കരിപ്പൂരില്‍ ഒരു കോടിയുടെ മയക്കു മരുന്ന് വേട്ട

Posted on: November 19, 2017 11:04 pm | Last updated: November 20, 2017 at 12:07 am

കൊണ്ടോട്ടി: ഇന്ത്യന്‍ വിപണിയില്‍ ഒരു കോടി രൂപ വിലവരുന്ന മയക്കുമരുന്നും 200 ദിര്‍ഹമിന്റെ10 വ്യാജ കറന്‍സിയുമായി യുവാവ് പിടിയില്‍. നെടിയിരുപ്പ് പൂളക്കല്‍ വീട്ടില്‍ മുജീബുര്‍റഹ്മാനാ(37)ണ് പിടിയിലായത്. മുംബൈയില്‍ നിന്ന് എത്തിയ ഇയാളെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് പിടികൂടിയത്.

മുജീബുര്‍റഹ്മാന്‍ അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിലെ കണ്ണിയാണെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് മാസമായി സൈബര്‍ സെല്ലിന്റ സഹായത്തോടെ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന്‌ വിമാനമിറങ്ങിയതും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എംഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മെത്താലിന്‍ ടോക്‌സി ആംഫിറ്റാമിന്‍ എന്ന മയക്കുമരുന്നിന്റെ 16 ഗ്രം തൂക്കം വരുന്ന 24 പാക്കറ്റുകളും 200ന്റെ 10 വ്യാജ ദിര്‍ഹമും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഒരു കോടിയിലധികം വിലവരുന്നതാണ് പിടിക്കപ്പെട്ട മയക്കു മരുന്ന്. ഗ്രാമിന് മാത്രം പത്ത് ലക്ഷം വിലയുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഈ പേരിലുള്ള മയക്കു മരുന്ന് പിടികൂടുന്നത്. കെനിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക തുടങ്ങിയ നാടുകളിലാണ് ഇത് ഉണ്ടാക്കുന്നത്.
ചെറിയ ക്രിസ്റ്റല്‍ പോലെയുള്ള ഈ മയക്കുമരുന്ന് ഗ്ലൂക്കോസ് പൊടി പോലെയാക്കി കടലാസ് ചുരുളിലോ മറ്റോ വെച്ച് മൂക്കിലേക്ക് വലിക്കുയാണ് ചെയ്യുന്നത്. അഞ്ച് മിനിറ്റ് കൊണ്ട് ലഹരി ശരീരത്തില്‍ പടരും. ആറ് മണിക്കൂര്‍ നേരത്തേക്ക് ലഹരി വിട്ടു പോകില്ല.

മുംബൈ അന്ധേരിയില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികളിലും ഗോവ ബീച്ചിലും പുറമെ കോഴിക്കോട്, എറണാകുളം, കാസര്‍കോട്, മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളിലെല്ലാം ഈ മയക്കു മരുന്ന് വിതരണം ചെയ്യാറുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഗ്രാമിന് ലക്ഷങ്ങള്‍ വില വരുന്നതിനാല്‍ മൊബൈല്‍ രൂപത്തിലുള്ള മൈക്രോ വെയിം മെഷിനില്‍ വെച്ച് തൂക്കിയാണ് വില്‍പ്പന.
നേരത്തെ വാഹനക്കച്ചവടം നടത്തിയിരുന്ന ഇയാള്‍ മുംബൈയില്‍ നിന്ന് ആഡംബര കാര്‍ ഇറക്കുമതി ചെയ്തു വരികയയിരുന്നു. ഇതിനിടയില്‍ മയക്കുമരുന്ന് മാഫിയയുമായി പരിചയപ്പെട്ട ഇയാള്‍ കാര്‍ വില്‍പന നിര്‍ത്തി ലക്ഷങ്ങള്‍ ലാഭം കിട്ടുന്ന മയക്കുമരുന്ന് വില്‍പനയിലേക്ക് തിരിയുകയായിരുന്നു. രണ്ടര വര്‍ഷമായി മയക്കുമരുന്നു വില്‍പനയാണ്. ഇതിനിടയില്‍ വ്യാജ യു എ ഇ ദിര്‍ഹം വില്‍പനയും നടത്തി വരുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ വിദേശ യാത്രക്കാര്‍ക്ക് ഇന്ത്യന്‍ കറന്‍സിക്ക് പകരം വ്യാജ ദിര്‍ഹം നല്‍കി വഞ്ചന നടത്താറുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. മാന്യമായ വേഷത്തില്‍ യാത്ര ചെയ്യുന്നതിനാല്‍ ഇയാളെ ആരും സംശയിക്കാറില്ല.

ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശ പ്രകാരം സി ഐ. എം മുഹമ്മദ് ഹനീഫ, പ്രത്യേക അന്വേഷണ സംഘത്തിലെ അബ്ദുല്‍ അസീസ്, സത്യനാഥന്‍, ശശി കുണ്ടറക്കാട് എന്നിവര്‍ക്കൊപ്പം എ എസ് ഐ സുലൈമാന്‍, സൈത് മുഹമ്മദ്, സഞ്ജീവന്‍, മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാജ നോട്ട് കേസില്‍ മലപ്പുറം കോടതിയിലും മയക്കുമരുന്ന് കേസില്‍ വടകര നാര്‍ക്കോട്ടിക് കോടതിയിലും ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.