ലോകേഷ് രാഹുല്‍ ഓപണ്‍ ചെയ്യും; മുകുന്ദ് പുറത്ത്‌

Posted on: August 3, 2017 12:06 am | Last updated: August 3, 2017 at 12:06 am

കൊളംബോ: ശ്രീലങ്കക്കെതിരെ ആദ്യ ടെസ്റ്റില്‍ പനി കാരണം പുറത്തായിരുന്ന ലോകേഷ് രാഹുല്‍ ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കാനിറങ്ങും. രാഹുല്‍ വരുമ്പോള്‍ ടീമില്‍ സ്ഥാനം നഷ്ടമാവുക അഭിനവ് മുകുന്ദിന്. ആദ്യ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ മുകുന്ദ് 81 റണ്‍സെടുത്ത് കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ച വെച്ചിരുന്നു.
ക്യാപ്റ്റന്‍ വിരാട് കോഹ് ലിയാണ് രാഹുല്‍ കളിക്കുന്ന കാര്യം സ്ഥിരീകരിച്ചത്. രാഹുല്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കിയ ഓപണറാണ്. പനി ബാധിതനായി കുറച്ച് കാലം വിട്ടു നിന്ന രാഹുലിന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്രയും പെട്ടെന്ന് തന്നെ തിരിച്ചുവരവ് ഒരുക്കേണ്ടത് ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ കടമയാണെന്ന് വിരാട് പറഞ്ഞു. ആസ്‌ത്രേലിയക്കെതിരെ ആയിരുന്നു ഇതിന് മുമ്പ് രാഹുല്‍ കളിച്ചത്.

നാല് ടെസ്റ്റുകളില്‍ നിന്ന് ആറ് അര്‍ധസെഞ്ച്വറികളുടെ പിന്‍ബലത്തോടെ ലോകേഷ് രാഹുല്‍ അടിച്ച് കൂട്ടിയത് 393 ആയിരുന്നു. ശ്രീലങ്കക്കെതിരായ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരെ 59 റണ്‍സും രാഹുല്‍ സ്‌കോര്‍ ചെയ്തു. ഓപണറുടെ റോളില്‍ രാഹുല്‍ മികച്ച ഫോമിലാണെന്ന് വിരാട് ഉറച്ച് വിശ്വസിക്കുന്നു.