫലപ്രദമായ നേട്ടങ്ങള്‍ക്കൊപ്പം ഭാവിയില്‍ ഗതാഗത തടസം ഒഴിവാക്കുന്നതിനും സാമൂഹിക പിന്തുണ വര്‍ധിപ്പിക്കുന്നതിനും അബുദാബി പോലീസ് കമ്മ്യൂണിറ്റി പോലീസിങ് സേവനം പ്രയോജനപ്പെടുത്തും. സാമൂഹിക പിന്തുണാ കേന്ദ്രങ്ങള്‍,ഇ-സേവനങ്ങള്‍ എന്നിവ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സമൂഹത്തിനും പോലീസ് സേവന സംതൃപ്തി ഉറപ്പാക്കും വിധം നടപ്പാക്കും. ഖല്‍ഫാന്‍ അല്‍ റുമൈത്തി പ്രസ്താവനയില്‍ അറിയിച്ചു.