അഴിമതിയെ നേരിടുന്നത്

Posted on: August 9, 2017 6:18 am | Last updated: August 9, 2017 at 12:19 am

മാസങ്ങള്‍ക്ക് മുമ്പാണ് മെഡിക്കല്‍ കോളജിന് അംഗീകാരം നേടിക്കൊടുക്കാനായി ബി ജെ പി നേതാക്കള്‍ കോഴ വാങ്ങിയ വിവരം പുറത്തുവന്നത്. ടെക്‌നോ പാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവിനായി 88 ലക്ഷം വാങ്ങിയത്, തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത പദവിയിലേക്കുള്ള സ്ഥലം മാറ്റത്തിന് പണം വാങ്ങിയത്, കേന്ദ്ര സ്ഥാപനങ്ങളിലെ നിയമനങ്ങളും സ്ഥലം മാറ്റങ്ങളുമായി ബന്ധപ്പെട്ടും ജന്‍ ഔഷധി അനുമതിക്കുമായുള്ള പിരിവുകള്‍ തുടങ്ങി അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പര തന്നെ ബി ജെ പി വിഭാഗീയതയുടെ ഭാഗമായി പിന്നാലെ ഉയര്‍ന്നുവന്നു.

മാധ്യമങ്ങളും ചാനലുകളും രാഷ്ട്രീയ പ്രതിയോഗികളും വിഷയം ഏറ്റെടുത്തതോടെ ബി ജെ പി കേരള ഘടകം മാത്രമല്ല, ദേശീയ നേതൃത്വം തന്നെ അങ്കലാപ്പിലായി. അതിനിടെയാണ് തിരുവനന്തപുരത്ത് സംഘര്‍ഷം ഉടലെടുക്കുന്നതും ഗുണ്ടകളുടെ ആക്രമണത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നതും. ബി ജെ പിയും ആര്‍എസ് എസും പ്രശ്‌നം ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. അതോടെ രാഷ്ട്രീയ കേന്ദ്രങ്ങളും മാധ്യമങ്ങളും ബി ജെ പിയിലെ കോഴ വിവാദം കൈവിട്ടു രാഷ്ട്രീയ സംഘര്‍ഷത്തിലേക്കും ക്രമസമാധാനത്തിലേക്കും കടന്നു. കേന്ദ്ര മന്ത്രിയും മനുഷ്യാവകാശ കമ്മീഷനും കേരളത്തിലേക്ക് പാഞ്ഞുവന്നു. എത്ര സമര്‍ഥമായാണ് ബി ജെ പി, ആര്‍ എസ് നേതൃത്വങ്ങള്‍ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന കോഴവിവാദത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിട്ടത്. അഴിമതിയാരോപണങ്ങള്‍ ഉയരുമ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നതും ശ്രദ്ധ അത്തരം വിഷയങ്ങളിലേക്ക് വഴിമാറുന്നതും ഇതാദ്യമല്ല. അതിര്‍ത്തിയിലെ സംഘര്‍ഷം, സ്‌ഫോടനങ്ങള്‍ തുടങ്ങിയവ വരെ അഴിമതിയാരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമായി പ്രയോഗിക്കാറുണ്ട്.
പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത് അവിടുത്തെ സര്‍ക്കാര്‍ എന്തെങ്കിലും പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴാണെന്ന് പലരും നിരീക്ഷിക്കാറുണ്ട്. എന്നാല്‍, ഇന്ത്യയില്‍ പലപ്പോഴായി അരങ്ങേറിയ തീവ്രവാദ ആക്രമണങ്ങള്‍ക്കുമില്ലേ അത്തരമൊരു രാഷ്ട്രീയ പശ്ചാത്തലം? സര്‍ക്കാര്‍ ഗുരുതരമായ അഴിമതിയാരോപണങ്ങളില്‍ അകപ്പെട്ടു ഊര്‍ദ്ധശ്വാസം വലിക്കുമ്പോഴോ രാഷ്ട്രീയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴോ ആണ് അത്തരം അനിഷ്ട സംഭവങ്ങള്‍ നടക്കാറുള്ളതെന്നത് കേവലം യാദൃശ്ചികമാണോ? പാര്‍ലിമെന്റ് ആക്രമണം തുടങ്ങിയ രാജ്യത്തെ നടുക്കിയ പല സ്‌ഫോടനങ്ങള്‍ക്കും കാണാം ഇത്തരമൊരു പരിസരം.

അഴിമതിക്കെതിരായ അന്വേഷണങ്ങളും ഒരു രാഷ്ട്രീയ കവചമായി മാറിക്കഴിഞ്ഞു. സമൂഹത്തില്‍ നിന്ന് അഴിമതി തുടച്ചുനീക്കാനുള്ള ലക്ഷ്യത്തോടെയല്ല, രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനുള്ള ആയുധമെന്ന നിലയിലാണ് ഇന്ന് അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പ്രഖ്യാപിക്കുന്നതും റെയ്ഡുകള്‍ അരങ്ങേറുന്നതും. ഭരണകക്ഷികളെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളുമായി പ്രതിപക്ഷം രംഗത്ത് വരുമ്പോഴാണ് പ്രതിപക്ഷത്തിന്റെ ഭരണകാലത്ത് നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരുന്ന അന്വേഷണം പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പ് വേളകളില്‍ എതിരാളികളെ പ്രതിരോധത്തിലാക്കാനും അഴിമതിയാരോപണങ്ങള്‍ പൊടിതട്ടിയെടുക്കാറുണ്ട്. ഇതിന്റെ മികച്ച ഉദാഹരണമാണ് ബി ജെ പി നേതാക്കളായ കേന്ദ്ര രാസവളം മന്ത്രി ആനന്ദ് കുമാറും കര്‍ണാടക മുന്‍മുഖ്യമന്ത്രി യദിയൂരപ്പയും തമ്മില്‍ നടന്ന ചര്‍ച്ച. കര്‍ണാടകയില്‍ അടുത്ത തിരഞ്ഞടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതിന് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ തുടരെത്തുടരെ അഴിമതിയാരോപണം ഉന്നയിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ഇതു സംബന്ധിച്ച ഓഡിയോ ക്ലിപ്പ് അടുത്തിടെ പുറത്തുവന്നിട്ടുണ്ട്.

ഒരാള്‍ക്കെതിരെ തെളിവിന്റെ പിന്‍ബലത്തോടെ അഴിമതി ആരോപണങ്ങള്‍ പുറത്തുവന്നാല്‍ അത്തരക്കാരെ പുറത്താക്കി സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ കാക്കുന്നതിന് പകരം ആരോപണ വിധേയരെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ ആലോചിക്കുന്നത്. അതിനെ രാഷ്ട്രീയമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നതില്‍ പ്രതിപക്ഷ ചര്‍ച്ചകളും പരിമിതപ്പെടുന്നു. കോടികള്‍ മറിയുന്ന അഴിമതിക്കഥകള്‍ രാഷ്ട്രീയക്കാര്‍ക്ക് ഏതാനും നാളത്തേക്ക് പരസ്പരം ചെളിവാരിയെറിയാനും മാധ്യമങ്ങള്‍ക്ക് പ്രേക്ഷകരെയും വായനക്കാരെയും ആകര്‍ഷിക്കാനുമുള്ള വിഷയം മാത്രം. പാവപ്പെട്ടവന്റെ വിയര്‍പ്പില്‍ നിന്ന് നികുതിയിനത്തിലായി പിരിച്ചെടുത്ത പണം ഒരു പറ്റം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അവിഹിത മാര്‍ഗേണ കൈക്കലാക്കുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെങ്കിലും വിഷയം അതര്‍ഹിക്കുന്ന ഗൗരവത്തോടെ ആരും ചര്‍ച്ച ചെയ്യുന്നില്ല. അല്ലെങ്കിലും വീരമൃത്യു വരിച്ച ജവാന്മാരെ അടക്കാനുള്ള ശവപ്പെട്ടി ഇടപാട് അഴിമതിക്കുള്ള അവസരമായി കണ്ട നേതാക്കള്‍ വാഴുന്ന നാടാണല്ലോ നമ്മുടേത്.