ബി.ജെ.പി ഉയര്‍ത്തുന്ന ഏത് വെല്ലുവിളിയും നേരിടാന്‍ കേരളം സജ്ജമാണ്: പിണറായി വിജയന്‍

Posted on: October 7, 2017 8:46 pm | Last updated: October 8, 2017 at 1:43 pm

ആലപ്പുഴ: ബി.ജെ.പി ഉയര്‍ത്തുന്ന ഏത് വെല്ലുവിളി നേരിടാനും കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നുണപ്രചാരണങ്ങളിലൂടെ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പി ഈ നാട്ടില്‍ ഇല്ലാത്ത പടയെ ഇറക്കുമതി ചെയ്തു.

അവരെ നയിക്കാന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നേരിട്ട് വന്നു.എന്നാല്‍ കേരളത്തിന്റെ ഉള്‍ക്കാമ്പ് അദ്ദേഹത്തിന് അറിയില്ല. ആ ഉള്‍ക്കാമ്പ് മുട്ടി നോക്കിയപ്പോഴാണ് ഇത് അത്ര പെട്ടെന്ന് പൊളിക്കാന്‍ പറ്റുന്നതല്ല എന്ന് അദ്ദേഹത്തിന് മനസിലായത്. അതോടെ ഈ നാടിനെ കീഴ്‌പ്പെടുത്തുമെന്ന് വെല്ലുവിളിച്ച് പടയോട്ടം നടത്താന്‍ മുന്നില്‍ നിന്ന പടനായകന്‍ ഒറ്റ രാത്രി കൊണ്ട് നാടുവിട്ടു. അതാണ് കേരളം, മുഖ്യമന്ത്രി വ്യക്തമാക്കി.