ലഘുലേഖ വിതരണം: സലഫീ പ്രചാരകര്‍ക്ക് ജാമ്യം

Posted on: August 25, 2017 3:47 pm | Last updated: August 25, 2017 at 4:03 pm

കൊച്ചി: മതവിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ച് പോലീസിലേല്‍പ്പിച്ച 39 സലഫീ പ്രചാരകരായ ഗ്ലോബല്‍ വിസ്ഡം മിഷന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. അതേസമയംത ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയ മതവിദ്വേഷം പ്രചരിപ്പിക്കല്‍ എന്ന ഐ പിസി 153എ വകുപ്പ് നിലനില്‍ക്കില്ലെന്നു പറഞ്ഞ കോടതി അവര്‍ ചെയ്തത് ഭരണ ഘടന അനുശാസിക്കുന്ന വിധത്തിലുള്ള മത പ്രചരണമാണെന്ന് വ്യക്തമാക്കി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പറവൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ജില്ലാ കോടതിയെ സമീപിച്ചത്.

വൃദ്ധരുള്‍പ്പെടെ മുപ്പതോളം പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്യുകയായിരുന്ന മുജാഹിദ് പ്രവര്‍ത്തകരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. മതസ്പര്‍ദ്ധ പ്രചരിപ്പിക്കുന്നതും, മതതീവ്രവാദം വളര്‍ത്തുന്നതുമാണ് ലഘുലേഖയെന്നാണ് ആരോപണം. എറണാകുളം ജില്ലയിലെ പറവൂരിലെ വടക്കേക്കരയുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ലഘുലേഖ വിതരണം ചെയ്തതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മര്‍ദിച്ചെന്ന പരാതിയില്‍ സംഘപരിവാറുകാര്‍ക്കെതിരെയും കേസെടുത്തിരുന്നു.