യൂറോപ്പിന്റെ താരമാകാന്‍ ക്രിസ്റ്റ്യാനോ-മെസി-ബുഫണ്‍

Posted on: August 17, 2017 9:31 am | Last updated: August 17, 2017 at 12:25 pm
SHARE

പാരിസ്: 2016-17 സീസണിലെ മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ക്കുള്ള യുവേഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് മൂന്ന് പേര്‍ രംഗത്ത്. യുവെന്റസ് ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ ജിയാന്‍ലൂജി ബഫണ്‍, ബാഴ്‌സലോണ താരം ലയണല്‍ മെസി, റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
ചാമ്പ്യന്‍സ് ലീഗിലും യൂറോപ ലീഗയിലും കഴിഞ്ഞ സീസണില്‍ കളിച്ച ടീമുകളുടെ പരിശീലകരും കായിക മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന വോട്ടിംഗ് പാനലാണ് അന്തിമ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. എണ്‍പത് പരിശീലകരും 55 മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതാണ് വോട്ടിംഗ് പാനല്‍.

2011 ലാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മെസിയും ക്രിസ്റ്റ്യാനോയുമാണ് പുരസ്‌കാരത്തില്‍ നിറഞ്ഞു നിന്നത്. ആദ്യ വര്‍ഷം മെസിക്കായിരുന്നു പുരസ്‌കാരം. 2015 ലും മെസി യൂറോപ്പിന്റെ താരമായി. 2014 ലും 2016 ലും ക്രിസ്റ്റ്യാനോ പുരസ്‌കാരം കരസ്ഥമാക്കി.
യുവെന്റസിനെ കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുന്നതില്‍ ഗോള്‍ വലക്ക് മുന്നില്‍ ബുഫണ്‍ കാഴ്ചവെച്ച പ്രകടനം ശ്രദ്ധേയമായിരുന്നു. യൂറോപ്പിന്റെ താരമാകാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കാണ് ഏറ്റവും സാധ്യത കല്പിക്കപ്പെടുന്നത്. സ്പാനിഷ് ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് കിരീടങ്ങളാണ് ക്രിസ്റ്റ്യാനോയുടെ എക്കൗണ്ടിലുള്ളത്.
അവസാന പത്ത് പേരില്‍ റയലിന്റെ ലൂക മോഡ്രിച് പോളോ ഡിബല, റയലിന്റെ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ്, മൊണാക്കോയുടെ സൂപ്പര്‍ താരം കീലിയന്‍ എംബാപ്പെ, ബയേണ്‍ മ്യൂണിക് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്ലാറ്റന്‍ ഇബ്രാഹിമോച് എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടത്.

ബാഴ്‌സലോണയുടെ നെയ്മറും സുവാരസും ഇതിന് പുറത്തായി. ഈ മാസം 24ന് യുവേഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പ്രഖ്യാപിക്കും. ഫ്രാന്‍സിലെ മൊണാക്കോയില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപനവും യുവേഫ ചാമ്പ്യന്‍സ് ലീഗ് 2017-18 സീസണിന്റെ ഗ്രൂപ്പ് റൗണ്ട് നിര്‍ണയവും നടക്കും.